പ്രണയവിവാഹങ്ങള്‍ക്ക് കടുത്ത നിയന്ത്രണമേര്‍പ്പെടുത്തി; കുടുംബത്തിന്റെ അനുമതിയില്ലാതെ പ്രണയ വിവാഹങ്ങൾ പാടില്ല

0
299

പഞ്ചാബ്: പ്രണയവിവാഹങ്ങള്‍ക്ക് കടുത്ത നിയന്ത്രണമേര്‍പ്പെടുത്തി പ്രമേയം പാസാക്കി മൊഹാലി ജില്ലയിലെ മനക്പൂര്‍ ഷരീഫ് ഗ്രാമപഞ്ചായത്ത്. കുടുംബാംഗങ്ങളുടെയോ സമൂഹത്തിലെ അംഗങ്ങളുടെയോ അനുമതിയില്ലാതെയുള്ള പ്രണയ വിവാഹങ്ങള്‍ നിരോധിച്ചുകൊണ്ടുള്ളതാണ് പ്രമേയം.

ഈ തീരുമാനം വൻ വിവാദങ്ങൾക്കു തിരി കൊളുത്തിയിരിക്കുകയാണ്. വിഷയത്തിൽ രാഷ്ട്രീയ നേതാക്കളും മനുഷ്യാവകാശ സംഘടനകളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.

മാതാപിതാക്കളുടെയോ സമൂഹത്തിന്റെയോ സമ്മതമില്ലാതെ വിവാഹം കഴിക്കുന്ന ദമ്പതികളെ ഗ്രാമത്തിലോ പരിസരപ്രദേശങ്ങളിലോ താമസിക്കാന്‍ അനുവദിക്കില്ലെന്ന് പ്രമേയത്തില്‍ പറയുന്നു. ഇത്തരത്തില്‍ വിവാഹിതരാകുന്നവരെ പിന്തുണയ്ക്കുകയും അവര്‍ക്ക് അഭയം നല്‍കുകയും ചെയ്യുന്ന ഗ്രാമീണര്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് മുന്നറിയിപ്പ് നല്‍കി.

ഇതൊരു ശിക്ഷയല്ലെന്നും മറിച്ച് പാരമ്പര്യങ്ങളെയും മൂല്യങ്ങളെയും സംരക്ഷിക്കുന്നതിനുള്ള ഒരു പ്രതിരോധ നടപടിയാണെന്നും പഞ്ചായത്ത് പ്രതിനിധികൾ പറഞ്ഞു. അടുത്തിടെ നടന്ന ഒരു പ്രണയ വിവാഹത്തെത്തുടർന്നുണ്ടായ പ്രശ്നങ്ങളാണ് ഇത്തരമൊരു നീക്കത്തിലേക്കു നയിച്ചതെന്നും പഞ്ചായത്ത് വിശദീകരിച്ചു. പ്രമേയത്തില്‍ കടുത്ത നിലപാട് സ്വീകരിച്ചെങ്കിലും ഗ്രാമം പ്രണയ വിവാഹങ്ങള്‍ക്കോ നിയമങ്ങള്‍ക്കോ എതിരല്ലെന്നും പഞ്ചായത്ത് വ്യക്തമാക്കി. 

പട്യാലയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി ധരംവീര ഗാന്ധി പ്രമേയത്തെ അപലപിച്ചു. ‘‘ഒരാളുടെ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഓരോ മുതിര്‍ന്ന വ്യക്തിയുടെയും മൗലികാവകാശമാണ്. പഞ്ചായത്തിന്റെ തീരുമാനത്തില്‍ സംസ്ഥാനം ഇടപെടുകയും വിചിത്രമായ മനോഭാവങ്ങളില്‍ നിന്ന് ദമ്പതികളെ സംരക്ഷിക്കുകയും വേണം’’– ധരംവീര ഗാന്ധി പറഞ്ഞു.