റേയോങ്: ഒരു മാസമായി ആഹാരം കഴിക്കാതെ ബീയർ മാത്രം കുടിച്ചിരുന്ന 44 വയസ്സുകാരൻ മരിച്ചു. തായ്‌ലൻഡിലെ റേയോങ് പ്രവിശ്യയിലെ ബാൻ ചാങ് ജില്ലയിൽ നിന്നുള്ള താവീസാക് നാംവോങ്‌സയിനെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വിവാഹമോചിതനായിരുന്ന നാംവോങ്‌സയ്ക്ക് 16 വയസ്സുകാരനായ മകൻ ഭക്ഷണം പാകം ചെയ്ത് നൽകിയിരുന്നെങ്കിലും കഴിക്കാൻ വിസമ്മതിച്ചിരുന്നു. സ്കൂളിൽ നിന്ന് വീട്ടിലെത്തിയപ്പോൾ അപസ്മാരം വന്ന് ബോധരഹിതനായി കിടക്കുന്ന പിതാവിനെ കണ്ട കുട്ടി രക്ഷാപ്രവർത്തകരെ വിവരം അറിയിച്ചു. എന്നാൽ, രക്ഷാപ്രവർത്തകർ എത്തിയപ്പോഴേക്കും നാംവോങ്‌സ മരിച്ചിരുന്നു.
നൂറിലധികം ഒഴിഞ്ഞ ബീയർ കുപ്പികളാണ് മുറിയിൽ നിന്ന് കണ്ടെത്തിയത്. കിടക്കയിൽ നിന്ന് ഇറങ്ങാനും കയറാനും കഴിയുന്ന ചെറിയ വഴി മാത്രമാണ് കുപ്പികൾക്കിടയിൽ ഉണ്ടായിരുന്നത്. വിവാഹമോചനത്തിന് ശേഷം പിതാവ് മദ്യപാനം ആരംഭിച്ചതായി മകൻ പറയുന്നു. നാംവോങ്‌സയുടെ മരണകാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഈ ആഴ്ച അവസാനം മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തുമെങ്കിലും, അമിത മദ്യപാനം തന്നെയാണ് മരണത്തിന് കാരണമെന്നാണ് അധികൃതർ സംശയിക്കുന്നത്.
