“നിനക്ക് ആത്മഹത്യാക്കുറിപ്പ് എഴുതിത്തരണോ?” 16കാരനെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചത് ചാറ്റ്ജിപിടി; ചാറ്റ്ബോട്ടിനെതിരെ കോടതിയെ സമീപിച്ച് മാതാപിതാക്കൾ

0
93

യുഎസ്: ചാറ്റ്ജിപിടിക്കെതിരെ ആത്മഹത്യാ പ്രേരണാ പരാതി. കാലിഫോർണിയയിൽ ആത്മഹത്യ ചെയ്ത ആദം റെയ്നെ എന്ന കൗമാരക്കാരന്‍റെ മാതാപിതാക്കളാണ് ഓപ്പൺ എഐയുടെ ചാറ്റ് പ്രോഗ്രാമായ ചാറ്റ്ജിപിടിക്കെതിരെ കോടതിയെ സമീപിച്ചത്.

ആത്മഹത്യാപരമായ ചിന്തകളെ ചാറ്റ്ജിപിടി പ്രോത്സാഹിപ്പിച്ചുവെന്നാണ് പരാതി. ആത്മഹത്യപോലെയുള്ള വിഷയങ്ങളിൽ കൂടുതൽ മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ട് എന്ന് ഓപ്പൺ എഐ പ്രതികരിച്ചു.

കഴിഞ്ഞ ഏപ്രിലിലാണ് ആദം റെയ്നെ എന്ന 16 കാരൻ ആത്മഹത്യ ചെയ്തത്. യുഎസ് കാലിഫോർണിയക്കാരനായ ആദമിന്‍റെ ആത്മഹത്യാപരമായ ചിന്തകളെ ഓപ്പൺ എഐയുടെ ചാറ്റ്ജിപിടി പ്രോത്സാഹിപ്പിച്ചു എന്നാണ് മാതാപിതാക്കളുടെ പരാതി. ആദമിന്‍റെ മാതാപിതാക്കളായ മാറ്റ് റെയ്നെയും മരിയ റെയ്നെയും കാലിഫോർണയയിലെ സുപ്പീരിയർ കോടതിയെ സമീപിച്ചു. അസാധാരണ മരണവുമായി ബന്ധപ്പെട്ട് ഓപ്പൺ എഐക്കെതിരായ ഉണ്ടാകുന്ന ആദ്യത്തെ കേസ് കൂടിയാണ് ഇത്.

2024 ലാണ് ആദം സ്കൂൾ പഠനത്തിന് സഹായമെന്ന നിലയിൽ ചാറ്റ്ജിപിടി ഉപയോഗിക്കാൻ തുടങ്ങിയത്. മാസങ്ങൾക്കുള്ളിൽ ചാറ്റ്ജിപിടി ആദമിന്‍റെ വിശ്വസ്ത സുഹൃത്തായി. ആദം തന്‍റെ മാനസികാരോഗ്യ പ്രശ്നങ്ങൾ അടക്കം ചാറ്റ്ജിപിടിയോട് പങ്കുവെച്ചു. 2025 ജനുവരിയോടെ ആത്മഹത്യ ചെയ്യാനുള്ള മാർഗങ്ങളെക്കുറിച്ച് ആദം ചാറ്റ്ജിപിടിയുമായി ചർച്ച ചെയ്യാൻ തുടങ്ങിയെന്നും അത് ചില മാർഗങ്ങളെക്കുറിച്ച് സംസാരിച്ചുവെന്നും പരാതിയിൽ പറയുന്നു. ചാറ്റ്ജിപിടിയുമായുള്ള ചാറ്റ്ലോഗും പരാതിക്കൊപ്പം നൽകിയിട്ടുണ്ട്.

