‘മുൻവശം വാതിലിന്‍റെ ചവിട്ടിയുടെ അടിയിൽ പണമുണ്ട്, എടുക്കുക’; കോളിംഗ് ബെല്ലിൽ കണ്ട കുറിപ്പ്, കരുണ വറ്റാത്ത കാരുണ്യത്തിന്‍റെ നേർക്കാഴ്ച്ച

0
190

മണ്ണഞ്ചേരി: ചവിട്ടിയുടെ അടിയിൽ മുൻവശം ചികിത്സ നിധി പണമുണ്ട് എടുക്കുക. ദർവേഷ് ചികിത്സ സഹായ സമിതി പ്രവർത്തകർ നേരത്തെ നടത്തിയ അറിയിപ്പ് പ്രകാരം മണ്ണഞ്ചേരി പഞ്ചായത്ത് മൂന്നാം വാർഡിലെ ഒരു ഭവനത്തിൽ ചെന്നപ്പോൾ കണ്ട കുറിപ്പടിയാണ് പ്രവർത്തകരുടെ മനസിനെ കുളിരണിയിപ്പിച്ചത്.

അതിരാവിലെ വീട്ടിലെത്തിയ പ്രവർത്തകർ വീട്ടുകാരെ കാണാതിരുന്നതിനാൽ കോളിംഗ് ബെല്ല് പ്രവർത്തിപ്പിക്കാനായി വരാന്തയിലേക്ക് കയറി. സ്വിച്ച് ബോർഡിൽ സെല്ലോടേപ്പ് കൊണ്ട് പതിപ്പിച്ച നിലയിലാണ് കുറുപ്പടി കണ്ടത്.

ബെൽ സ്വിച്ചിൽ സ്പർശിച്ചാൽ വൈദ്യുതാഘാതം ഏൽക്കും സൂക്ഷിക്കുക എന്ന കുറിപ്പടിയായിരിക്കും സൂക്ഷിക്കണേ എന്ന് പുറത്ത് നിന്നവർ പറഞ്ഞ ആശങ്കയോടെ മനസിൽ വായിച്ചയാൾ ഉറക്കെ വായിച്ചപ്പോഴാണ് കരുണ വറ്റാത്ത കാരുണ്യത്തിന്‍റെ നേർക്കാഴ്ച്ചയാണെന്ന് മനസിലാക്കിയ പ്രവർത്തകരുടെ മനസും, കണ്ണും ഒരേ പോലെ നിറഞ്ഞത്. തറമൂടിന് സമീപം അനുപം വീട്ടിൽ റിട്ട. അധ്യാപക ദമ്പതികളായ അജിത്ത്കുമാർ – കലാദേവി എന്നിവരുടെ വീട്ടിൽ നിന്നാണ് നന്മയുടെ ഈ കുറിപ്പ് കിട്ടിയത്.

കഴിഞ്ഞ 24 ന് പനയിൽ ജംഗ്ഷന് സമീപം ഇരുചക്രവാഹനങ്ങൾ തമ്മിൽ കൂട്ടി ഇടിച്ച് പഞ്ചായത്ത് മൂന്നാം വാർഡ് കുമ്പളത്ത് വീട്ടിൽ ദർവേഷിന് (23) തലക്ക് ഗുരുതര പരുക്ക് പറ്റി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

ചികിത്സക്ക് പണം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന നിർധന കുടുംബത്തിന്‍റെ നിസഹായാവസ്ഥ ബോധ്യപ്പെട്ട ജനപ്രതിനിധികളും, മഹല്ല്, മസ്ജിദ് ഭാരവാഹികളും, ജീവകാരുണ്യ പ്രവർത്തകരും ചേർന്ന് ചികിത്സ സഹായ സമിതി രൂപീകരിക്കുകയും ഇന്ന് ഏകദിന പൊതു സമാഹരണവും നടത്തിയിരുന്നു. പഞ്ചായത്തിലെ മൂന്ന്, അഞ്ച്, ആറ്, 17, 19, 20 വാർഡുകളിലായാണ് ധന സമാഹരണം നടന്നത്. പതിനഞ്ച് ലക്ഷം രൂപയോളം സമാഹരിക്കാനായെന്ന് സമിതി ഭാരവാഹികൾ പറഞ്ഞു. ദർവേഷിന്‍റെ വീട് സ്ഥിതി ചെയ്യുന്ന മൂന്നാം വാർഡിൽ നിന്ന് മാത്രം നാല് ലക്ഷം രൂപ സമാഹരിച്ചു.