വയനാട്: മുണ്ടക്കൈയില്‍ ഉപജീവനമാര്‍ഗത്തിന് പോലും വഴിയില്ലാതെ കഴിയുന്നവരെ കാത്തിരിക്കുന്നത് ഭീമമായ വായ്പ തിരിച്ചടവാണ്. ബാങ്ക് വായ്പ എഴുതിത്തള്ളണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും ഇതുവരെ നടപടി ഒന്നുമില്ലെന്ന് ദുരന്തബാധിതര്‍ പറയുന്നു.
സാധാരണ ജീവിതത്തിലേക്ക് കടന്നുവരുമെന്ന പ്രതീക്ഷയോടൊപ്പമാണ് ബാങ്ക് വായ്പയും ദുരന്തബാധിതരെ കാത്തിരിക്കുന്നത്. വീടെന്ന സ്വപ്നം ലക്ഷ്യമാക്കിയാണ് ചിലര്‍ വായ്പ എടുത്തത്. വിദ്യാഭ്യാസം ആയിരുന്നു ചിലരുടെ ലക്ഷ്യം.
ഉപജീവനത്തിനായി പല മാര്‍ഗങ്ങള്‍ തേടുന്ന വഴിക്കും കടം വാങ്ങിയും ബാങ്ക് വായ്പ എടുത്തും സ്വരുകൂട്ടിയതെല്ലാം എടുത്തും വിവിധ കച്ചവടങ്ങളും തുടങ്ങിയവരും ഉണ്ട്. ഇതെല്ലാമാണ് ഒരു രാത്രി ഉരുള്‍ എടുത്തത്. ഇനി ഒന്നും ബാക്കിയില്ല, ബാക്കിയായത് വായ്പ എന്ന ബാധ്യത മാത്രം.
ബാങ്ക് വായ്പ എഴുതിത്തള്ളണം എന്നുള്ളത് ദുരന്തബാധിതര്‍ നേരത്തെ തന്നെ ഉന്നയിക്കുന്ന ആവശ്യങ്ങളില്‍ ഒന്നാണ്. രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകരും, ജനപ്രതിനിധികളും ഈ വിഷയം ഒന്നടങ്കം ഉന്നയിച്ചു കൊണ്ടേയിരിക്കുന്നു. എന്നാല്‍ ഇതുവരെ അനുകൂല നടപടികള്‍ ഉണ്ടായിട്ടില്ലെന്ന് ദുരന്തബാധിതര്‍ പറയുന്നു
സര്‍ക്കാര്‍ പുനരധിവാസം സന്നദ്ധ സംഘടനകളുടെ സഹായം എല്ലാം തന്നെ പുരോഗമിക്കുന്നു. വൈകാതെ തന്നെ സാധാരണഗതിയിലേക്ക് തിരികെയത്തുമെന്ന് പ്രതീക്ഷയുണ്ട്.ദൈനംദിന ചിലവിനടക്കും ഇപ്പോള്‍ ബുദ്ധിമുട്ട് അനുഭവിക്കുനുണ്ട്.
ഒപ്പമാണ് എല്ലാം സാധാരണ നിലയിലായാലും ഭീമമായ തുകയുടെ വായ്പകള്‍ തങ്ങളെ കാത്തിരിക്കുന്നു എന്ന ഭീഷണി ദുരന്തബാധിതര്‍ നേരിടുന്നത്. അതേസമയം കേരള ബാങ്ക് മാത്രമാണ് ദുരന്തബാധിതരുടെ വായ്പകള്‍ എഴുതി തള്ളിയിട്ടുള്ളത്.