റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിച്ച് മലയാളി മരിച്ച സംഭവത്തിൽ കുടുംബത്തിനു 95 ലക്ഷം ദയാധനം നൽകാൻ വിധിച്ച് കോടതി

0
288
  • റോഡ് മുറിച്ചു കടക്കുകയായിരുന്ന മുസ്തഫയെ സ്വദേശി പൗരൻ ഓടിച്ച കാർ ഇടിക്കുകയായിരുന്നു

അബുദാബി: വാഹനം ഇടിച്ചു മരിച്ച മലയാളിയുടെ കുടുംബത്തിനു 4 ലക്ഷം ദിർഹം (ഏകദേശം 95.3 ലക്ഷം രൂപ) നൽകാൻ കോടതി വിധി. അബുദാബി കോടതിയാണ് കുടുംബത്തിന് ആശ്വാസമേകാൻ സുപ്രധാന വിധി പുറപ്പെടുവിച്ചത്. മലപ്പുറം രണ്ടത്താണി കൽപകഞ്ചേരി സ്വദേശി മുസ്തഫ ഓടായപ്പുറത്തിന്റെ കുടുംബത്തിനാണു തുക ലഭിക്കുക. 2023 ജൂലൈ 6 നാണ് അബുദാബി അൽ ഖലീജ് അൽ അറബി സ്ട്രീറ്റിൽ അൽബതീനിൽ വെച്ച് അപകടം നടന്നത്.

ബസിൽ നിന്നിറങ്ങിയ ശേഷം റോഡ് മുറിച്ചു കടക്കുകയായിരുന്ന മുസ്തഫയെ സ്വദേശി പൗരൻ ഓടിച്ച കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതര പരുക്കേറ്റ മുസ്തഫ സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു. അശ്രദ്ധമായി വാഹനമോടിച്ചതാണ് അപകട കാരണമെന്ന് അന്വേഷണത്തിൽ  കണ്ടെത്തി. ഇതേ തുടർന്നു മുസ്തഫയുടെ കുടുംബം യാബ്‌ ലീഗൽ സർവീസസ് മുഖേന നടത്തിയ നിയമ പോരാട്ടത്തിൽ 2 ലക്ഷം ദിർഹം ദയാധനം (ബ്ലഡ് മണി) നൽകാൻ അബുദാബി ക്രിമിനൽ കോടതി വിധിച്ചു.

കാർ ഡ്രൈവർക്ക് 20,000 ദിർഹം പിഴയും ചുമത്തി. എന്നാൽ തുക അപര്യാപ്തമാണെന്നും നഷ്ടപരിഹാരം കൂടി വേണമെന്ന് ആവശ്യപ്പെട്ട് നൽകിയ കേസിലാണ് ദയാധനത്തിനു പുറമേ 2 ലക്ഷം ദിർഹം കൂടി നൽകാൻ വിധിയുണ്ടായത്. ഇതോടെ കുടുംബത്തിനു മൊത്തം 4 ലക്ഷം ദിർഹം ലഭിച്ചു. ഉമ്മയും ഭാര്യയും 2 മക്കളും അടങ്ങുന്ന മുസ്തഫയുടെ കുടുംബത്തിന് ഇതു വലിയ കൈത്താങ്ങാകുമെന്നു യാബ്‌ ലീഗൽ സർവീസസ് സിഇഒ സലാം പാപ്പിനിശ്ശേരി പറഞ്ഞു.