ഗര്‍ഭിണിയായ ഭാര്യയെ വെട്ടിനുറുക്കി; ഉടല്‍ വീട്ടില്‍ സൂക്ഷിച്ചു, തലയും കൈകളും പുഴയിലെറിഞ്ഞു

0
106

അഞ്ചുമാസം ഗര്‍ഭിണിയായ ഭാര്യയെ കൊന്നു കഷ്ണങ്ങളാക്കി പുഴയിലെറിഞ്ഞ ഭര്‍ത്താവ് പിടിയില്‍. ശനിയാഴ്ച്ച ഹൈദരബാദിലാണ് മനസാക്ഷിയെ മരവിപ്പിക്കുംവിധത്തിലുള്ള ക്രൂരകൊലപാതകം അരങ്ങേറിയത്. 21കാരി സ്വാതിയാണ് കൊല്ലപ്പെട്ടത്. പ്രതി മഹേന്ദര്‍ റെഡ്ഡിയെ(27) പൊലീസ് ചോദ്യം ചെയ്തുവരികയാണ്. 

ഇരുവരും തമ്മില്‍ കുടുംബവിഷയങ്ങളില്‍ തര്‍ക്കങ്ങള്‍ പതിവായിരുന്നുവെന്ന് പൊലീസ് പറയുന്നു. ശനിയാഴ്ച്ചയുണ്ടായ തര്‍ക്കത്തിനു പിന്നാലെ മഹേന്ദര്‍ റെഡ്ഡി സ്വാതിയെ  ഹെക്സോബ്ലേഡ് ഉപയോഗിച്ച് കൊലപ്പെടുത്തി ശരീരം മുറിച്ചു കഷ്ണങ്ങളാക്കി. തലയും കൈകളും മുസി പുഴയില്‍ നിക്ഷേപിച്ചു. ശരീരം വീട്ടില്‍ത്തന്നെ സൂക്ഷിച്ചു. മൂന്നുതവണയായാണ് മുറിച്ച ശരീരഭാഗങ്ങള്‍ ഉപേക്ഷിക്കാനായി ഇയാള്‍ പുഴയോരത്തെത്തിയതെന്ന് മകാല്‍ജ്ഗിരി ഡിസിപി പി.വി പദ്മജ പറഞ്ഞു.

പല പ്ലാസ്റ്റിക് കവറുകളിലായാണ് ശരീരഭാഗങ്ങള്‍ പുഴയോരത്തേക്ക് കൊണ്ടുവന്നത്. തലയും കൈകളും ഉപേക്ഷിച്ച ശേഷം ശരീരം വീട്ടില്‍ത്തന്നെ സൂക്ഷിക്കുകയായിരുന്നു. കാലുകളും പൊലീസ് വീട്ടില്‍ നിന്നും കണ്ടെത്തിയിരുന്നു. കൊലയ്ക്ക് ശേഷം റെഡ്ഡി സഹോദരിയെ വിളിച്ച് ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞു, എന്നാല്‍ സഹോദരിക്ക് സംശയം തോന്നിയതോടെ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. പൊലീസെത്തി ചോദ്യംചെയ്തതോടെ പ്രതി കുറ്റസമ്മതം നടത്തി. 

കുറ്റസമ്മതത്തിന്റെ അടിസ്ഥാനത്തിൽ, കൊലപാതകം, കുറ്റകൃത്യത്തിന്റെ തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങള്‍ ഉള്‍പ്പെടുത്തി കേസ് റജിസ്റ്റർ ചെയ്ത് പ്രതിയെ കസ്റ്റഡിയിലെടുത്തു. കണ്ടെടുത്ത ശരീരഭാഗങ്ങള്‍ ഗാന്ധി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി, ബാക്കിയുള്ള ശരീരഭാഗങ്ങൾക്കായി പോലീസ് നദിയിൽ തിരച്ചിൽ നടത്തുകയാണ്.

തെലങ്കാനയിലെ വികാരാബാദ് സ്വദേശികളായ അയൽക്കാരായിരുന്നു ഇരുവരും, 2024 ജനുവരിയിൽ ഹൈദരാബാദിലെ ആര്യസമാജിൽ വെച്ച് വിവാഹിതരായി. വിവാഹശേഷം ഹൈദരാബാദിലേക്ക് താമസം മാറി ബോഡുപ്പലില്‍ വാടകവീടെടുത്തു. ഏകദേശം ഒരു മാസത്തോളം വലിയ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. അതിനുശേഷം, കുടുംബ പ്രശ്‌നങ്ങൾ പതിവായി. 2024 ഏപ്രിലിൽ, യുവതി വികാരാബാദിലെ പോലീസിൽ ഭർത്താവിനെതിരെ ഗാർഹിക പീഡനം ആരോപിച്ച് പരാതി നൽകുകയും ഒരു കേസ് റജിസ്റ്റർ ചെയ്യുകയും ചെയ്തു.

തുടര്‍ന്ന് ഒത്തുതീര്‍പ്പ് ചര്‍ച്ചകളിലൂടെ വീണ്ടും ഇരുവരും ഒന്നിച്ചു ജീവിക്കാനാരംഭിച്ചു. സ്വാതി ഹൈദരാബാദിലെ പഞ്ജഗുട്ടയിലുള്ള ഒരു കോൾ സെന്ററിൽ മൂന്നു മാസത്തോളം ജോലി ചെയ്തു. പക്ഷേ സ്വാതിയില്‍ സംശയം പ്രകടിപ്പിച്ച് റെഡ്ഡി പിന്തുടരാനാരംഭിച്ചു.  ഇതിനിടെ കഴിഞ്ഞ മാർച്ചിൽ സ്വാതി ഗര്‍ഭിണിയായി. ഓഗസ്റ്റ് 22-ന്, യുവതി താൻ വൈദ്യപരിശോധനയ്ക്കായി വികാരാബാദിലേക്ക് പോകുമെന്നും അതിനുശേഷം മാതാപിതാക്കളുടെ വീട്ടിൽ താമസിക്കുമെന്നും പറഞ്ഞു. ഇതനുവദിക്കാതിരുന്ന റെഡ്ഡി സ്വാതിയുമായി വലിയ വാക്തര്‍ക്കത്തിലേര്‍പ്പെട്ടു. വഴക്ക് മൂത്ത് കൊലയിലേക്ക് എത്തിച്ചേര്‍ന്നെന്നാണ് പൊലീസ് പറയുന്നത്.