റിയാദ്: ഫാർമസി, ദന്തൽ, എൻജിനീയറിങ് മേഖലകളിൽ സൗദി അറേബ്യ സ്വദേശിവൽക്കരണം (സൗദിവൽക്കരണ) വർധിപ്പിച്ചു. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം നടപ്പാക്കുന്ന ഈ തീരുമാനം ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു. ഈ സുപ്രധാന മേഖലകളിൽ സ്വദേശികളുടെ പങ്കാളിത്തം വർധിപ്പിക്കാനും അവർക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകാനും ലക്ഷ്യമിട്ടാണ് ഈ നീക്കം. പുതിയ നിയമം നടപ്പാക്കുന്നതോടെ, ഫാർമസി മേഖലയിലുള്ള മലയാളികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് പ്രവാസികൾക്ക് തൊഴിൽ നഷ്ടപ്പെടുമോ എന്ന ആശങ്കയുണ്ട്.
മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം നടപ്പിലാക്കുന്ന ഉദ്യമങ്ങളുടെ ഭാഗമായാണ് പുതിയ തീരുമാനം നടപ്പാക്കുന്നത്. ആരോഗ്യ മന്ത്രാലയത്തിന്റെയും മുനിസിപ്പാലിറ്റികളുടെയും ഭവന മന്ത്രാലയത്തിന്റെയും പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന പുതിയ തീരുമാനം ഫാർമസി, ദന്തചികിത്സ, എൻജിനീയറിങ് തൊഴിലുകൾക്ക്ബാധകമാണ്. ഓരോ മേഖലയിലും വ്യത്യസ്തമായ സ്വദേശിവൽക്കരണ നിരക്കുകളാണ് നിശ്ചയിച്ചിരിക്കുന്നത്.
∙ പുതിയ സ്വദേശിവൽക്കരണ നിരക്കുകൾ
1. ഫാർമസി: കമ്യൂണിറ്റി ഫാർമസികളിലും മെഡിക്കൽ കോംപ്ലക്സുകളിലും 35% സ്വദേശിവൽക്കരണം നിർബന്ധമാക്കി. ആശുപത്രികളിൽ ഇത് 65% ആണ്. ഫാർമസിയുമായി ബന്ധപ്പെട്ട മറ്റ് പ്രവർത്തനങ്ങൾക്ക് 55% സ്വദേശി ജീവനക്കാർ വേണം.
2. ദന്തൽ: ദന്തൽ മേഖലയിലെ സ്വദേശിവൽക്കരണം 45% ആയി ഉയർത്തി. ഈ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികൾക്ക് കുറഞ്ഞത് 9,000 റിയാൽ ശമ്പളം ലഭിക്കണം.
3. എൻജിനീയറിങ്: എൻജിനീയറിങ്, സാങ്കേതിക മേഖലകളിലെ സ്വദേശിവൽക്കരണം മൊത്തം ജീവനക്കാരുടെ എണ്ണത്തിന്റെ 30% ആയി ഉയർത്തി. അഞ്ചോ അതിലധികമോ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങൾക്കെല്ലാം ഈ നിയമം ബാധകമാണ്. ഈ മേഖലയിൽ സ്വദേശികളുടെ കുറഞ്ഞ ശമ്പളം 5,000 റിയാലായി നിശ്ചയിച്ചിട്ടുണ്ട്.
പുതിയ നിയമങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. നിയമലംഘകർക്ക് നിയമപരമായ ശിക്ഷകൾ നേരിടേണ്ടിവരും. സ്വദേശിവൽക്കരണത്തിന്റെ വിശദാംശങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്.
പുതിയ തീരുമാനം സൗദിയിലെ യുവതലമുറക്ക് തൊഴിൽ മേഖലകളിൽ കൂടുതൽ അവസരങ്ങൾ നൽകും. ഉന്നത വിദ്യാഭ്യാസം നേടുന്ന ധാരാളം സ്വദേശി യുവതീയുവാക്കൾ ഫാർമസി, ദന്തൽ തുടങ്ങിയ ആരോഗ്യ അനുബന്ധ മേഖലകളിൽ പഠനം തിരഞ്ഞെടുക്കുന്നുണ്ട്. സുരക്ഷിതമായ തൊഴിൽ സാധ്യതകൾ കണക്കിലെടുത്താണ് പലരും ഈ മേഖലകളിലേക്ക് ആകർഷിക്കപ്പെടുന്നത്.
പുതിയ പദ്ധതികളുടെ ഭാഗമായി നിലവിൽ 2.48 ദശലക്ഷം സൗദി പൗരന്മാർ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നുണ്ട്. സൗദികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 6.3% എന്ന ഏറ്റവും താഴ്ന്ന നിലയിലെത്തിയതായും മന്ത്രാലയം അറിയിച്ചു. ഇത് തൊഴിൽ വിപണി വികസിപ്പിക്കുന്നതിനും സ്വദേശി ജീവനക്കാരെ ശാക്തീകരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ദേശീയ പരിപാടികളുടെ ഫലമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.