ജീവിതം വിരിച്ചിട്ട ദുഃഖങ്ങളുടെ കനലിൽ ചവിട്ടിനടന്ന വി എസ്; രാഷ്ട്രീയ ചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായം

0
190

ജീവിതം വിരിച്ചിട്ട ദുഃഖങ്ങളുടെ കനലിൽ ചവിട്ടിനടന്നാണ് വി.എസ്. അച്യുതാനന്ദൻ‌ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായമായത്. ചെറുപ്പം മുതൽ ദാരിദ്ര്യവും പട്ടിണിയും അരക്ഷിതാവസ്ഥയുമെല്ലാം കൂടെയുണ്ടായിരുന്നു.

നാലാംവയസ്സില്‍ അമ്മയും പതിനൊന്നാം വയസ്സില്‍ അച്ഛനും മരിച്ചതോടെ പന്ത്രണ്ടാം വയസ്സില്‍ ജ്യേഷ്ഠന്‍ ഗംഗാധരന്‍റെ തയ്യല്‍ക്കടയില്‍ സഹായിയായി. പിന്നീട് ആസ്പിന്‍വാള്‍ കയര്‍ ഫാക്ടറിയില്‍ തൊഴിലാളിയായ വിഎസ് 1939 ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. സ്വാതന്ത്ര്യസമരത്തിന്‍റെ ഭാഗമായി.

1940 ല്‍, പതിനേഴാം വയസ്സില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി. പുന്നപ്ര-വയലാര്‍ സമരത്തിന്‍റെ ഭാഗമായി 1946 ഒക്ടോബര്‍ 28 ന് പൊലീസിന്റെ പിടിയിലായി. പൂഞ്ഞാര്‍ ലോക്കപ്പില്‍വച്ച് അനുഭവിച്ചത് കൊടിയ മര്‍ദനം. തോക്കിന്‍റെ ബയണറ്റ് കാല്‍വെള്ളയില്‍ തുളച്ചിറക്കി, കാലുകള്‍ ജയിലഴികള്‍ക്കിടയില്‍ കെട്ടിവെച്ചു കാല്‍പാദങ്ങള്‍ തല്ലിപ്പൊളിച്ചു. മരിച്ചെന്ന് കരുതി കുറ്റിക്കാട്ടിലേക്ക് വലിച്ചെറിയുകവരെ ചെയ്തു. പുന്നപ്ര-വയലാര്‍ സമരത്തിന്‍റെ പേരില്‍ വിഎസ് മൂന്നുവര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ടു.

രാഷ്ട്രീയ ജീവിതത്തിൽ വിഎസ് അഞ്ചുവര്‍ഷവും എട്ടുമാസവും ജയില്‍ജീവിതവും നാലരവര്‍ഷം ഒളിവുജീവിതവും നയിച്ചിട്ടുണ്ട്. പുന്നപ്ര-വയലാര്‍ സമരത്തിന്‍റെ പേരിൽ മൂന്നുവര്‍ഷത്തെ ശിക്ഷയ്ക്ക് ശേഷം 1963 ല്‍ ചൈനീസ് ചാരന്‍ എന്ന പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ഒരു വര്‍ഷം നീണ്ട ജയില്‍വാസം.

പിന്നീട്, 1975ല്‍ അടിയന്തരാവസ്ഥയെ തുടര്‍ന്ന് 20 മാസം ജയില്‍ വാസം അനുഭവിച്ചു. അങ്ങനെ യൗവനകാലം മുഴുവൻ വേട്ടയാടപ്പെട്ടവനായി വിഎസിന് ജീവിക്കേണ്ടി വന്നു. എന്നാൽ, അവയ്ക്കൊന്നും കെടുത്തികളയാനാത്ത വിപ്ലവാഗ്നിയായിരുന്നു വിഎസ്.