ധർമ്മസ്ഥല വെളിപ്പെടുത്തൽ; യൂട്യൂബർ സമീറിന്‍റെ കമ്പ്യൂട്ടറൂം ക്യാമറയും ഹാർഡ് ഡിസ്കും പിടിച്ചെടുത്തു

0
13

ധർമസ്ഥല: ധർമ്മസ്ഥല കൊലപാതക പരമ്പര സംബന്ധിച്ച വെളിപ്പെടുത്തലിന് പിന്നാലെ വൈകാരികമായ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തെന്ന പരാതിയിൽ യൂട്യൂബർ സമീറിന്‍റെ വീട്ടിൽ പൊലീസ് പരിശോധന നടത്തി.

ബെൽത്താങ്കടി പൊലീസാണ് സമീറിന്റെ ബംഗളൂരുവിലെ വീട്ടിൽ പരിശോധന നടത്തിയത്. ഇവിടെ നിന്നും കമ്പ്യൂട്ടറൂം ക്യാമറയും ഹാർഡ് ഡിസ്കും പൊലീസ് പിടിച്ചെടുത്തു. ധർമ്മസ്ഥലയെ അപകീർത്തിപ്പെടുത്തി എന്ന് ആരോപിച്ചുള്ള പരാതിയിലെടുത്ത കേസിന്റെ ഭാഗമായാണ് നടപടി.

സമീറാണ് ധര്‍മ്മസ്ഥലയെപ്പറ്റി പേടിപ്പെടുത്തുന്ന ഒരു വീഡിയോ ആദ്യമായി തയ്യാറാക്കിയതെന്നാണ് ആരോപണം. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്റെ സഹായത്തോടെ ഭീതിപ്പെടുത്തുന്ന ഗ്രാഫിക് ചിത്രങ്ങളും വീഡിയോകളുമാണ് ഇയാള്‍ ഉപയോഗിച്ചത്. ഒരു കോടിയിലധികം പേരാണ് ഈ വീഡിയോ കണ്ടത്. അതേസമയം കേസിൽ സമീറിന് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. പിന്നാലെ ഓഗസ്റ്റ് 24ന് സമീർ ബെൽത്തങ്ങാടി പൊലീസിന് മുന്നിൽ ഹാജരാവുകയും ചെയ്തിരുന്നു.

ധൂത എന്ന യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത 23 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയുടെ പേരിലാണ് ധർമ്മസ്ഥല പൊലീസ് സമീറിനെതിരെ സ്വമേധയാ കേസെടുത്തത്. ഇതിന് പിന്നാലെ പ്രദേശവാസിയും സമീറിനെതിരെ പരാതി നൽകി. വീഡിയോയിൽ പരാമർശിച്ചിരിക്കുന്ന വിശദാംശങ്ങൾ പരാതിക്കാരിയുടെ വ്യക്തിത്വം വെളിപ്പെടുത്തുന്നുവെന്നും, വീഡിയോ മതവികാരം വൃണപ്പെടുത്തിയെന്നുമാണ് പരാതിയിൽ ആരോപിച്ചിരുന്നത്.