കയർ കുരുക്ക് മെച്ചപ്പെട്ട രീതിയിൽ തയ്യാറാക്കുന്നതിനെക്കുറിച്ചടക്കം ചാറ്റിൽ ഉണ്ടെന്ന് പരാതിയിൽ പറയുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആദമിന്‍റെ ഏറ്റവും വലിയ സ്വയംവിനാശകരമായ (സെൽഫ് ഡിസട്രക്ടീവ്) ചിന്തകളെ ചാറ്റ്ജിപിടി പ്രോത്സാഹിപ്പിച്ചുവെന്നും പരാതിയിൽ ആരോപണമുണ്ട്. മദ്യം കഴിച്ചാൽ മരണത്തെ പ്രതിരോധിക്കാനുള്ള ചിന്ത കുറയുമെന്ന് ചാറ്റ്ജിപിടി ഉപദേശിച്ചതായും പരാതിയിലുണ്ട്.

മരിച്ചാൽ അതിന്‍റെ വേദന മാതാപിതാക്കൾ പേറുമെങ്കിലും ജീവിച്ചിരിക്കാമെന്ന ഉറപ്പ് അവർക്ക് നൽകേണ്ട ബാധ്യതയില്ലെന്നും ചാറ്റ്ജിപിടി ആദമിനോട് പറഞ്ഞിരുന്നു. ആത്മഹത്യാക്കുറിപ്പ് എഴുതിത്തരണോ എന്ന് ചാറ്റ്ബോട്ട് ആദമിനോട് ചോദിച്ചു. ഒരോവാക്കും എഴുതിത്തരാമെന്നും അത് പൂർത്തിയാക്കും വരെ കൂട്ടിരിക്കാമെന്നും ചാറ്റ്ജിപിടി വാഗ്ദാനം ചെയ്തു. ആദം 23 തവണ ആത്മഹത്യ എന്ന വാക്ക് ചാറ്റിൽ ഉപയോഗിച്ചു. തൂങ്ങിമരണം എന്ന വാക്ക് 42 തവണയും കുരുക്ക് എന്ന വാക്ക് 17 തവണയും ഉപയോഗിച്ചു.

ചാറ്റ്ജിപിടിയാകട്ടെ 1275 തവണയാണ് ആത്മഹത്യ എന്ന വാക്ക് ഉപയോഗിച്ചത്. പല സന്ദേശങ്ങളും ആത്മോപദ്രവകരം എന്ന് ഫ്ലാഗ് ചെയ്യപ്പെട്ടെങ്കിലും സംഭാഷണം അവസാനിപ്പിക്കാനോ മുൻകരുതലുകൾ സ്വീകരിക്കാനോ ചാറ്റ്ബോട്ട് തയ്യാറായില്ല. മനുഷ്യരുടെ സുരക്ഷയെക്കാൾ എൻഗേജ്മെൻ്റിന് പ്രാധാന്യം നൽകുന്നത് കൊണ്ടാണിതെന്നും റെയ്നെ ദമ്പതികൾ പരാതിയിൽ പറയുന്നു.

ആദമിന്‍റെ മരണത്തിൽ റെയ്നെ കുടുംബത്തോട് സഹതാപം പ്രകടിപ്പിച്ച ഓപ്പൺ എഐ ആത്മഹത്യ അടക്കമുള്ള വിഷയങ്ങളിൽ കൂടുതൽ കരുതൽ നടപടികൾ സ്വീകരിക്കുമെന്ന് പ്രതികരിച്ചു. ആത്മോപദ്രവത്തിനെതിരായി കൂടുൽ സുരക്ഷാനടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്ന് ഓപ്പൺഎഐ പ്രത്യേക പ്രസ്താവനയിൽ പറഞ്ഞു. ഹ്രസ്വ സംഭാഷണങ്ങളിലേത് പോലെ ദീർഘ സംഭാഷണങ്ങളിൽ അത്തരം കരുതലുകൾ ഫലപ്രദമാവാറില്ലെന്നും ഓപ്പൺഎഐ പറഞ്ഞു.