ബംഗ്ലാദേശിൽ ജെറ്റ് വിമാനം തകർന്നുവീണ് മരിച്ചവരുടെ എണ്ണം 27 ആയി

0
187

ധാക്ക: മൈൽസ്റ്റോൺ സ്കൂൾ കോളേജ് കാമ്പസിൽ വ്യോമസേനയുടെ ജെറ്റ് വിമാനം തകർന്നുവീണ് 27 പേർ മരിച്ചു. സ്‌കൂൾ കുട്ടികൾ ഉൾപ്പെടെയുള്ളവരാണ് മരിച്ചത്. അപകടത്തിൻ്റെ തീവ്രത കൂടിയതിനാൽ മരണസംഖ്യ ഇനിയും വർധിക്കാനിടയുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം എന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തത്.

1984 ലാണ് രാജ്യം കണ്ട ഏറ്റവും വലിയ വിമാനാപകടം ഉണ്ടായത്. ചാറ്റോഗ്രാമിൽ നിന്ന് ധാക്കയിലേക്ക് പറന്ന ഒരു പാസഞ്ചർ ജെറ്റ് ഒരു മഴക്കെടുതി കാരണം തകർന്നുവീണു. വിമാനത്തിലുണ്ടായിരുന്ന 49 പേരാണ് അന്ന് കൊല്ലപ്പെട്ടത്.

ഇന്ത്യയിലെ അഹമ്മദാബാദിൽ 260 പേരുടെ മരണത്തിനിടയാക്കിയ എയർ ഇന്ത്യ വിമാനാപകടത്തിന് ഒരു മാസത്തിന് ശേഷമാണ് ബംഗ്ലാദേശിലും ഈ അപകടം സംഭവിക്കുന്നത്.അപകടത്തിൽ 171 ഓളം പേർക്ക് പരിക്കേറ്റിറ്റുണ്ട്. ഇതിൽ ഭൂരിഭാഗം പേരും വിദ്യാർഥികളാണ്.

സാങ്കേതിക തകരാർ മൂലം വിമാനം സ്കൂളിൽ തകർന്നുവീഴുകയായിരുന്നു എന്ന് ബംഗ്ലാദേശ് സൈന്യം പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. അപകടത്തിൻ്റെ കാരണം കണ്ടെത്താനുള്ള അന്വേഷണം നടന്നികൊണ്ടിരിക്കുകയാണ്. ദാരുണമായ അപകടത്തെത്തുടർന്ന് ബംഗ്ലാദേശിൻ്റെ ഇടക്കാല പ്രസിഡൻ്റ് മുഹമ്മദ് യൂനുസ് ചൊവ്വാഴ്ച ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.