പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സഹോദരങ്ങൾ ചേർന്ന് പീഡിപ്പിച്ചു; ജീവനോടെ കുഴിച്ചു മൂടാൻ ശ്രമം

0
304

ഭുവനേശ്വർ: ഒഡീഷയിലെ ജഗത്‌സിങ്പുർ ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രണ്ടു സഹോദരങ്ങൾ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. പെൺകുട്ടി 5 മാസം ഗർഭിണിയായപ്പോൾ ജീവനോടെ കുഴിച്ചുമൂടാനും ശ്രമിച്ചു. സംഭവത്തിൽ ബനാശ്ബര ഗ്രാമത്തിൽ നിന്നുള്ള ഭാഗ്യധർ ദാസ്, പഞ്ചാനൻ ദാസ് എന്നീ സഹോദരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നാമത്തെ പ്രതിയായ തുളു ഒളിവിലാണ്. ഇയാളെ പിടികൂടാൻ അധികൃതർ തിരച്ചിൽ ആരംഭിച്ചു.

പ്രതികൾ ദീർഘകാലമായി പെൺകുട്ടിയെ പീഡിപ്പിക്കുകയാണെന്ന് പൊലീസ് പറ‍ഞ്ഞു. ഗർഭിണിയായപ്പോൾ ജീവനോടെ കുഴിച്ചുമൂടാൻ തീരുമാനിക്കുകയായിരുന്നു. ഗർഭച്ഛിദ്രത്തിനുള്ള പണം നൽകാമെന്ന് വാഗ്ദാനം ചെയ്ത പ്രതികൾ പെൺകുട്ടിയെ ഒരു സ്ഥലത്തേക്ക് വിളിച്ചുവരുത്തി. നിലത്ത് ഒരു കുഴി കുഴിച്ചിട്ടുണ്ടായിരുന്നു. ഗർഭച്ഛിദ്രം ചെയ്തില്ലെങ്കിൽ ജീവനോടെ കുഴിച്ചുമൂടുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തി.

പെൺകുട്ടി അവിടെ നിന്ന് രക്ഷപ്പെട്ട് തന്റെ പിതാവിനോട് കാര്യങ്ങൾ പറഞ്ഞു. പിന്നീട് ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയയായി. പിതാവ് പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് രണ്ടുപേരെയും അറസ്റ്റു ചെയ്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി. അന്വേഷണം തുടരുകയാണ്.