ന്യൂഡൽഹി: 300 കിലോമീറ്റർ അകലെ നിന്ന് നിരീക്ഷണ വിമാനം ഇന്ത്യ വെടിവച്ചിട്ടത് പാക്കിസ്ഥാന് വലിയ മാനസിക ആഘാതം സൃഷ്ടിച്ചെന്ന് റിപ്പോർട്ട്. 300 കിലോമീറ്റർ അകലെ നിന്ന് ഇന്ത്യൻ വ്യോമസേന പാക്കിസ്ഥാൻ വിമാനം വെടിവച്ചിട്ടതിനെക്കുറിച്ചുള്ള എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ്ങിന്റെ പരാമർശം ഇന്ത്യയുടെ അഭൂതപൂർവമായ വ്യോമ മേധാവിത്വത്തെ പ്രതിഫലിപ്പിക്കുന്നതാണ്. ഓപ്പറേഷൻ സിന്ദൂരിനിടെ ഇത് പാക്കിസ്ഥാന് വലിയ മാനസിക പ്രഹരമേൽപ്പിച്ചതായും സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു.
‘പാക്കിസ്ഥാനെ മണിക്കൂറുകൾക്കുള്ളിൽ മുട്ടുക്കുത്തിച്ചു, ലോകം മുഴുവൻ ഇന്ത്യയുടെ പുതിയ മുഖം കണ്ടു’
ശനിയാഴ്ച നടന്ന ഒരു പരിപാടിയിലാണ് അമർ പ്രീത് സിങ് ഓപ്പറേഷൻ സിന്ദൂരിന്റെ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയത്. ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ദൈർഘ്യമേറിയ കര-വ്യോമ ആക്രമണമാണിതെന്നും അമർ പ്രീത് സിങ് പറഞ്ഞു.
300 കിലോമീറ്ററോ അതിൽ കൂടുതലോ ദൂരത്ത് നിന്ന് കരയിൽനിന്നുള്ള ഒരു മിസൈൽ അത്തരമൊരു വസ്തുവിനെ വീഴ്ത്തുമെന്നതിനെക്കുറിച്ച് പൊതുജനങ്ങൾക്ക് ലഭ്യമായ വിവരങ്ങളില്ലാത്തതിനാൽ ഇത് പ്രാധാന്യമർഹിക്കുന്നു എന്നാണ് മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ പേര് വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെ പിടിഐയോട് പറഞ്ഞത്.
ആ ആക്രമണം പാക്ക് സേനയ്ക്ക് മാനസികമായും തന്ത്രപരമായും വലിയ പ്രഹരമാണ് ഏൽപ്പിച്ചത്, ഇത് പാക്കിസ്ഥാന് മറികടക്കാൻ പ്രയാസമായിരിക്കുമെന്നും മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞു. പാക്കിസ്ഥാന്റെ എല്ലാ കോണുകളിലും ഇന്ത്യയ്ക്ക് വ്യോമാക്രണം നടത്താൻ സാധിക്കുമെന്ന് ഈ വ്യോമാക്രമണത്തിലൂടെ തെളിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. റഷ്യൻ നിർമിത എസ്-400 വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഇന്ത്യയെ വ്യോമ ആധിപത്യം ശക്തിപ്പെടുത്താൻ സഹായിച്ചുവെന്നും റിപ്പോർട്ടുകൾ പറയുന്നു.





