ഭുവനേശ്വർ: ഒഡീഷയിലെ കോരാപുട്ട് ജില്ലയിലുള്ള ദുഡുമ വെള്ളച്ചാട്ടത്തിന്റെ റീൽസ് ചിത്രീകരിക്കുന്നതിടയിൽ യുവാവ് ഒഴുക്കിൽപ്പെട്ടു. ബെർഹാംപുർ സ്വദേശിയായ സാഗാർ ടുഡു എന്ന യുട്യൂബറാണ് ഒഴുക്കിൽപ്പെട്ടതെന്ന് വിവരം. ഞായറാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്.
ഡ്രോൺ ക്യാമറ ഉപയോഗിച്ച് വെള്ളച്ചാട്ടത്തിന്റെ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു സാഗർ. കോരാപുട്ടിൽ കനത്തമഴയെ തുടർന്ന് മച്ച്കുണ്ഡ് ഡാമിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യമായിരുന്നു. തുടർന്ന് മുന്നറിയിപ്പ് നൽകിയതിനുശേഷം ഡാം തുറന്നുവിട്ടപ്പോൾ യുവാവ് ഒരു പാറയുടെ മുകളിൽ നിൽക്കുകയായിരുന്നു. വെള്ളച്ചാട്ടത്തിന്റെ ഒഴുക്ക് വർധിച്ചതോടെ സാഗർ പാറയുടെ മുകളിൽ കുടുങ്ങി. ശക്തമായി വെള്ളം ഒഴുക്കിയെത്തിയതോടെ പാറയിൽ നിന്ന യുവാവ് ഒഴുക്കിൽപ്പെടുകയായിരുന്നു.