‘ഗുഡ്ബൈ’ എന്ന അടിക്കുറിപ്പുമിട്ട് സമൂഹമാധ്യമത്തില്‍; ദമ്പതികളെ വീട്ടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

0
155

വിവാഹം കഴിഞ്ഞ് എട്ടുമാസം മാത്രമുള്ള ദമ്പതികളെ വീട്ടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ഇരുവരും ഒന്നിച്ചുള്ള ചിത്രത്തിന് ‘ഗുഡ്ബൈ’ എന്ന അടിക്കുറിപ്പുമിട്ട് സമൂഹമാധ്യമത്തില്‍ പങ്കുവച്ചതിനു ശേഷമാണ് ദമ്പതികള്‍ ജീവനൊടുക്കിയത്. ബിഹാറിലെ ബേഗുസരായ് ജില്ലയിലാണ് സംഭവം. ശുഭം കുമാര്‍ (19) ഭാര്യ മുന്നി കുമാരി (18) എന്നിവരാണ് മരിച്ചത്.

പ്രണയത്തിലായിരുന്ന ഇരുവരും എട്ടുമാസങ്ങള്‍ക്കു മുന്‍പ് ഒളിച്ചോടി വിവാഹം കഴിക്കുകയായിരുന്നു. രണ്ട് ജാതിയില്‍പെട്ട ശുഭത്തിന്‍റെയും മുന്നിയുടെയും വിവാഹത്തിന് കുടുംബം എതിര്‍പ്പറിയിച്ചിരുന്നു എന്നാണ് വിവരം. ഇന്‍സ്റ്റഗ്രാം വഴിയുള്ള പരിചയമാണ് ഇവര്‍ക്കിടയില്‍ പ്രണയമായി വളര്‍ന്നതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

2024 ഒക്ടോബറിലാണ് ഇരുവരും ഒളിച്ചോടി വിവാഹം കഴിച്ചത്. ശക്തമായ എതിര്‍പ്പുമായെത്തിയ മുന്നിയുടെ വീട്ടുകാര്‍ നാട്ടുകൂട്ടം വിളിച്ചുചേര്‍ത്തു. ഇവിടെവച്ച് മുന്നിയുടെ സീമന്തരേഖയിലെ സിന്ദൂരം കഴുകികളഞ്ഞ് വീട്ടുകാര്‍ പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയി. എന്നാല്‍ ഡിസംബറില്‍ മുന്നി വീണ്ടും ശുഭത്തിനെ തേടിയെത്തി. 

ഒന്നിച്ച് ജീവിക്കുകയായിരുന്ന ഇവര്‍ക്കിടയില്‍ ജീവനൊടുക്കാന്‍ മാത്രം പ്രശ്നങ്ങളുണ്ടായിരുന്നതായി അറിയില്ലെന്നാണ് അടുപ്പമുള്ളവര്‍ പറയുന്നത്. സംഭവദിവസം ഇരുവരും കുഞ്ഞുണ്ടാകാനുള്ള ചികിത്സയുടെ ഭാഗമായി ഡോക്ടറെ കാണാന്‍ പോയതായി വിവരമുണ്ട്. ഡോക്ടറെ കണ്ട് മടങ്ങിവന്നതിനു ശേഷം രണ്ടുപേരും വീട്ടിനുള്ളില്‍ കയറി കതകടച്ചു. പിന്നീട് വാതില്‍ തുറക്കാത്തതായി ശ്രദ്ധിച്ച ബന്ധുക്കള്‍ ജനാലയിലൂടെ അകത്തേക്ക് നോക്കിയപ്പോള്‍ കണ്ടത് തൂങ്ങി നില്‍ക്കുന്ന ശുഭത്തെയും കട്ടിലില്‍ ജീവനറ്റ് കിടക്കുന്ന മുന്നിയേയുമാണ്. ഉടന്‍ തന്നെ ഇവര്‍ വിവരം പൊലീസിനെ അറിയിച്ചു.

ഡി.സി.പി അനന്ദ് പാണ്ഡെയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മരണകാരണം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ആദ്യം മുന്നിയായിരിക്കാം തൂങ്ങിമരിച്ചത് എന്ന നിഗമനത്തിലാണ് പൊലീസ്. മുന്നിയുടെ മൃതശരീരം കട്ടിലില്‍ ഇറക്കിക്കിടത്തിയ ശേഷം അതേ കുരുക്കില്‍ ശുഭവും ജീവനൊടുക്കിയതാകാം എന്നാണ് പൊലീസ് പറയുന്നത്. കൂടുതല്‍ വിവരങ്ങള്‍ വിശദമായ പരിശോധനകള്‍ക്ക് ശേഷം അറിയിക്കാമെന്നും പൊലീസ്.
..