റിയാദ്: വേനൽ അവധിക്കു ശേഷം സൗദി അറേബ്യയിൽ വിപണിയിൽ മുട്ട വില നേരിയ തോതിൽ ഉയർന്നു. സ്കൂൾ തുറന്നതോടെ പലവിധ ഭക്ഷണങ്ങളിലും പലഹാരങ്ങളിലും ചേർക്കുന്നതിനായി മുട്ടയുടെ ആവശ്യം വർധിച്ചതും കണക്കിലെടുത്ത് ചില്ലറ വിൽപന, മൊത്ത വിപണികളിൽ 10% വില വർധനയാണ് മുട്ടയ്ക്ക് ഉണ്ടായിരിക്കുന്നത്.
30 എണ്ണമുള്ള ഒരു ട്രേ മുട്ടയുടെ വില 14 റിയാലിൽ നിന്ന് 18 റിയാലായി ഉയർന്നു. അതേസമയം 12 എണ്ണമുള്ള ട്രേയുടെ ഒരു കാർട്ടൺ മുട്ടയുടെ വില 165 റിയാലിൽ നിന്ന് 215 റിയാലായി ഉയർന്നു. അധിക ലാഭം കിട്ടുന്നതിനായി സ്കൂൾ വർഷത്തിന്റെ ആരംഭത്തോടെ പുതിയ വില വർധന വരുത്തിയ മിക്ക വിതരണക്കാരും കോഴി ഫാം ഉടമകളുമാണ് വില വർധനവിന് കാരണമെന്ന് നിരവധി ഷോപ്പിങ് മാളുകളിലെ വ്യാപാരികൾ പറയുന്നു.
ജിദ്ദയിലെ സൂപ്പർമാർക്കറ്റിലെ സെയിൽസ് മാനേജരായ മുഹമ്മദ് അൽ സയീദ് പറഞ്ഞത് സ്കൂൾ തുറന്നതോടെ മുട്ടയ്ക്ക് വർധിച്ച ഡിമാൻഡ് മുതലെടുത്ത്, വില കൂട്ടി വിതരണക്കാരും ഉൽപാദന കമ്പനികളും മുട്ടയുടെ വില അടുത്തിടെ വർധിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട് എന്നാണ്. എന്നാൽ ഗതാഗത, വിതരണ ചെലവുകളെ ബാധിക്കുന്ന സാമ്പത്തിക മാറ്റങ്ങൾക്ക് പുറമേ, ഈ കാലയളവിൽ മുട്ടയുടെ ആവശ്യകത വർധിച്ചതുപോലുള്ള സീസണൽ ഘടകങ്ങളുമായും വില വർധനവ് ബന്ധപ്പെട്ടിരിക്കാമെന്ന് വിപണി വിദഗ്ധർ വിശ്വസിക്കുന്നു.
മുട്ട വിലയിലെ വർധനവ് പുതിയ കാര്യമല്ലെന്ന് മുട്ട വിതരണ കമ്പനിയുടെ ഉടമയായ അലി അൽ ഗാംദി പറഞ്ഞു. ഓരോ അധ്യയന വർഷം ആരംഭിക്കുമ്പോഴും, വിതരണക്കാരും ഫാം ഉടമകളും ലാഭമുണ്ടാക്കാൻ വില ഉയർത്തുന്നു. ഹജ് സീസണിലാണ് മുട്ടയുടെ അവസാന വർധനവുണ്ടായതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ജിദ്ദ പൗൾട്രി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ചെയർമാൻ അബ്ദുല്ല ഖാദി അഭിപ്രായപ്പെടുന്നത് മുട്ടയുടെ എണ്ണം സന്തുലിതമായ രീതിയിൽ വിപണിയിൽ ലഭ്യമാണെന്നാണ്. സ്കൂളുകൾ തുറക്കുന്ന സമയം, ഹജ് സീസൺ, റമസാൻ എന്നിവയുൾപ്പെടെ മുട്ടയുടെ ആവശ്യം വർധിക്കുന്ന സീസണുകളുണ്ടെന്നും ചിലർ വില വർധിപ്പിച്ച് വിപണിയിൽ കച്ചവടം കുറയുന്ന സാഹചര്യമുണ്ടാക്കി ഇത് മുതലെടുക്കുന്നുവെന്നും ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ജൂലൈയിൽ സൗദി അറേബ്യയിൽ മുട്ടയുടെ വില പ്രതിമാസ അടിസ്ഥാനത്തിൽ ഉയർന്നതായും പാലിന്റെയും അതിന്റെ ഉൽപന്നങ്ങളുടെയും വില വ്യത്യാസപ്പെട്ടിട്ടുണ്ടെന്നും ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് പറഞ്ഞു. സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി പുറത്തിറക്കിയ സാധനങ്ങളുടെയും സേവനങ്ങളുടെയും ശരാശരി വിലകളെക്കുറിച്ചുള്ള ബുള്ളറ്റിനിൽ, ഒരു ട്രേ പ്രാദേശിക മുട്ടയുടെ വിലയിൽ 3.2% വർധനവ് കാണിച്ച് 18.5 റിയാലായിട്ടുണ്ട്.