ഇവിടം സുരക്ഷിതമല്ല, ഫിലിം പ്രൊഡ്യൂസെഴ്സ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ സാന്ദ്ര തോമസ്; നാമ നിർദേശ പത്രിക സമർപ്പിക്കാൻ പർദ ധരിച്ചെത്തി താരം

0
128

നിർമാതാക്കളുടെ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങി സാന്ദ്ര തോമസ്. സംഘടന കയ്യടക്കിയ കുത്തകകളുടെ മാറ്റത്തിനായാണ് തന്റെ മത്സരമെന്നും നാമ നിർദേശ പത്രിക സമർപ്പിച്ചെന്നും സാന്ദ്ര തോമസ് പറഞ്ഞു. പർദ ധരിച്ചാണ് സാന്ദ്ര പത്രിക സമർപ്പിക്കാൻ എത്തിയത്. നിലവിൽ ഇവിടെ സ്ത്രീകൾക്ക് സുരക്ഷിതം അല്ലെന്നും, സുരക്ഷക്കയാണ് താൻ ഈ വേഷം ധരിച്ചതെന്നും താരം പറഞ്ഞു.

ചില ആളുകളുടെ തുറിച്ചു നോട്ടം ഒഴിവാക്കാനാണ് താൻ പർദ ധരിച്ചെത്തിയതെന്നും സാന്ദ്ര വ്യക്തമാക്കി. ഓഗസ്റ്റ് 14നാണ് നിർമാതാക്കളുടെ സംഘടനയിലേക്കുള്ള തിരഞ്ഞടുപ്പ് നടക്കുക. താൻ കൊടുത്ത കേസിൽ പൊലീസ് കുറ്റപത്രം നൽകിയിട്ടുണ്ട്. അതിൽ പ്രതികളായവരാണ് അധികാരത്തിൽ ഉള്ളത്.

ഇവിടെ വരാൻ എന്തുകൊണ്ടും ഇതാണ് യോജിച്ച വസ്ത്രം പർദ്ദയാണ്. നിർമാതാക്കളുടെ സംഘടന പുരുഷന്മാരുടെ കുത്തകയാണ്. മാറ്റം വരണം. തനിക്ക് മാറ്റം കൊണ്ടുവരാനാകും. പാനലായി മൽസരിക്കും. നിർമാതാവ് ഷീലു എബ്രഹാമും മൽസരിക്കും. ചോദ്യം ചോദിക്കുന്നവരെ പുറത്താക്കുന്ന സംഘടനയാണിത്. ഹേമ കമ്മറ്റി പറയുന്ന പവർ ഗ്രൂപ്പ് പോലെയാണ് സംഘടനയിലെ ഭാരവാഹികൾ. ഇപ്പോഴുള്ള ഭാരവാഹികൾ തുടരില്ലെന്ന് ഉറപ്പുണ്ട്. രണ്ട് സിനിമകൾ മാത്രം നിർമിച്ച നിർമാതാവ് എന്ന് പറഞ്ഞ് തന്റെ പത്രിക തള്ളാൻ ശ്രമമുണ്ട്. താൻ നിരവധി സിനിമകൾ നിർമിച്ച ആളാണ്. തന്റെ പേരിൽ സെൻസർ ചെയ്‍ത സിനിമകളുടെ സർട്ടിഫിക്കറ്റ് സമർപിച്ചുവെന്നും സാന്ദ്രാ തോമസ് വ്യക്തമാക്കി.

സംഘടനയുടെ തലപ്പത്തിരിക്കുന്നവർ സ്വാർഥ താല്‍പര്യങ്ങൾക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്നവരാണ്. സംഘടനയിലെ ഭൂരിഭാഗം അംഗങ്ങളുടെയും പൊതുവികാരം നേതാക്കൾക്ക് എതിരെയാണ്. താരങ്ങളുടെ മുന്നിൽ ഓച്ഛാനിച്ചു നിൽക്കേണ്ടവരല്ല നിർമാതാക്കൾ. സിനിമാരംഗത്തെ ഏറ്റവും ശക്തമായ സംഘടനയാണ് നിർമാതാക്കളുടെ സംഘടനയെന്നും താൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചു വിജയിച്ചാൽ നിർമാതാക്കളുടേയും സിനിമാമേഖലയുടെയും ഗുണകരമായ മാറ്റത്തിനു വേണ്ടി പ്രവർത്തിക്കുമെന്നും സാന്ദ്ര തോമസ് പറഞ്ഞു.

