ഉഗ്രശബ്ദം, തീ കത്തിയ വീട്; ചിതറിയ ശരീരഭാഗം കണ്ട് ഞെട്ടി നാട്ടുകാർ, കണ്ണൂരിലെ സ്ഫോടനത്തിൽ നടുക്കുന്ന കാഴ്ചകൾ

0
14

കണ്ണൂർ: ‘പുലർച്ചെ രണ്ടു മണിയോടെയാണ് വലിയ ശബ്ദം കേട്ടത്. ചെന്നു നോക്കിയപ്പോൾ ശരീരഭാഗങ്ങൾ ചിതറി കിടക്കുന്നതു കണ്ടു’– കണ്ണപുരം കീഴറയിൽ സ്ഫോടനമുണ്ടായ വാടക വീടിന് അടുത്തു താമസിക്കുന്നവർ ഞെട്ടലോടെ പറയുന്നു. സ്ഫോടനത്തിൽ ഒരാളാണ് മരിച്ചത്.

പരുക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചുറ്റുമുള്ള വീടുകൾക്കു കേടുപാടുണ്ടായി. വീട്ടിൽ താമസിച്ചിരുന്നവരെക്കുറിച്ച് അയൽവാസികൾക്ക് അറിയില്ല. വീട്ടിൽ പടക്ക നിർമാണം നടന്നതായാണ് പ്രാഥമിക വിവരം.

ആരെയും നടുക്കുന്ന കാഴ്ചയാണ് ഉഗ്രസ്ഫോടനത്തെ തുടർന്നുണ്ടായത്. സ്ഫോടന ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ കണ്ടത് തീ ആളി പടർന്ന വീടാണ്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നാണ് കണ്ണപുരം പൊലീസും ഫയർ ഫോഴ്സും സ്ഥലത്ത് എത്തിയത്. പ്രദേശം ഇപ്പോൾ പൊലീസ് നിയന്ത്രണത്തിലാണ്. കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ പി. നിധിൻ രാജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. കണ്ണൂരിൽ നിന്നെത്തിയ ഫൊറൻസിക് വിഭാഗത്തിന്റെ പരിശോധനയും പുലർച്ചെ മുതൽ തുടങ്ങി.

കണ്ണപുരം, തളിപറമ്പ് പൊലീസ് സ്റ്റേഷനുകളിലെ പൊലീസുകാരും നാട്ടുകാരും ചേർന്നാണ് പൊള്ളലേറ്റയാളെ ആശുപത്രിയിലെത്തിച്ചത്. സ്ഫോടനത്തിൽ ശരീര ഭാഗങ്ങള്‍ ചിന്നിചിതറി കിടക്കുകയാണ്. ഇതാരുടെതാണെന്ന് വ്യക്തമല്ല.

പടക്ക നിർമാണത്തിനിടെ ഉണ്ടായ അപകടമാണ് സ്ഫോടനത്തിനു പിന്നിലെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. കീഴറ ഗോവിന്ദൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ രണ്ടു പേരാണ് വാടകയ്ക്കു താമസിച്ചിരുന്നത്. പയ്യന്നൂരിൽ സ്പെയർ പാർട്സ് കട നടത്തുന്നവരാണ് ഇവരെന്നാണ് ലഭിക്കുന്ന വിവരം. മരിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പൊലീസ് നടത്തിവരികയാണ്.