12കാരിയെ പീഡിപ്പിച്ച് 72കാരന്‍; കുടുങ്ങിയത് ഡിഎന്‍എ പരിശോധനയില്‍; പെണ്‍കുട്ടി ഗര്‍ഭിണി

0
215

കോഴിക്കോട് താമരശ്ശേരിയില്‍ പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ എഴുപത്തിരണ്ടുകാരന്‍ അറസ്റ്റില്‍. താമരശ്ശേരി ചുങ്കം കയ്യേലിക്കുന്ന് വീട്ടില്‍ ഹുസൈന്‍കുട്ടിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ പ്രത്യേക പോക്‌സോ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തു.

‍കഴിഞ്ഞ മേയില്‍ വയറുവേദനയെത്തുടര്‍ന്ന് എട്ടാംക്ലാസ് വിദ്യാര്‍ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്. തുടര്‍ന്ന് നടത്തിയ അന്വേഷണതിലാണ് പീഡനവിവരം പുറത്തുവരുന്നത്. പിന്നാലെ പെണ്‍കുട്ടിയെ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പരിശോധനയില്‍ അഞ്ചുമാസം ഗര്‍ഭിണിയാണെന്ന് വ്യക്തമായി. 

ഡോക്ടര്‍ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുത്തു. പിന്നീട് പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി എഴുപത്തിരണ്ടുകാരനെതിരെ കേസെടുക്കുകയായിരുന്നു. 2024 ഡിസംബറിനും 2025 ജനുവരിക്കുമിടയിലായിരുന്നു പീഡനമെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. പീഡിപ്പിച്ചത് ഹുസൈന്‍കുട്ടിയാണെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.

പ്രതിക്കെതിരായ ആരോപണം തെളിയിക്കാന്‍ പൊലീസ് ഇയാളെ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയനാക്കി. പരിശോധനാഫലം പുറത്തുവന്നതോടെ പീഡിപ്പിച്ചത് ഹുസൈന്‍കുട്ടി തന്നെയാണെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്നാണ് താമരശ്ശേരി ഇന്‍സ്‌പെക്ടര്‍ എ. സായൂജ്കുമാറിന്‍റെ നേതൃത്വത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തത്.