ലുലു ഗ്രൂപ്പ് വീണ്ടും ആന്ധ്രയിലേക്ക്. സംസ്ഥാനത്തെ പ്രധാന നഗരങ്ങളായ വിജയവാഡയിലും വിശാഖപട്ടണത്തും ഷോപ്പിങ് മാളുകൾ നിർമിക്കാൻ ആന്ധ്രപ്രദേശ് സർക്കാർ ലുലു ഗ്രൂപ്പിന് സ്ഥലം അനുവദിച്ചു. നേരത്തേ, ആന്ധ്രയിൽ ജഗൻമോഹൻ റെഡ്ഡി മുഖ്യമന്ത്രിയായിരുന്ന കാലത്ത് പരിഭവത്തോടെ 2,300 കോടി രൂപയുടെ നിക്ഷേപപദ്ധതി ഉപേക്ഷിച്ച്, ഇനി ആന്ധ്രയിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി ലുലു ഗ്രൂപ്പ് മടങ്ങിയിരുന്നു. പിന്നീട്, മുഖ്യമന്ത്രിയായ ചന്ദ്രബാബു നായിഡു ആണ് ലുലു ഗ്രൂപ്പിനെ തിരികെവിളിച്ചതും സ്ഥലം അനുവദിച്ചതും.
വിശാഖപട്ടണത്ത് ബീച്ച് റോഡിന് സമീപം ഹാർബർ പാർക്കിൽ 13.83 ഏക്കർ സ്ഥലമാണ് ലുലുവിന് അനുവദിച്ചതെന്ന് ആന്ധ്രാപ്രദേശ് സർക്കാർ വ്യക്തമാക്കി. ഇവിടെ 13.50 ലക്ഷം ചതുരശ്ര അടിയിൽ ലുലു മെഗാ ഷോപ്പിങ് മാൾ നിർമിക്കും. 4 നിലകളോട് കൂടിയ വിശാലമായ മാൾ ആണ് 1,066 കോടി രൂപ നിക്ഷേപത്തോടെ ലുലു ഒരുക്കുക. 2,000 വാഹനങ്ങൾ പാർക്ക് ചെയ്യാവുന്ന 6 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിലെ പാർക്കിങ് ഏരിയ പ്രത്യേകതയായിരിക്കും.
∙ മൂന്നു വർഷത്തിനുള്ളിൽ ഷോപ്പിങ് മാളിന്റെ നിർമാണം പൂർത്തിയാക്കും. 2028 ഡിസംബർ മാൾ പ്രവർത്തനം തുടങ്ങുമെന്നാണ് സർക്കാർ പുറത്തുവിട്ട രേഖ വ്യക്തമാക്കുന്നത്.
∙ 99 വർഷത്തേക്കാണ് സ്ഥലം ലുലുവിന് പാട്ടത്തിനു നൽകുന്നത്. നിർമാണം പൂർത്തിയാക്കാനെടുക്കുന്ന ആദ്യ 3 വർഷം അല്ലെങ്കിൽ മാൾ തുറക്കുന്നതുവരെ വാടകരഹിതമായിരിക്കും. തുടർന്ന് ഓരോ 10 വർഷം കൂടുമ്പോൾ 10% വീതം വാടക വർധിക്കും. ആന്ധ്രപ്രദേശ് ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ കോർപറേഷനാണ് (എപിഐഐസി) സ്ഥലം അനുവദിക്കുന്നത്.
…





