അഞ്ചുമക്കള്‍; മുലപ്പാല്‍ വിറ്റ് യുവതി ഒരു മാസം സമ്പാദിക്കുന്നത് 87,000 രൂപയോളം !

0
137

സ്വന്തം മുലപ്പാല്‍ വിറ്റ് മുപ്പത്തിമൂന്നുകാരി ഒരു മാസം സമ്പാദിക്കുന്നത് 87,000 രൂപയോളം. അഞ്ചു മക്കളുടെ അമ്മയായ എമിലി എന്‍ഗര്‍ എന്ന യുവതി ഇതോടെ വാര്‍ത്തകളില്‍ നിറയുകയാണ്. തന്‍റെ കുഞ്ഞിന് കൊടുത്ത് ബാക്കിയാകുന്ന മുലപ്പാലാണ് എമിലി പമ്പ് ചെയ്തെടുത്ത് വില്‍ക്കുന്നത്. ഇത് ഇപ്പോള്‍ തനിക്ക് സ്ഥിരവരുമാനമായി എന്നാണ് എമിലി പ്രതികരിച്ചിരിക്കുന്നത്. മാസം ആയിരം ഡോളര്‍, ഇന്ത്യന്‍ രൂപയിലേക്ക് മാറ്റിയാല്‍ ഏകദേശം 86,959 രൂപയാണ് എമിലിയുടെ മാസവരുമാനം. യു.എസിലെ മിനസോട്ട സ്വദേശിയാണ് എമിലി.

അധികമുള്ള പാല്‍ പമ്പ് ചെയ്തെടുത്ത് അത് കൃത്യമായി പായ്ക്ക് ചെയ്ത് ഫ്രീസര്‍ സൂക്ഷിക്കുകയാണ് എമിലി ചെയ്തിരുന്നത്. ഇത് സ്വന്തം കുഞ്ഞുങ്ങള്‍ക്ക് വേണ്ടി എടുത്തുനല്‍കുകയായിരുന്നു ആദ്യം. എന്നാല്‍ മുലപ്പാല്‍ കൂടുതലുണ്ടെന്ന് കണ്ടതോടെ മറ്റുള്ളവര്‍ക്കും നല്‍കി തുടങ്ങി.

അമേരിക്കയില്‍ മുലപ്പാല്‍ വില്‍പ്പനയ്ക്ക് സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ എമിലി ഇതൊരു വരുമാനമാര്‍ഗമാക്കി. താന്‍ മാത്രമല്ല, ധാരാളം അമ്മമാര്‍ ഇത്തരത്തില്‍ മുലപ്പാല്‍ വില്‍ക്കുന്നുണ്ടെന്നാണ് എമിലി പറയുന്നത്. അടുത്തിയെയായി ഇതില്‍ വലിയ വര്‍ധനയുണ്ടായിട്ടുണ്ട്. 

മേക്ക് അമേരിക്ക ഹെല്‍ത്തി എഗെയ്ന്‍ (Make America Healthy Again) എന്ന പ്രസ്ഥാനം കൂടി നിലവില്‍ വന്നതോടെ മുലപ്പാല്‍ വില്‍പ്പന മികച്ച രീതിയില്‍ മുന്നേറി. ഇതിന് ആരോഗ്യ സെക്രട്ടറി റോബര്‍ട്ട് എഫ്. കെന്നഡിയുടെ ഉറച്ച പിന്തുണയുമുണ്ടായി. കുഞ്ഞുങ്ങള്‍ക്ക് ഫോര്‍മുല നല്‍കുന്നതിലും നല്ലത് ഇങ്ങനെയൊരു അവസരമുണ്ടെങ്കില്‍ അത് പ്രോത്സാഹിപ്പിക്കേണ്ടതല്ലേ എന്നാണ് കെന്നഡി ചോദിച്ചത്. സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണവും ഗുണപ്രദമായി. പല ഇന്‍ഫ്യുവന്‍സര്‍മാരും ഇത് ഏറ്റെടുത്തു. ‘മക്കള്‍ക്ക് നല്ലത് നല്‍കൂ, മുലപ്പാല്‍ തന്നെ നല്‍കൂ’ എന്ന പ്രസ്താവന എല്ലാവരും ഏറ്റുപിടിച്ചു. പൊതുവിടങ്ങളില്‍ അമ്മമാര്‍ക്ക് സ്വന്തം കുഞ്ഞുങ്ങള്‍ക്ക് ആത്മധൈര്യത്തോടെ മുലപ്പാല്‍ നല്‍കാനുള്ള പ്രചോദനം കൂടിയായി ഈ നീക്കങ്ങള്‍. 

