പ്രമുഖ ഫുഡ് ഔട്ലെറ്റ് ആയ ഹംബർഗിനി പാപ്പരത്തം പ്രഖ്യാപിച്ചു; മുഴുവൻ ഔട്ലെറ്റുകളും അടച്ചു പൂട്ടി

0
22

റിയാദ്: പ്രമുഖ ഫുഡ് ഔട്ലെറ്റ് ആയ ഹംബർഗിനി ഔട്ലെറ്റുകൾ അടച്ചു പൂട്ടി. പാപ്പരത്ത ഹരജി ഫയൽ ചെയ്തതിനെ തിടർന്നാണ് കമ്പനി തങ്ങളുടെ ഔട്ട്‌ലെറ്റുകൾ അടച്ചു പൂട്ടിയത്. സഊദിയിൽ മാത്രം അടച്ചുപൂട്ടിയ ഹാംബർഗിനി ശാഖകളുടെ എണ്ണം 57 ആയി. ഇത്രയധികം ഷോപ്പുകൾ അടച്ചു പൂട്ടുന്നത് നൂറു കണക്കിന് പ്രവാസി തൊഴിലാളികളെ ബാധിക്കും. നിലവിലെ സാഹചര്യത്തിൽ തൊഴിൽ നഷ്ടം ഉണ്ടാകുന്നവർക്ക് നഷ്ടപരിഹാരം വരെ കിട്ടുമോയെന്ന കാര്യത്തിൽ സംശയമാണ്.

ഹാംബർഗിനി ബ്രാൻഡിന്റെ ഉടമയായ ഫുഡ് ബേസിക്സ് ട്രേഡിംഗ് കമ്പനിയുടെ ലിക്വിഡേഷൻ നടപടികൾ ആരംഭിക്കാൻ കോടതി വിധി പുറപ്പെടുവിച്ചതിന് പിന്നാലെയാണ് രാജ്യത്തെ ശാഖകൾ അടച്ചു പൂട്ടിയത്. റിയാദ് കൊമേഴ്‌സ്യൽ കോടതിയാണ് ജപ്തി നടപടികൾ കൈകൊണ്ടത്. കമ്പനി ലിക്വിഡേഷൻ നടപടികൾക്കായി ഒരു വിധി പുറപ്പെടുവിച്ചതായി പാപ്പരത്ത ട്രസ്റ്റി മുബാറക് അൽ അൻസി പ്രഖ്യാപിച്ചു. പ്രഖ്യാപനം വന്ന തീയതി മുതൽ 90 ദിവസത്തിനുള്ളിൽ കടക്കാർ അവരുടെ ക്ലെയിമുകൾ സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ വർഷം ഉണ്ടായ ഭക്ഷ്യ വിഷബാധയാണ് കമ്പനിയെ കടക്കെണിയിലേക്ക് തള്ളിവിട്ടതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം ഏപ്രിലിൽ ഇറക്കുമതി ചെയ്ത മയോണൈസിലെ ക്ലോസ്ട്രിഡിയം ബോട്ടുലിനം ബാക്ടീരിയ മൂലമുണ്ടായ ഭക്ഷ്യവിഷബാധ പ്രതിസന്ധിയാണ് അടച്ചുപൂട്ടാനുള്ള പ്രധാന കാരണമെന്ന് റിപ്പോർട്ടുകൾ പറയുന്നു.   ഭക്ഷ്യ വിഷ ബാധ 70-ലധികം ആളുകളെ ബാധിച്ചിരുന്നു. ഇതിൽ ഒരാൾ മരണപ്പെടുകയും ചെയ്തിരുന്നു.

ഈ സംഭവത്തോടെ ഇവരുടെ ഭക്ഷണങ്ങളിൽ വിശ്വാസ്യത നഷ്ടപ്പെട്ടതോടെ കച്ചവടം കുത്തനെ കുറഞ്ഞിരുന്നു. ഉപഭോക്തൃ ആത്മവിശ്വാസം നഷ്ടപ്പെടുന്നതിനും വൻ സാമ്പത്തിക നഷ്ടത്തിനും കാരണമായി. ഇത് അടച്ചുപൂട്ടലിലേക്ക് നയിച്ചുവെന്ന് സഊദി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.