ആ യുവാവെങ്ങാനും ആ അച്ചാറുമായി സഊദിയിൽ ഇറങ്ങിയിരുന്നെങ്കിൽ….. പിന്നെ പുറം ലോകം കാണുമായിരുന്നില്ല, ഞെട്ടലിൽ യുവാവ്; ജീവിതം തിരിച്ചു കിട്ടിയ ആശ്വാസം; അയൽവാസി നൽകിയ അച്ചാർ കുപ്പിയിൽ കണ്ടെത്തിയത് വൻ മയക്കുമരുന്ന്

0
422
  • സഊദിയിൽ മയക്കു മരുന്ന് കടത്തിനു വധശിക്ഷയാണ്

കണ്ണൂർ: ഗൾഫിലേക്ക് കൊണ്ടുപോകാനായി അയൽവാസി ഏൽപ്പിച്ച അച്ചാർ കുപ്പിയിൽ ലഹരിമരുന്ന്. ചക്കരക്കൽ ഇരിവേരി കണയന്നൂരിലെ മിഥിലാജിന്റെ വീട്ടിൽ അയൽവാസി ജിസിൻ ഏൽപ്പിച്ച കുപ്പിയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. എംഡിഎംഎ, ഹാഷിഷ് ഓയിൽ എന്നിവയാണ് അച്ചാർ കുപ്പിയിൽ ഒളിപ്പിച്ച നിലയിലുണ്ടായിരുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ ചക്കരക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് ഞെട്ടിക്കുന്ന സംഭവം. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസി ഉൾപ്പടെയുള്ള മൂന്ന് യുവാക്കളാണ് അറസ്റ്റിലായത്.

സഊദി അറേബ്യയിലേക്ക് പോകാനിരിക്കുന്ന മിഥിലാജിന്റെ വീട്ടിൽ ഇന്നലെ രാത്രിയാണ് ജിസിൻ കുപ്പി ഏൽപ്പിച്ചത്. സഊദിയിലുള്ള മിഥിലാജിന്റെ കമ്പനിയിൽ ജോലി ചെയ്യുന്ന വഹീമിന് നൽകാൻ എന്നുപറഞ്ഞാണ് അയൽവാസി ജിസിൻ പാർസലുമായി എത്തിയത്. ശ്രീലാൽ തന്നതാണ് പൊതിയെന്നും ജിസിൻ പറഞ്ഞു. വഹീൻ ഇക്കാര്യം സൂചിപ്പിച്ചു മിഥിലാജിന് മൊബൈലിൽ മെസേജും അയച്ചിരുന്നു. അയൽവാസിയായതിനാലും വഹീമിനെ അറിയാവുന്നതിനാലും മിഥിലാജിന് സംശയമൊന്നും തോന്നിയില്ല. ലഗേജിൽ ഉൾപ്പെടുത്താനായി ഇവ മാറ്റിവെക്കുകയും ചെയ്തു.

എന്നാൽ, അച്ചാർ കുപ്പിക്ക് സീൽ ഇല്ലാതിരുന്നതാണ് വീട്ടുകാർക്ക് സംശയം തോന്നാൻ കാരണം. തുടർന്ന് അച്ചാർ മറ്റൊരു പാത്രത്തിലേക്ക് മാറ്റിയപ്പോഴാണ് ചെറിയ പ്ലാസ്റ്റിക് കവറിലാക്കി ലഹരി മരുന്ന് ഒളിപ്പിച്ചതായി കണ്ടെത്തിയത്. സംശയം തോന്നിയ വീട്ടുകാർ പൊലീസിനെ അറിയിക്കുകയായിരുന്നു.

പൊലീസെത്തി പരിശോധിച്ചപ്പോൾ എംഡിഎംഎ ആണെന്നും 2.6 ഗ്രാം തൂക്കമുണ്ടെന്നും കണ്ടെത്തി. 3.4 ഗ്രാം ഹാഷിഷും ഉണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ചക്കരക്കൽ സ്വദേശികളായ കെ.പി.അർഷദ് (31), കെ.കെ.ശ്രീലാൽ (24), പി. ജിസിൻ എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. കൂടുതൽ അന്വേഷണം നടക്കുകയാണ്.