ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറിന്റെ അപ്രതീക്ഷിത രാജിയില്‍ ഞെട്ടിയിരിക്കുകയാണ് പ്രതിപക്ഷം. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി പാര്‍ലമെന്റ് സമ്മേളനത്തിന്റെ ആദ്യദിവസം തന്നെ രാജി പ്രഖ്യാപിച്ചതിനെ സംശയത്തോടെയാണ് പ്രതിപക്ഷ കക്ഷികള്‍ വീക്ഷിക്കുന്നത്.
രാജി പ്രഖ്യാപിക്കുന്നതിന് രണ്ട് മണിക്കൂറുകള്‍ക്ക് മുമ്പ് ഉപരാഷ്ട്രപതിയുമായി ഫോണില്‍ സംസാരിച്ചിരുന്നതായും അടിയന്തര പ്രാധാന്യമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതായി തോന്നിയില്ലെന്നുമാണ് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേഷ് വ്യക്തമാക്കി.
അന്നേദിവസം വൈകിട്ട് അഞ്ചുമണിക്ക് ഉപരാഷ്ട്രപതിയെ കോണ്‍ഗ്രസ് നേതാവ് പ്രമോദ് തിവാരിയുമൊത്ത് നേരിട്ട് കണ്ടിരുന്നതായും ജയ്‌റാം രമേഷ് പറഞ്ഞു. രാജിവയ്ക്കാന്‍ പോകുന്നതിന്റെ ഒരു സൂചനയും അദ്ദേഹം നല്‍കിയില്ല. മാത്രമല്ല, ബിസിനസ് അഡൈ്വസറി കമ്മിറ്റിയുടെ നടക്കാന്‍ പോകുന്ന യോഗത്തേപ്പറ്റി അദ്ദേഹം സംസാരിക്കുകയും ചെയ്തു. എല്ലാം സാധാരണയെന്നപോലെയാണ് ഉപരാഷ്ട്രപതി പെരുമാറിയതെന്നും അദ്ദേഹം പറയുന്നു.
രാജ്യസഭാധ്യക്ഷന്‍ കൂടിയായ ജഗദീപ് ധന്‍കറിന്റെ രാജിയുണ്ടാക്കിയ അമ്പരപ്പ് പങ്കുവെച്ച് സമാജ്‌വാദി പാര്‍ട്ടി എംപി അഖിലേഷ് യാദവും രംഗത്ത് വന്നു. രാജിപ്രഖ്യാപിക്കുന്ന അന്ന് വൈകിട്ട് ആറുമണിക്ക് ജഗദീപ് ധന്‍കറെ കണ്ടത് ചൂണ്ടിക്കാട്ടിയാണ് അഖിലേഷ് അമ്പരപ്പ് പങ്കുവെച്ചത്. അദ്ദേഹം ആരോഗ്യവാനായിരുന്നുവെന്നും രാജിയേപ്പറ്റി സൂചനയൊന്നും നല്‍കിയില്ലെന്നും അഖിലേഷ് പറയുന്നു. മാത്രമല്ല, രാജ്യസഭയുടെ ഒരു പുതിയ കമ്മിറ്റിയില്‍ തന്നെ ഉള്‍പ്പെടുത്തുന്നതിനേപ്പറ്റി അദ്ദേഹം ചര്‍ച്ച ചെയ്യുകയും ചെയ്തുവെന്നും അഖിലേഷ് യാദവ് ചൂണ്ടിക്കാട്ടി.
അതേസമയം, ഉപരാഷ്ട്രപതിയുടെ രാജിക്ക് കാരണം ആരോഗ്യവിഷയം മാത്രമല്ലെന്നാണ് പ്രതിപക്ഷ കക്ഷികള്‍ വിശ്വസിക്കുന്നത്. ഡല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റിസ് യശ്വന്ത് വര്‍മയെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയത്തിന് പ്രതിപക്ഷ പാര്‍ട്ടി എംപിമാര്‍ നോട്ടീസ് നല്‍കിയിരിക്കുന്ന പശ്ചാത്തലത്തിലാണ് ധന്‍കറിന്റെ രാജി. നോട്ടീസിന് വിവിധ കക്ഷികളില്‍നിന്നുള്ള 100 രാജ്യസഭാ എംപിമാരുടെ പിന്തുണ കിട്ടിയിരുന്നു.
തുടര്‍ നടപടികള്‍ക്കായി സംയുക്ത സമിതിയെ നിശ്ചയിക്കുമെന്നും ഇരുസഭകളിലും പ്രമേയം അവതരിപ്പിക്കണമെന്നുമൊക്കെ ധന്‍കര്‍ സഭയെ അറിയിച്ചിരുന്നു. അപ്പോഴും രാജിയെക്കുറിച്ച് ധന്‍കര്‍ സൂചന നല്‍കിയില്ല. പാര്‍ലമെന്റ് സമ്മേളനത്തില്‍ സ്വീകരിക്കേണ്ട സമീപനങ്ങളെന്തൊക്കെയാകണം, ഏതൊക്കെ വിഷയങ്ങളില്‍ ചര്‍ച്ചയുണ്ടാകണമെന്നൊക്കെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ സഖ്യമായ ഇന്ത്യാ സഖ്യത്തിന്റെ നിര്‍ണായക യോഗം കഴിഞ്ഞതിന് പിന്നാലെയാണ് ധന്‍കറിന്റെ രാജി.
….