എല്ലാ അമ്മമാര്‍ക്കും സ്വന്തം കുഞ്ഞുങ്ങള്‍ക്ക് നല്‍കാന്‍ വേണ്ടത്ര മുലപ്പാലുണ്ടാകണമെന്നില്ല. ജോലി ചെയ്യുന്ന അമ്മമാരാണെങ്കില്‍ അവര്‍ക്ക് കുഞ്ഞുങ്ങള്‍ക്ക് കൃത്യമായി മുലപ്പാല്‍ നല്‍കാനുമാകില്ല. പ്രസവാവധി കുറവുള്ള അമ്മമാവരും മരുന്നുകള്‍ കഴിക്കുന്നത് കൊണ്ടോ മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ കാരണമോ കുഞ്ഞിന് മുലപ്പാല്‍ നല്‍കാനാകാത്ത അ‌മ്മമാരുണ്ട്. ഇങ്ങനെയുള്ളവര്‍ മറ്റ് സാധ്യതകള്‍ തിരയും.

അവരെപ്പോലെയുള്ളവര്‍ക്കു വേണ്ടിയാണ് താന്‍ തന്‍റെ മുലപ്പാല്‍‌ വില്‍ക്കുന്നതെന്ന് എമിലി പറയുന്നു. ഇത്തരത്തില്‍ തന്‍റെ നാലുമാസം പ്രായമുള്ള കുഞ്ഞിനുവേണ്ടി 1,200 ഡോളര്‍ വീതം നല്‍കി എല്ലാ മാസവും മുലപ്പാല്‍ വാങ്ങുന്ന ഒരമ്മയെ തനിക്കറിയാം. മുലപ്പാലിലെ പോഷകഘടകങ്ങള്‍ കുഞ്ഞിന് ലഭിക്കാനാണിത് ഈ അമ്മ അങ്ങനെ ചെയ്യുന്നത് എന്ന് എമിലി കൂട്ടിച്ചേര്‍ക്കുന്നു. 

80 മുതല്‍ 100 ഔണ്‍സ് വരെ മുലപ്പാല്‍ താനിപ്പോള്‍ അധികമായി പമ്പ് ചെയ്ത് സൂക്ഷിക്കുന്നുണ്ട്. ഇതിനോടകം പതിനായിരക്കണക്കിന് ഔണ്‍സ് മുലപ്പാല്‍ താന്‍ വിറ്റുകഴിഞ്ഞു. ആദ്യമോര്‍ത്തത് മുലപ്പാല്‍ സൗജന്യമായി കൊടുക്കാം എന്നായിരുന്നു.

എന്നാല്‍ കടയില്‍ പോയി പാല് വാങ്ങണമെങ്കില്‍ നമ്മള്‍ പണം നല്‍കേണ്ടതില്ലേ, അപ്പോള്‍ മുലപ്പാല് നല്‍കുന്നതിനും പണം ഈടാക്കാം എന്ന തോന്നലുണ്ടായി. ഒരു സേവനവും ആരും നമുക്ക് സൗജന്യമായി നല്‍കാറില്ലല്ലോ. സമയവും ഊര്‍ജവുമെല്ലാം നഷ്ടപ്പെടുത്തിയാണ് താന്‍ മുലപ്പാല്‍ പമ്പ് ചെയ്തെടുക്കുന്നത്. അപ്പോള്‍ അതിനെ വിലമതിക്കേണ്ടതുണ്ടെന്നും എമിലി വ്യക്തമാക്കുന്നു.