പീഡനശ്രമം‌ ചെറുത്ത യുവതിയെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തി; പ്രതി അറസ്റ്റിൽ

0
228

പാലക്കാട്: കോട്ടമൈതാനത്തിനു സമീപം ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ യുവതി മരിച്ച സംഭവം കൊലപാതകമെന്നു പൊലീസ് കണ്ടെത്തി. യുവതിയെ ആശുപത്രിയിലെത്തിച്ച മീനാക്ഷിപുരം പട്ടഞ്ചേരി മല്ലൻകുളമ്പ് സ്വദേശി എസ്.സുബ്ബയ്യനെ (40) സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു.

പീഡനശ്രമം ചെറുത്ത യുവതിയെ സുബ്ബയ്യൻ മർദിച്ചും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. പാലക്കാട് സ്വദേശിയായ 46 വയസ്സുകാരിയാണു കൊല്ലപ്പെട്ടത്. ആക്രി പെറുക്കി ജീവിക്കുകയായിരുന്നു. 30നു രാത്രി ഒൻപതോടെ സ്റ്റേഡിയം ബൈപാസ് റോഡിലെ ആളൊഴിഞ്ഞ പറമ്പിൽ നിന്നു യുവതിയെ സുബ്ബയ്യനാണ് ഓട്ടോയിൽ ജില്ലാ ആശുപത്രിയിലെത്തിച്ചത്. ഭാര്യയാണെന്നും അസുഖം കൂടി അവശനിലയിലായതാണെന്നും സുബ്ബയൻ ഓട്ടോ ഡ്രൈവറെ ധരിപ്പിച്ചു. 

ഈ സമയം യുവതി അബോധാവസ്ഥയിലായിരുന്നുവെന്ന് ഓട്ടോ ഡ്രൈവർ പറഞ്ഞു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. സംശയം തോന്നിയ ആശുപത്രി അധികൃതർ പൊലീസിനെ അറിയിച്ചു. പൊലീസ് എത്തും മുൻപു കടന്നുകളയാൻ ശ്രമിച്ച സുബ്ബയ്യനെ എയ്ഡ് പോസ്റ്റിലെ ഉദ്യോഗസ്ഥൻ തടഞ്ഞുവച്ചു.

ഭാര്യയാണെന്നാണു പൊലീസിനോടും ആദ്യം ഇയാൾ പറഞ്ഞത്. പിന്നീടു തിരുത്തി. പരസ്പരവിരുദ്ധമായിരുന്നു മറുപടി. ഇതോടെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. ഭാര്യയെ ക്രൂരമായി മർദിച്ച കേസിൽ മീനാക്ഷിപുരത്ത് ഇയാൾക്കെതിരെ കേസുണ്ട്.