സമൂഹ മാധ്യമങ്ങളിൽ സൂപ്പർതാരം: ​ദുബൈയിൽ റോൾസ് റോയ്സും ഓടിച്ച് രാധാമണിയമ്മ

0
20

ദുബൈ: ഡ്രൈവിങ് ഭയപ്പെടുന്നവർക്ക് ഒരു പ്രചോദനമാണ് കൊച്ചി, തോപ്പുംപടി സ്വദേശിനി രാധാമണി അമ്മ. പരിധി പ്രായം കഴിഞ്ഞാൽ അധികം പേർക്കും ചിലപ്പോൾ വാഹനം ഓടിക്കാൻ അല്പം ഭയമാണെങ്കിലും രാധാമണിയമ്മക്ക് ഇതൊക്കെ നിസാരമാണ്. ഓടിക്കുന്ന വാഹനം ചവിട്ടിയാൽ ചിലപ്പോൾ പിടിക്കുന്നിടത്ത് നിൽക്കുമോ, കുറേ നേരം ഓടിച്ചാൽ അസ്വസ്ഥത വല്ലതും അനുഭവപ്പെടുമോ, ഇതൊന്നും പോരാഞ്ഞിട്ട് നാട്ടുകാരുടെ ഒരു കളിയാക്കലും ഉണ്ടാകുമെങ്കിലും രാധാമണി അമ്മക്ക് അതൊന്നും വിഷയമല്ല. ഈ പ്രായത്തിൽ ഇനി ഒരു ഡ്രൈവിങ് എന്നൊക്കെ തുടങ്ങി അങ്ങനെ നീണ്ട് നിൽക്കുന്ന ലിസ്റ്റ് കാരണങ്ങൾ ഉള്ളവർക്കും ഇത്തരം ഭയപ്പെടുന്നവർക്കും ഒരു പ്രചോദനമാണ് കൊച്ചി, തോപ്പുംപടി സ്വദേശിനി രാധാമണി അമ്മ.

ബൈക്ക് മുതൽ ജെസിബി, ക്രെയിൻ തുടങ്ങിയ ഹെവി വാഹനങ്ങൾ വരെ അനായാസം കൈകാര്യം ചെയ്യുന്ന ഈ അമ്മ ഇപ്പോൾ ആഡംബര വാഹനങ്ങളുടെ രാജാവായ റോൾസ് റോയ്സ് ഗോസ്റ്റ് സെഡാൻ ഓടിച്ച് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

1981-ലാണ് ഡ്രൈവിങ് പഠിച്ച് രാധാമണി അമ്മ റോഡിലേക്ക് ഇറങ്ങിയത്. പിന്നീട് ഹെവി വാഹനങ്ങളിലേക്ക് കടന്ന് എല്ലാവരെയും അമ്പരപ്പിക്കുകയും ചെയ്തു. പ്രായം 75 നോടടുത്തിട്ടും ഇപ്പോഴും തന്റെ ഡ്രൈവിങ് ലഹരിക്ക് ബ്രേക്ക് ഇടാൻ ആയിട്ടില്ല എന്ന് രാധാമണി അമ്മ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന വീഡിയോകളിലൂടെ കാണിച്ച് തരുന്നു.

“ഡ്രൈവിങ് പഠിക്കേണ്ടത് അത്യാവശ്യമാണ്. എപ്പോഴാണ് അതിന്റെ ആവശ്യം വരുമെന്ന് ആർക്കും പറയാനാവില്ല. ചിലപ്പോൾ അത് ഒരു തൊഴിലും ആയി മാറിയേക്കാം,” രാധാമണി അമ്മ പറയുന്നു. ദുബൈയിൽ എത്തിയപ്പോൾ റോൾസ് റോയ്സ് ഓടിക്കാതെ പോകുന്നത് എന്തിനെന്നാണ് അമ്മയുടെ സോഷ്യൽ മീഡിയ പോസ്റ്റിന്റെ അടിക്കുറിപ്പ്. നിരവധി ആരാധകരുള്ള അമ്മയുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്.

അന്താരാഷ്ട്ര ഡ്രൈവിങ് പെർമിറ്റിന്റെ (IDP) പ്രാധാന്യം വിശദീകരിക്കുന്ന ഒരു വീഡിയോയ്ക്ക് ശേഷമാണ് അമ്മ റോൾസ് റോയ്സ് ഓടിക്കുന്നത്. 563 bhp കരുത്തും 850 Nm torque ഉം നൽകുന്ന 6.6 ലിറ്റർ ടർബോചാർജ്ഡ് V12 എഞ്ചിനാണ് ഈ ആഡംബര വാഹനത്തിന്റെ ഹൃദയം. റിയർ വീൽ ഡ്രൈവും ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമാണ് ഇതിന്റെ സവിശേഷത. 4.6 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാനാകുന്ന ഈ വാഹനം രാധാമണി അമ്മയുടെ കൈകളിൽ അനായാസം വഴങ്ങി.

റോൾസ് റോയ്സ് ഗോസ്റ്റിന്റെ ഡിസൈൻ ഹൈലൈറ്റുകളിൽ വലിയ പ്ലഷ് ഗ്രിൽ, എൽഇഡി ലൈറ്റിങ്, സൂയിസൈഡ് ഡോറുകൾ, സ്പിരിറ്റ് ഓഫ് എക്‌സ്റ്റസി എന്നിവ ഉൾപ്പെടുന്നു. ഉയർന്ന നിലവാരമുള്ള മെറ്റീരിയലുകൾ കൊണ്ട് നിർമിച്ച ഇന്റീരിയറിൽ ലെതർ സീറ്റുകൾ, ഹീറ്റഡ് ആൻഡ് വെന്റിലേറ്റഡ് ഫീച്ചറുകൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വലിയ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, 360-ഡിഗ്രി ക്യാമറ തുടങ്ങിയവ ഉൾപ്പെടുന്നു. “ഫ്ലാഗ് ബെയറർ” സംവിധാനം റോഡിന്റെ അവസ്ഥ കണ്ടെത്തി സസ്‌പെൻഷൻ ക്രമീകരിക്കുന്നു. “സൈലന്റ് സീൽ” സാങ്കേതികവിദ്യ ഉയർന്ന വേഗതയിലും ശാന്തമായ യാത്ര ഉറപ്പാക്കുന്നു.

“പ്രായം ഒരു തടസ്സമല്ല, ധൈര്യവും ആത്മവിശ്വാസവുമാണ് വേണ്ടത്,” എന്നാണ് രാധാമണി അമ്മയുടെ സന്ദേശം. വീഡിയോ കാണാം 👇