മോഷണത്തിനിടെ സ്പെഷൽ ക്ലാസ്; പൂട്ടുപൊളിക്കാൻ പ്രത്യേക ആയുധം, മാങ്ങാനം കവർച്ചാ സംഘത്തിൽ ‘വിദ്യാർഥികളും’?

0
226

കോട്ടയം: മാങ്ങാനത്ത് വില്ല കുത്തിത്തുറന്ന് 50 പവൻ സ്വർണം കവർച്ച ചെയ്തവരുടെ കയ്യിൽ പൂട്ട് പൊളിക്കാൻ പ്രത്യേക ആയുധം ഉണ്ടായിരുന്നതായി പൊലീസ്. സംഘത്തിലെ പ്രധാനിയെ തിരിച്ചറിഞ്ഞു. സംഘത്തെ കണ്ടെത്താൻ തിരച്ചിൽ പുരോഗമിക്കുന്നു.

രണ്ടു തരം ആയുധങ്ങൾ മോഷ്ടാക്കളുടെ പക്കലുണ്ടായിരുന്നതായി പൊലീസ് പറയുന്നു. വില്ലകളിൽ വാതിലും കട്ടിളയും ചേരുന്ന ഭാഗത്തേക്കു കമ്പിപ്പാര കടത്തിയാണ് പൂട്ട് പൊളിച്ചതെങ്കിൽ വെൽനെസ് ക്ലിനിക്കിന്റെ ഇരുമ്പ് വാതിലിന്റെ പൂട്ട് പ്രത്യേക ഉപകരണം ഉപയോഗിച്ച് മുറിക്കുകയായിരുന്നു. 

മാങ്ങാനം സ്കൈലൈൻ പാം മെഡോസിൽ 21–ാം നമ്പർ വില്ലയിൽ താമസിക്കുന്ന അമ്പുക്കയത്ത് അന്നമ്മ തോമസ് (84), മകൾ സ്നേഹ ബി.ഫിലിപ് (54) എന്നിവരുടെ സ്വർണമാണു ശനിയാഴ്ച പുലർച്ചെ കവർന്നത്. സ്കൈലൈൻ പാം മെഡോസ് 21ാം നമ്പർ വില്ല, ആയുഷ്‌ മന്ത്ര വെൽനെസ് ക്ലിനിക് എന്നിവിടങ്ങളിലെ മോഷണം കൂടാതെ 4 ഇടങ്ങളിൽ അന്ന് മോഷണശ്രമവും നടന്നതായി പ്രദേശവാസികൾ പറഞ്ഞു. കവർച്ച സംഘത്തിൽ 5 പേർ ഉണ്ടെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. 

ചുറ്റിക പോലുള്ളവ കൊണ്ട് അടിയേറ്റ പാട് വില്ലയുടെ വാതിലിൽ കാണാം. ആയുധങ്ങളടങ്ങിയ ഭാരമുള്ള ബാഗ് മോഷ്ടാക്കളിൽ ഒരാളുടെ പക്കലുണ്ടായിരുന്നു. വർക്‌ഷോപ്പിൽ ഉപയോഗിക്കുന്ന തരം ക്രോസ് സ്പാനറും ചെറിയ കത്തികളും ഇവരുടെ പക്കലുണ്ടായിരുന്നു. വില്ലകളിലെ കവർച്ചയ്ക്ക് ശേഷം പുലർച്ചെ 3.03ന് ആണ് സംഘം ക്ലിനിക്കിലെത്തുന്നത്. ക്ലിനിക്കിൽ മോഷണത്തിനു ശേഷം രൂക്ഷമായ ഗന്ധം നിലനിന്നിരുന്നു. പൊലീസ് നായയ്ക്കു ഗന്ധം ലഭിക്കാതിരിക്കാൻ മോഷ്ടാക്കൾ മറ്റെന്തോ മുറിയിൽ സ്പ്രേ ചെയ്തെന്നാണ് കരുതുന്നത്.