- എമിഗ്രേഷൻ നടപടികളെല്ലാം പൂർത്തിയാക്കി വിമാനത്തിൽ കയറുന്നതിന് തൊട്ടുമുമ്പ്, എയർഇന്ത്യ എക്സ്പ്രസ് ജീവനക്കാർ ആബിദയെ തടഞ്ഞുവെന്നാണ് ജാസിൻ പരാതിയിൽ പറഞ്ഞിരുന്നത്
കൊച്ചി: വെഞ്ഞാറമ്മൂട് സ്വദേശിനിയുടെ തിരുവനന്തപുരം-അബുദാബി യാത്ര തടഞ്ഞെന്ന ആരോപണത്തിൽ മറുപടിയുമായി എയർ ഇന്ത്യ എക്സ്പ്രസ്. ലക്ഷ്യസ്ഥാനമായ രാജ്യത്തിന്റെ ബോർഡർ കൺട്രോൾ അതോറിറ്റിയാണ് യാത്രക്കാരിക്ക് പ്രവേശനം നിഷേധിച്ചതെന്നും ഇതിൽ എയർ ഇന്ത്യ എക്സ്പ്രസിന് പങ്കൊന്നുമില്ലെന്നും വിമാനക്കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു.
തിരുവനന്തപുരം വെഞ്ഞാറമ്മൂട് സ്വദേശിയായ ജാസിൻ മുബാറക്കാണ്, തന്റെ അമ്മ ആബിദ ബീവിയുടെ തിരുവനന്തപുരം-അബുദാബി യാത്ര എയർ ഇന്ത്യ എക്സ്പ്രസ് അകാരണമായി തടഞ്ഞെന്ന പരാതിയുമായി ചൊവ്വാഴ്ച രംഗത്തെത്തിയത്. ജാസിനും ജാസിന്റെ മകനുമൊപ്പമാണ് അബുദാബിയിലേക്ക് പോകാൻ ആബിദ എത്തിയത്. എന്നാൽ എമിഗ്രേഷൻ നടപടികളെല്ലാം പൂർത്തിയാക്കി വിമാനത്തിൽ കയറുന്നതിന് തൊട്ടുമുമ്പ്, എയർഇന്ത്യ എക്സ്പ്രസ് ജീവനക്കാർ ആബിദയെ തടഞ്ഞുവെന്നാണ് ജാസിൻ പരാതിയിൽ പറഞ്ഞിരുന്നത്.
ലക്ഷ്യസ്ഥാനമായ രാജ്യത്തിന്റെ ബോർഡർ കൺട്രോൾ അതോറിറ്റിയാണ് യാത്രക്കാരിക്ക് പ്രവേശനം നിഷേധിച്ചതെന്നും അത്തരം നിർദ്ദേശങ്ങൾ പാലിക്കാൻ എയർലൈൻ ബാധ്യസ്ഥരാണെന്നും എയർ ഇന്ത്യ എക്സ്പ്രസ് വാർത്താക്കുറിപ്പിൽ പറയുന്നു. ലക്ഷ്യസ്ഥാനമായ രാജ്യത്തെ ഇമിഗ്രേഷൻ അധികൃതരിൽനിന്ന് പ്രവേശന അനുമതി നിഷേധിച്ചുകൊണ്ടുള്ള അറിയിപ്പ് ലഭിച്ചതിനെ തുടർന്നാണ് യാത്രക്കാരിക്ക് ബോർഡിങ് നിഷേധിച്ചത്. അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ അവിടെയെത്തുന്ന യാത്രക്കാരിക്ക് നാടുകടത്തലോ പിഴയോ ലഭിക്കുമായിരുന്നു. രാജ്യത്തേക്കുള്ള പ്രവേശനത്തിന് പരമാധികാരമുള്ള അതോറിറ്റികൾ കൈക്കൊള്ളുന്ന തീരുമാനങ്ങളിൽ എയർ ഇന്ത്യ എക്സ്പ്രസിന് യാതൊരു പങ്കുമില്ലെന്നും വിമാനക്കമ്പനി വക്താവ് അറിയിച്ചു.
അതേസമയം, എയർ ഇന്ത്യ എക്സ്പ്രസ് ആബിദയ്ക്ക് യാത്ര നിഷേധിച്ചുവെങ്കിലും തിരുവനന്തപുരത്തുനിന്നുള്ള മറ്റൊരു വിമാനത്തിൽ അവരും പേരക്കുട്ടിയും ചൊവ്വാഴ്ച പുലർച്ചെ ഷാർജയിൽ എത്തിയിരുന്നു. അബുദാബിയിലും ദുബായിലും ഷാർജയിലുമെല്ലാം അന്വേഷിച്ചെങ്കിലും ആബിദയ്ക്ക് യാത്രാവിലക്കുള്ളതായി എവിടെനിന്നും അറിയാൻ കഴിഞ്ഞില്ലെന്നും ജാസിൻ പരാതിയിൽ വ്യക്തമാക്കിയിരുന്നു.