വീട്ടിലേക്ക് വിളിച്ചുവരുത്തി കാമുകി; വസ്ത്രം അഴിച്ചുമാറ്റി സ്ക്രൂഡ്രൈവറും കട്ടിങ് പ്ലെയറും ഉപയോഗിച്ച് കൊലപാതകം, കൂട്ടുനിന്ന് ഭർത്താവ്

0
280

ലക്നൗ: ഉത്തർപ്രദേശിലെ സംഭാലിൽ 45 വയസ്സുകാരനെ സ്ക്രൂഡ്രൈവറും കട്ടിങ് പ്ലെയറും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ഉപയോഗിച്ചു പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ ദമ്പതികൾ അറസ്റ്റിൽ. സാമ്പത്തിക വിഷയമാണ് കൊലപാതകത്തിനു പിന്നിലെന്ന് കൊല്ലപ്പെട്ട അനീഷിന്റെ കുടുംബം പറയുന്നുവെങ്കിലും വിവാഹേതര ബന്ധമാണ് കുറ്റകൃത്യത്തിനു പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. 

അനീഷിനെ ക്രൂരമായാണ് കൊലപ്പെടുത്തിയതെന്ന് അദ്ദേഹത്തിന്റെ പിതാവ് മുസ്തകിം പറഞ്ഞു. വീട്ടിലേക്ക് വിളിച്ചുവരുത്തിയായിരുന്നു കൊലപാതകം. വസ്ത്രം അഴിച്ചുമാറ്റി മകന്റെ കൈകാലുകൾ ഒടിച്ചെന്നും പിതാവ് പറയുന്നു. അനീഷിന്റെ വിവാഹം അടുത്തിടെ ഉറപ്പിച്ചിരുന്നു. വർഷങ്ങൾക്ക് മുൻപ് അനീഷ് ദമ്പതികൾക്ക് കടം കൊടുത്ത ഏഴു ലക്ഷം രൂപ ആവശ്യപ്പെട്ടതാണ് പകയ്ക്കു പിന്നിലെന്നും അനീഷിന്റെ പിതാവ് പറഞ്ഞു. 

ദമ്പതികളുടെ ആക്രമണത്തിൽ പരുക്കേറ്റ അനീഷ് എങ്ങനെയോ രക്ഷപ്പെട്ട് സ്വന്തം വീട്ടിലെത്തിയെന്നും അവിടെ വച്ചായിരുന്നു മരണം സംഭവിച്ചതെന്നുമാണ് ബന്ധുക്കൾ പറയുന്നത്. ഇന്നലെ രാത്രി വൈകിയാണ് അനീഷിന്റെ മരണത്തെക്കുറിച്ച് വിവരം ലഭിച്ചതെന്ന് അഡീഷനൽ പൊലീസ് സൂപ്രണ്ട് രാജേഷ് കുമാർ ശ്രീവാസ്തവ പറഞ്ഞു. കൊലപാതക കേസ് റജിസ്റ്റർ ചെയ്തു. ദമ്പതികൾക്കെതിരെ തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അനീഷിന്റെ അയൽവാസിയായ റയീസ് അഹമ്മദും ഭാര്യ സിതാരയും ചേർന്ന് അദ്ദേഹത്തെ ക്രൂരമായി കൊലപ്പെടുത്തിയതായി അന്വേഷണത്തിൽ വ്യക്തമായതായും രാജേഷ് കുമാർ ശ്രീവാസ്തവ പറഞ്ഞു. ചോദ്യം ചെയ്യലിൽ, ഇരയായ അനീഷിന് സിതാരയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി.

റയീസും സിതാരയും അനീഷിനെ കൊല ചെയ്യാൻ പദ്ധതിയിട്ടു. അനീഷിനെ വീട്ടിലേക്ക് ക്ഷണിച്ചുവരുത്തിയ ശേഷമായിരുന്നു കൊലപാതകം. അതേസമയം, കൊലപാതക ഗൂഢാലോചനയിൽ സിതാര പങ്കാളിയാകാൻ കാരണമെന്താണെന്ന് വ്യക്തമല്ല.