വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞ് ജനിച്ചു, ഡിഎൻഎ പരിശോധനയിൽ കുട്ടി മറ്റാരുടെയോ; തട്ടിപ്പിനിരയായി ദമ്പതികൾ

0
189

ഹൈദരാബാദ്: ഐവിഎഫ് ചികിത്സയുടെ പേരിൽ തട്ടിപ്പുകൾ വ്യാപകമാവുകയാണ്. കുട്ടികളില്ലാത്ത ദമ്പതികൾക്ക് പ്രതീക്ഷ നൽകിക്കൊണ്ട് ഒരു ഫെര്‍ട്ടിലിറ്റി ക്ലിനിക് നടത്തിയ ക്രൂരമായ വഞ്ചനയുടെ കഥയാണ് ഹൈദരാബാദിൽ നിന്നും പുറത്തുവരുന്നത്. സെക്കന്തരാബാദിലെ ഗോപാലപുരത്താണ് സംഭവം. യൂണിവേഴ്സൽ സൃഷ്ടി ഫെർട്ടിലിറ്റി സെന്‍ററിൽ ഐവിഎഫ് ചിത്സക്കെത്തിയ ദമ്പതികളാണ് തട്ടിപ്പിനിരയായത്.

സൃഷ്ടി ഐവിഎഫ് സെന്‍ററിൽ വാടക ഗർഭധാരണത്തിലൂടെ ജനിച്ച കുട്ടി തങ്ങളുടേതല്ലെന്ന് ഡിഎൻഎ പരിശോധനയിലൂടെ ദമ്പതികൾ കണ്ടെത്തിയതിനെ തുടർന്നാണ് തട്ടിപ്പ് പുറത്തായത്. 35 ലക്ഷം രൂപയാണ് ദമ്പതികൾ ചികിത്സക്കായി ക്ലിനിക്കിന് നൽകിയത്. വിവിധ നഗരങ്ങളിലായിട്ടാണ് തട്ടിപ്പ് നടന്നത്.

ഇതുമായി ബന്ധപ്പെട്ട് 8 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ക്ലിനിക്കിൻ്റെ സ്ഥാപകയായ ഡോ.അത്തലൂരി നമ്രത എന്ന പച്ചിപ്പാല നമ്രത (64), ഇവരുടെ മകൻ പാച്ചിപാല ജയന്ത് കൃഷ്ണ (25), ക്ലിനിക് മാനേജർ സി കല്യാണി അച്ചയ്യമ്മ (40), ഗാന്ധി ഹോസ്പിറ്റൽ അനസ്‌തറ്റിസ്റ്റ് ഡോ. നർഗുല സദാനന്ദം (41), ലാബ് ടെക്‌നീഷ്യൻ (37), ലാബ് ടെക്‌നീഷ്യൻ ഗൊല്ലമണ്ഡല (37), സന്തോ രാവു (37), കുഞ്ഞിൻ്റെ യഥാർഥ മാതാപിതാക്കളായ മുഹമ്മദ് അലി ആദിക് (38), നസ്രീൻ ബീഗം (25) എന്നിവർ അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.

ഒരു മാസം പ്രായമുള്ള കുഞ്ഞ് ഇപ്പോൾ സര്‍ക്കാരിന്‍റെ ശിശുവിഹാര്‍ കേന്ദ്രത്തിന്‍റെ പരിചരണയിലാണ്. ഗർഭച്ഛിദ്രം നടത്താനായി എത്തുന്ന സ്ത്രീകൾക്ക് പണം വാഗ്ദാനം ചെയ്ത് പ്രസവിക്കാൻ നിർബന്ധിക്കും. ഇങ്ങനെ ജനിക്കുന്ന കുഞ്ഞുങ്ങളെ വാടക ഗർഭധാരണത്തിലൂടെ ജനിച്ചതാണെന്ന് തെറ്റിദ്ധരിപ്പിച്ച് ദമ്പതികൾക്ക് കൈമാറുകയായിരുന്നു.

2024 ആഗസ്തിലാണ് രാജസ്ഥാനിൽ നിന്നുള്ള ദമ്പതികൾ ചികിത്സക്കായി യൂണിവേഴ്സൽ സൃഷ്ടി ഫെർട്ടിലിറ്റി സെന്‍ററിന്‍റെ ഗോപാലപുരം ബ്രാഞ്ചിലെത്തുന്നത്. ഡോക്ടർ നമ്രത വാടക ഗർഭധാരണത്തിന് നിർദേശിച്ചു. ക്ലിനിക്ക് ഒരു വാടക ഗർഭപാത്രം സജ്ജീകരിക്കാമെന്നും ഭ്രൂണം അതിലേക്ക് മാറ്റുമെന്നും പറഞ്ഞ് ദമ്പതികളെ വിശാഖപട്ടണത്തുള്ള ക്ലിനിക്കിന്റെ മറ്റൊരു ശാഖയിലേക്ക് അയച്ചു.

2025 ജൂണിൽ സിസേറിയനിലൂടെ കുഞ്ഞ് ജനിച്ചതായി ദമ്പതികളെ വിവരം അറിയിക്കുകയും ചെയ്തു. ജനന സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള വ്യാജ രേഖകൾ സഹിതമാണ് കുഞ്ഞിനെ ദമ്പതികൾക്ക് കൈമാറിയത്. നിയമവിരുദ്ധമായി നടത്തിയ ഈ ശസ്ത്രക്രിയയുടെ ഭാഗമായി ഗാന്ധി ആശുപത്രിയിലെ ഡോക്ടർ സദാനന്ദൻ വിവിധ നഗരങ്ങളിലെ പ്രസവസമയത്ത് സ്ത്രീകൾക്ക് അനസ്തേഷ്യ നൽകിയതായി ഡിസിപി പറഞ്ഞു.