റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നും ശക്തമായ ഇടിയോട് കൂടിയ മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. നജ്റാന്‍, ജിസാന്‍, അസീര്‍, അല്‍-ബാഹ, മക്ക, മദീന എന്നീ പ്രദേശങ്ങളില്‍ മിന്നല്‍ പ്രളയങ്ങള്‍ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ചിലയിടങ്ങളില്‍ ആലിപ്പഴ വര്‍ഷവും ശക്തമായ കാറ്റും അനുഭവപ്പെടാം. ഇത് കാഴ്ച പരിമിതപ്പെടുത്താന്‍ ഇടയാക്കും.
അതേസമയം, കിഴക്കന്‍ പ്രവിശ്യയുടെ തെക്കന്‍ ഭാഗങ്ങളിലും റിയാദ്, ഹായില്‍, അല്‍-ഖസീം എന്നിവിടങ്ങളിലും നേരിയ കാറ്റ് അനുഭവപ്പെടും. രാജ്യത്തിന്റെ തെക്ക്-പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ രാവിലെയോടെ മൂടല്‍മഞ്ഞ് ഉണ്ടാകാന്‍ സാധ്യതയുണ്ട്. മദീന മുതല്‍ ജിസാന്‍ വരെയുള്ള തീരപ്രദേശങ്ങളില്‍ പൊടിക്കാറ്റിനും സാധ്യതയുണ്ട്.
ചെങ്കടലില്‍ മണിക്കൂറില്‍ 20-45 കിലോമീറ്റര്‍ വേഗത്തില്‍ വടക്ക് പടിഞ്ഞാറ് ദിശയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. മഴമേഘങ്ങള്‍ രൂപപ്പെടുന്നതോടെ ഇത് മണിക്കൂറില്‍ 55 കിലോമീറ്ററിലധികമായി വര്‍ധിച്ചേക്കാം. തിരമാലകള്‍ ഒന്നര മുതല്‍ രണ്ടര മീറ്റര്‍ വരെ ഉയരത്തില്‍ എത്താനും സാധ്യതയുണ്ട്. അറബിക്കടലില്‍ തെക്ക് കിഴക്ക് ദിശയില്‍നിന്ന് വടക്ക് കിഴക്ക് ദിശയിലേക്ക് മണിക്കൂറില്‍ 15-30 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശും. തിരമാലകളുടെ ഉയരം അര മീറ്റര്‍ മുതല്‍ ഒന്നര മീറ്റര്‍ വരെയാകാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.