‘‘ഞാൻ നിർമാതാക്കളുടെ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ട്. എന്റെ ഒരു നിലപാടിന്റെ ഭാഗവും കൂടിയായിട്ടാണ് മത്സരിക്കുന്നത്. നിർമാതാക്കളുടെ സംഘടന പതിറ്റാണ്ടുകളായിട്ടു കുറച്ചുപേരുടെ കുത്തകയായിട്ടിരിക്കുന്ന സംഘടനയാണ്.  സംഘടന കുറച്ചുപേർ അവരുടെ ലാഭത്തിനു വേണ്ടി മാത്രം ഉപയോഗിക്കുമ്പോൾ മറ്റു നിർമാതാക്കൾക്ക് അതിൽ നിന്നൊരു ഗുണം ഉണ്ടാകുന്നില്ല. അത് മാത്രമല്ല ഇത് പരോക്ഷമായി ഇൻഡസ്ട്രിയെ മുഴുവനായി ബാധിക്കുന്നുണ്ട്.

ഇപ്പോൾ കഴിഞ്ഞ കുറെ മാസങ്ങളിൽ ഇവർ സിനിമയുടെ ലാഭ നഷ്ട കണക്കുകൾ പുറത്തുവിട്ടു. ഇതിൽ ആർക്ക് ഗുണമുണ്ടായി? അതൊരു വമ്പൻ പരാജയമായിരുന്നു. ഇത് അസോസിയേഷന്റെ പരാജയമാണ്. അത് അവർക്ക് നിർത്തേണ്ടി വന്നു. താരങ്ങളുടെ പിന്നാലെ നിൽക്കുകയും അവരുടെ പിന്നിൽ ഓച്ഛാനിച്ചു നിൽക്കുകയും ചെയ്യേണ്ടവരല്ല നിർമാതാക്കൾ. നിർമ്മാതാക്കളുടെ സംഘടന ഏറ്റവും ശക്തമായ സംഘടന ആണ്. ആ സംഘാടനയെ ഇത്രയും ഉന്മൂലനം ചെയ്ത് ഇല്ലാതാക്കിയത് ഈ നേതാക്കളാണ്.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇലക്‌ഷന്റെ സമയത്ത് മാത്രം എല്ലാവരെയും വിളിച്ചു കൂട്ടുന്ന രീതി മാറണം. മറ്റു നിർമാതാക്കൾക്ക് ഒന്നും ഇതുകൊണ്ട് ഗുണമില്ല. ഞാൻ പ്രസിഡന്റ് ആയാൽ ഉറപ്പായിട്ടും അവർക്ക് ഗുണകരമായ രീതിയിൽ ഒരു മാറ്റം കൊണ്ടുവരും. ഒരു സിനിമ കൂടി ചെയ്തിട്ട് മരിക്കണം എന്ന് ആഗ്രഹമുള്ള ഒരുപാട് നിർമാതാക്കൾ ഉണ്ട്. അത് സംഘടന വിചാരിച്ചാൽ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന കാര്യമാണ്. അതൊന്നും ചെയ്യുന്നില്ല.  സ്വന്തം നേട്ടത്തിന് നിൽക്കുകയല്ലാതെ ഈ നേതാക്കൾ ആരും മറ്റു നിർമാതാക്കൾക്ക് വേണ്ടിയോ ഇൻഡസ്ട്രിക്ക് വേണ്ടിയോ പ്രവർത്തിച്ചിട്ടില്ല. ഞാൻ പ്രസിഡന്റായി വന്നാൽ ഇതിനെല്ലാം ഒരു മാറ്റം കൊണ്ടുവരും.’’– സാന്ദ്ര തോമസ് പറഞ്ഞു.