മിഥുൻ ഷെഡിലിറങ്ങിയത് ജനാലവഴി; വൈദ്യുതി ഓഫ് ചെയ്യാൻ കാലതാമസം

0
226

കൊല്ലം: സ്കൂൾ മൈതാനത്തിനു മുകളിലൂടെ പോകുന്ന വൈദ്യുതി ലൈനിനോട് ചേർന്ന് തകരഷീറ്റിൽ സൈക്കിൾ ഷെഡ് നിർമിച്ചതാണ് അപകടത്തിലേക്ക് നയിച്ചതെന്ന് നാട്ടുകാർ. മൈതാനത്തോട് ചേർന്നുള്ള സ്കൂൾ കെട്ടിടത്തിന്റെ ഭിത്തിയിലാണ് സൈക്കിൾ ഷെഡ് നിർമിച്ചിരിക്കുന്നത്. മൈതാനത്തിനു മുകളിലൂടെ വൈദ്യുതി ലൈൻ വലിച്ചിട്ട് വർഷങ്ങളായി.

പക്ഷേ, അടുത്തിടെ ഷെഡ് നിർമിച്ചപ്പോൾ ലൈൻ തകരഷീറ്റിന് തൊട്ട് മുകളിലായി. ക്ലാസിന് ഉള്ളിലൂടെ ഷെഡിലേക്ക് ഇറങ്ങാൻ കഴിയും. ബഞ്ച് ഉപയോഗിച്ചാണ് മിഥുൻ ക്ലാസിനുള്ളിൽനിന്നും തകര ഷീറ്റിലേക്ക് ഇറങ്ങിയത്. ചെരുപ്പ് എടുക്കുമ്പോൾ ഷീറ്റിൽനിന്ന് തെറ്റി വൈദ്യുതി ലൈനിലേക്ക് വീഴുകയായിരുന്നു. 

ക്ലാസ് മുറിയിലെ ബോർഡിന് തൊട്ട് മുകളിൽ ജനലുണ്ട്. ഇത് പലകവച്ച് മറച്ചിരിക്കുകയാണ്. പലക ഇളക്കി മാറ്റിയാണ് മിഥുൻ ഷീറ്റിലേക്ക് കയറിയത്. രാവിലെ എട്ടരയോടെയാണ് അപകടം. ആ സമയത്ത് അധ്യാപകർ സ്കൂളിലുണ്ടായിരുന്നു. പ്രാഥമിക ശുശ്രൂഷകൾ നൽകി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈദ്യുതി ലൈനിൽ കമഴ്ന്നു കിടക്കുന്ന നിലയിലാണ് സ്കൂൾ അധികൃതർ മിഥുനെ കണ്ടത്. വൈദ്യുതി ലൈൻ ഓഫ് ചെയ്യാൻ കാലതാമസം ഉണ്ടായതായി നാട്ടുകാർ ആരോപിച്ചു.