അതുല്യയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ വൈകും; ഫോറൻസിക് ഫലം ഇന്നും ലഭിച്ചിട്ടില്ല, അന്വേഷണം ആവശ്യപ്പെട്ട് സഹോദരിയുടെ പരാതി

0
82
  • മരണത്തെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് അതുല്യയുടെ സഹോദരി അഖില ഷാർജ പൊലീസിന് പരാതി നൽകിയിട്ടുണ്ട്.

ഷാർജ: ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച കൊല്ലം ചവറ സ്വദേശി അതുല്യയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകും. ഫോറൻസിക് ഫലം ഇന്നും ലഭിച്ചിട്ടില്ല. വാരാന്ത്യ അവധി കഴിഞ്ഞ് തുടർ നടപടികൾ തീരാൻ തിങ്കളാഴ്ച ആയേക്കും എന്നാണ് വിവരം. മൃതദേഹത്തിലെ പാടുകൾ വിശദമായി പരിശോധിക്കും. മരണത്തെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് അതുല്യയുടെ സഹോദരി അഖില ഷാർജ പൊലീസിന് പരാതി നൽകിയിട്ടുണ്ട്.

29 കാരിയായ അതുല്യയുടെ മരണത്തിന് പിന്നിൽ ഭർത്താവായ സതീഷെന്നാണ് കുടുംബത്തിൻ്റെ പരാതി. ഷാർജയിലെ ഫ്ലാറ്റിൽ വെച്ച് സതീഷിൽ നിന്ന് അതുല്യ നേരിട്ടിരുന്ന ക്രൂരതയുടെ ദൃശ്യങ്ങൾ ഉൾപ്പടെയുള്ള തെളിവുകൾ പുറത്തുവന്നതോടെ ചവറ തെക്കുംഭാഗം പൊലീസ് സതീഷിനെതിരെ കൊലക്കുറ്റത്തിനും സ്ത്രീധന, ശാരീരിക പീഡനത്തിനും കേസെടുത്തിട്ടുണ്ട്. കേസ് അന്വേഷണത്തിന് കരുനാഗപ്പള്ളി എ.എസ്.പി അഞ്ജലി ഭാവനയുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘം രൂപീകരിച്ചു. തെക്കുംഭാഗം എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘത്തിനാണ് അന്വേഷണ ചുമതല.

ജൂലൈ 19ന് രാവിലെയാണ് സതീഷിനൊപ്പം താമസിച്ചിരുന്ന ഫ്ലാറ്റിൽ തൂങ്ങിയ നിലയിൽ അതുല്യയുടെ മൃതദേഹം കണ്ടെത്തിയത്. അതേസമയം, മരണത്തിൽ പങ്കില്ലെന്നാണ് സതീഷിൻ്റെ വാദം. അതിനിടെ, സതീഷിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ഷാർജയിലെ സ്വകാര്യ കമ്പനിയിൽ സൈറ്റ് എഞ്ചിനീയർ ആയിരുന്നു കൊല്ലം ശാസ്താംകോട്ട സ്വദേശിയായ സതീഷ്. ഇക്കാര്യം കമ്പനി സതീഷിനെ അറിയിച്ചിട്ടുണ്ട്. ഒരു വർഷം മുൻപാണ് സതീഷ് ജോലിയിൽ പ്രവേശിച്ചത്.