ബെംഗളൂരു: നടിയും കോണ്‍ഗ്രസ് മുന്‍ എംപിയുമായ രമ്യ (ദിവ്യ സ്പന്ദന) നല്‍കിയ സൈബര്‍ ആക്രമണ പരാതിയില്‍ രണ്ടുപേരെ അറസ്റ്റുചെയ്ത് ബെംഗളൂരു പോലീസ്. ഇക്കഴിഞ്ഞ ജൂലൈയ് 28-നാണ് തനിക്കെതിരായ സൈബര്‍ ആക്രമണം സംബന്ധിച്ച് രമ്യ പോലീസില്‍ പരാതി നല്‍കിയത്. 43 സാമൂഹ്യമാധ്യമ അക്കൗണ്ടുകളുടെ വിവരങ്ങള്‍ ഉള്‍പ്പെടെ നല്‍കിയ പരാതിയിലാണ് ബെംഗളൂരു പോലീസ് കേസെടുത്ത് രണ്ടുപ്രതികളെ അറസ്റ്റ് ചെയ്തത്.
‘രമ്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. സാമൂഹ്യമാധ്യമങ്ങളില്‍ അസഭ്യം നിറഞ്ഞതും ഭീഷണിപ്പെടുത്തുന്നതുമായ പോസ്റ്റുകള്‍ ഷെയര്‍ ചെയ്തതുമായി നേരിട്ട് ബന്ധമുള്ള 11 പേരെക്കൂടി തിരിച്ചറിഞ്ഞിട്ടുണ്ട്. അവരുടെ അറസ്റ്റുകള്‍ ഉടന്‍ ഉണ്ടാവും,’ ബെംഗളൂരു പോലീസ് കമ്മിഷണര്‍ സീമന്ത് കുമാര്‍ സിങ് ശനിയാഴ്ച നടത്തിയ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.
നടനും രേണുകാസ്വാമി കൊലക്കേസ് പ്രതിയുമായ ദര്‍ശന് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ സുപ്രീംകോടതി വിമര്‍ശിച്ചതുമായി ബന്ധപ്പെട്ട് ജൂലൈയ് 24-ന് പുറത്തുവന്ന ഒരു പത്രവാര്‍ത്ത പങ്കുവെച്ചതുമായി ബന്ധപ്പെട്ടാണ് രമ്യയ്ക്കുനേരെ സൈബര്‍ ആക്രമണം തുടങ്ങിയത് എന്നാണ് വിവരം. സുപ്രീംകോടതിയുടെ അഭിപ്രായത്തെ സ്വാഗതം ചെയ്യുന്നുവെന്നും രേണുകാസ്വാമിക്ക് നീതി ലഭിക്കണം എന്നും ആവശ്യപ്പെട്ടാണ് രമ്യ തന്റെ സാമൂഹ്യമാധ്യമ അക്കൗണ്ടില്‍ പോസ്റ്റ് ഷെയര്‍ ചെയ്തത്.
പിന്നാലെ, ദര്‍ശന്റെ ആരാധകര്‍ തനിക്കെതിരെ സൈബര്‍ ആക്രണം നടത്തുകയായിരുന്നു എന്നാണ് രമ്യയുടെ പരാതി. കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ആഭാസംനിറഞ്ഞ സന്ദേശങ്ങള്‍ അയയ്ക്കുകയും ചെയ്തതായി രമ്യ പരാതിയില്‍ പറയുന്നു. അറസ്റ്റുചെയ്യപ്പെട്ട രണ്ടുപേരും സമീപ ജില്ലകളില്‍ നിന്നുള്ളവരാണെന്ന് പോലീസ് വൃത്തങ്ങള്‍ പറയുന്നു. ഇവര്‍ക്കെല്ലാം ദര്‍ശനുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്നത് പരിശോധിച്ച് വരികയാണെന്നും പോലീസ് അറിയിച്ചു.