ലഹരിക്കേസ്; രജിസ്റ്റർ ചെയ്ത കേസുകളിൽ കർണാടകയിൽ കുത്തനെ വർധനയുണ്ടായതായി കണക്കുകൾ

0
6

മംഗളൂരു: നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത കേസുകളിൽ കർണാടകയിൽ കുത്തനെ വർധനയുണ്ടായതായി കണക്കുകൾ. ഒരുവർഷത്തിനിടെ 63 ശതമാണ് വർധനവ്.

കർണാടക സംസ്ഥാന പൊലീസിന്റെ കണക്കുകൾ പ്രകാരം 2024ൽ സംസ്ഥാനത്തുടനീളം 4,187 എൻ‌ഡി‌പി‌എസ് കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ 2025 ൽ 6825 ആയി ഉയർന്നു. കേസുകളുടെ വർധന നിയമ നിർവ്വഹണ ഏജൻസികൾ, നയരൂപവത്കരണ വിദഗ്ധർ, പൊതുജനാരോഗ്യ വിദഗ്ധർ എന്നിവർക്കിടയിൽ ഗുരുതരമായ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്.

യുവാക്കൾക്കിടയിൽ വികസിക്കുന്ന മയക്കുമരുന്ന് ശൃംഖലകളെയും വർധിച്ചുവരുന്ന ലഹരിവസ്തുക്കളുടെ ദുരുപയോഗത്തെയും പ്രതിഫലിപ്പിക്കുന്നതാണ് കണക്കുകളെന്ന് അവർ അഭിപ്രായപ്പെട്ടു.

എൻഫോഴ്‌സ്‌മെന്റ് നടപടികൾ ശക്തമാക്കിയതും മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കളുടെ ലഭ്യത വർധിച്ചതുമാണ് കാരണം എന്നാണ് പൊലീസ് ഉദ്യോഗസ്ഥർ അവകാശപ്പെടുന്നത്. സംസ്ഥാനത്തുടനീളം ആരംഭിച്ച ശ്രദ്ധാപൂർവ്വമായ എൻഫോഴ്‌സ്‌മെന്റ് നടപടികൾ കേസ് വർധനയുടെ പ്രധാന ഘടകമാണെന്ന് പൊലീസ് പറയുന്നു.

കഴിഞ്ഞ മാസങ്ങളിൽ കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തതിനെത്തുടർന്ന് മൈസൂരു, ബംഗളൂരു സിറ്റി പൊലീസ് കമ്മീഷണറേറ്റുകളിൽ ലഹരികടത്തുകാർക്കെതിരെ നടപടിയെടുക്കാൻ പ്രത്യേക സംഘങ്ങൾ രൂപവത്കരിച്ചിട്ടുണ്ട്. മൈസൂരുവിൽ മുംബൈ പൊലീസിൽ നിന്നുള്ള സംഘം അടുത്തിടെ നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള മയക്കുമരുന്ന് നിർമാണ യൂണിറ്റിൽ റെയ്ഡ് നടത്തിയിരുന്നു. മറ്റൊരു കേസിൽ, കഴിഞ്ഞ മാസം നഗരത്തിൽ അനധികൃത മയക്കുമരുന്ന് നിർമ്മാണ ലബോറട്ടറി ഉണ്ടെന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) സ്ഥിരീകരിച്ചു.

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് റദ്ദാക്കണം; ആവശ്യവുമായി ജന്‍ സുരാജ് പാര്‍ട്ടി സുപ്രിംകോടതിയില്‍
ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഐടി ഇടനാഴികൾ, ഗതാഗത കേന്ദ്രങ്ങൾ, വ്യവസായ ഷെഡുകൾ ഉൾപ്പെടെയുള്ള നഗര ഹോട്ട്‌സ്‌പോട്ടുകൾ എന്നിവക്ക് സമീപം പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

പരിശോധനകളും ഇന്റലിജൻസ് അധിഷ്ഠിത പ്രവർത്തനങ്ങളും ശക്തമാക്കിയത് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യുന്നതിന് കാരണമായി. കൂടാതെ സമൂഹത്തിലേക്ക് മയക്കുമരുന്നിന്റെ വർധിച്ചുവരുന്ന കടന്നുകയറ്റത്തെയും ഈ കണക്കുകൾ സൂചിപ്പിക്കുന്നു എന്ന് പൊലീസ് ഉദ്യോഗസ്ഥർ സമ്മതിക്കുന്നുണ്ട്.

എൻ‌ഡി‌പി‌എസ് കേസുകളുടെ കുത്തനെയുള്ള വർധനവിന് എൻഫോഴ്‌സ്‌മെന്റ് മാത്രം കാരണമാകില്ലെന്ന് വിദ​ഗ്ധർ പറഞ്ഞു. സമപ്രായക്കാരുടെ സമ്മർദ്ദവും മയക്കുമരുന്നുകളുടെ എളുപ്പത്തിലുള്ള ലഭ്യതയും പ്രധാന കാരണങ്ങളാണെന്ന് ലഹരിവിമുക്തമാക്കൽ വിദഗ്ധരും സാമൂഹിക പ്രവർത്തകരും ചൂണ്ടിക്കാട്ടി. കൊണ്ടുപോകാനും മറച്ചുവെക്കാനും എളുപ്പമുള്ള രാസ, സൈക്കോട്രോപിക് ലഹരിവസ്തുക്കളുടെ ഉപയോഗത്തിൽ ഗണ്യമായ വർധനവ് ഉണ്ടായതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

നഗരപ്രദേശങ്ങളിലാണ് എൻ‌ഡി‌പി‌എസ് കേസുകൾ കൂടുതലും റിപ്പോർട്ട് ചെയ്യപ്പെടുന്നതെങ്കിലും മയക്കുമരുന്ന് കടത്ത് ഗ്രാമപ്രദേശങ്ങളിലേക്കും അർധനഗരങ്ങളിലേക്കും വ്യാപിക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. വിദ്യാർഥികളും കുടിയേറ്റ തൊഴിലാളികളും ഉൾപ്പെടെയുള്ള ദുർബല ജനവിഭാഗങ്ങളെ ലക്ഷ്യമിട്ട് സംഘടിത ശൃംഖലകൾ അവരുടെ വ്യാപ്തി വർധിപ്പിക്കുകയാണെന്ന് അധികൃതർ പറഞ്ഞു.