സഊദിയിലേക്ക് മരുന്നുകൾ കൊണ്ട് വരാം, സംവിധാനം എളുപ്പമാക്കി അധികൃതർ, ഓൺലൈനിൽ എളുപ്പത്തിൽ പെർമിറ്റ് നേടാം

0
683

റിയാദ്: നിയന്ത്രിത മരുന്നുകൾ കൊണ്ടുപോകുന്ന യാത്രക്കാർക്ക് ഡിജിറ്റൽ സംവിധാനം അവതരിപ്പിച്ച് സഊദി അറേബ്യ. യാത്രക്കാർക്ക് ആവശ്യമുള്ള മരുന്നുകൾ കൊണ്ട് വരാൻ മരുന്നുകൾക്ക് ഓൺലൈൻ ക്ലിയറൻസ് പെർമിറ്റുകൾ നേടാൻ സൗകര്യമൊരുക്കി പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ സഊദി അറേബ്യ അവതരിപ്പിച്ചു.

സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതോടൊപ്പം രോഗികൾക്ക് മുന്തിയ പരിഗണന നൽകുന്നതിനും യാത്രാ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും വേണ്ടിയാണ് പുതിയ സംവിധാനമെന്നും സഊദി ഫുഡ്സ് ആണ് ഡ്രഗ്സ് അതോറിറ്റി (എസ്‌എഫ്‌ഡിയ) അറിയിച്ചു. മരുന്നുകൾ സംബന്ധിച്ച എല്ലാ വിവരങ്ങളും അതിന്റെ സിഡിഎസ് അഥവാ https://cds.sfda.gov.sa/ എന്ന വെബ്‌സൈറ്റ് വഴി ലഭ്യമാണെന്ന് അതോറിറ്റി വ്യക്തമാക്കി. പട്ടികയിൽ രാജ്യത്തെ നിയമപ്രകാരം കർശനമായി നിരോധിക്കപ്പെട്ട നാർക്കോട്ടിക്, സൈക്കോട്രോപിക് പദാർഥങ്ങൾ എന്നിവയും ഉൾപ്പെടുന്നു.

യാത്രക്കാർ https://cds.sfda.gov.sa/ എന്ന ലിങ്ക് മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ലിങ്കിൽ കയറി ലോഗിൻ ചെയ്‌ത്‌ Register Individual User എന്ന് സെലക്ട് ചെയ്യുക. തുടർന്ന് വിൻഡോയിൽ പ്രത്യക്ഷപ്പെടുന്ന വ്യക്തിഗത വിവരങ്ങൾ നൽകി അക്കൗണ്ട് നിർമ്മിക്കുക. ശേഷം യൂസർ നൈമും പാസ്‌വേർഡും നൽകി ലോഗിൻ ചെയ്‌താണ്‌ പെർമിറ്റ് എടുക്കേണ്ടത്. മരുന്നുകളുടെ ചിത്രങ്ങളും വിശദാംശങ്ങളും യാത്രക്കാരന്റെ/ രോഗിയുടെ തിരിച്ചറിയൽ രേഖകൾ, രോഗിയുടെ വിശദ വിവരങ്ങൾ. ഡോക്ടറുടെ പ്രിസ്‌ക്രിപ്‌ഷൻ, മെഡിക്കൽ റിപ്പോർട്ട് എന്നിവ സൈറ്റിൽ ആവശ്യപ്പെടുന്ന സ്ഥലത്ത് അപ്ലോഡ് ചെയ്യണം.

മരുന്നിന്റെ വ്യാപാര നാമം, ഉൾപ്പെട്ടിട്ടുള്ള കണ്ടന്റുകൾ, മരുന്നിന്റെ സാന്ദ്രത, അളവ് അല്ലെങ്കിൽ പായ്ക്ക് വലുപ്പം എന്നിവയുൾപ്പെടെ കൃത്യമായ വിശദാംശങ്ങൾ നൽകിക്കൊണ്ട് അവർക്ക് കൂടുതൽ മരുന്നുകൾ ഇതിൽ ഉൾപ്പെടുത്തി കൊണ്ട് വരാനും സാധിക്കും. യാത്രക്കാരനോ മറ്റൊരു രോഗിക്കോ വേണ്ടിയുള്ള മരുന്നിന്റെ മെഡിക്കൽ ആവശ്യകത തെളിയിക്കുന്ന രേഖകൾ അപേക്ഷകർ ഉൾപ്പെടുത്തണം. അപേക്ഷ സമർപ്പിച്ചാൽ ‘നിരസിച്ചു’ അല്ലെങ്കിൽ ‘അപൂർണ്ണം’ എന്നിങ്ങനെ വ്യക്തമായി തരംതിരിച്ചിരിക്കുന്ന അപേക്ഷയുടെ നില യാത്രക്കാർക്ക് ട്രാക്ക് ചെയ്യാനും കഴിയും. അപേക്ഷ സമർപ്പിച്ച ശേഷം വീണ്ടും ലോഗിൻ ചെയ്ത് ഓൺലൈനിൽ തന്നെ പെർമിറ്റ് ലഭിക്കുന്നതും ഈ പെർമിറ്റ് യാത്രയിൽ കരുതിയാൽ മതിയാവും.