ലൈംഗിക ഉള്ളടക്കം പ്രക്ഷേപണം ചെയ്ത 25 ആപ്പുകള്‍ക്കും വെബ്സൈറ്റുകള്‍ക്കും നിരോധനം

0
218

രാജ്യത്തെ നിയമം ലംഘിച്ച് ലൈംഗിക ഉള്ളടക്കങ്ങള്‍ പ്രക്ഷേപണം ചെയ്ത 25 ആപ്പുകളെയും വെബ്‌സൈറ്റുകളെയും കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയം നിരോധിച്ചു. ലൈംഗിക ഉള്ളടക്കങ്ങളടങ്ങിയ വെബ്‌സൈറ്റുകളിലേക്കുള്ള ആക്‌സസ് തടയുവാനായി ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്കും മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.

ആള്‍ട്ട്, ബിഗ്‌ഷോട്‌സ്, ഉല്ലു, ദേസിഫ്‌ളിക്‌സ് എന്നിങ്ങനെ 25 ഒടിടി ആപ്പുകള്‍ക്കും, ലൈംഗിക ഉള്ളടക്കമുള്ള വെബ്‌സൈറ്റുകള്‍ക്കും എതിരെയാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. ഇത്തരം ആപ്പുകളിലെ ഉള്ളടക്കങ്ങള്‍ നഗ്നത പ്രദര്‍ശിപ്പിക്കുന്നുവെന്നും, അത് സമൂഹത്തിന് മോശം സന്ദേശമാണ് നല്‍കുന്നതെന്നുമാണ് ആക്ഷേപം. 

അശ്ലീല ഉള്ളടക്കങ്ങള്‍ ഉള്ള ആപ്പുകള്‍ക്കെതിരെ സ്വകാര്യ വ്യക്തി സുപ്രിംകോടതിയില്‍ പൊതു താല്പര്യ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. തുടര്‍ന്ന് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ആപ്പുകള്‍ക്കും, കേന്ദ്രത്തിനും നോട്ടീസ് അയച്ച കോടതി ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ചു. അതിനെ തുടര്‍ന്നാണ് കടുത്ത നടപടിയുമായി കേന്ദ്രം തന്നെ രംഗത്തെത്തിയത്. 

ആള്‍ട്ട്, ബിഗ്‌ഷോട്‌സ്, ഉല്ലു, ദേസിഫ്‌ളിക്‌സ് എന്നിങ്ങനെയുള്ള ആപ്പുകളോട് 2024ലും  ലൈംഗിക ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യണമെന്ന് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയം കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.