ചെരുപ്പെടുക്കാൻ കയറി; സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു, ദാരുണ സംഭവം കൊല്ലത്ത്

0
160
  • സ്കൂളിന് മുകളിലൂടെ പോവുന്ന വൈദ്യുതലൈൻ അപകടകരമായ അവസ്ഥയിലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു

കൊല്ലം: വിദ്യാർത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ചു. കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ (13) ആണ് മരിച്ചത്. കളിക്കുന്നതിനിടെ കെട്ടിടത്തിന് മുകളിൽ വീണ ചെരുപ്പ് എടുക്കാൻ കയറിപ്പോഴായിരുന്നു അപകടം. ഷോക്കേറ്റ മിഥുനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വ്യാഴാഴ്ച രാവിലെ 9.15 ഓടെയായിരുന്നു സംഭവം. കളിക്കുന്നതിനിടയിൽ ചെരിപ്പ് സൈക്കിൾ ഷെഡിന് മുകളിൽ വീണു. ചെരുപ്പ് എടുക്കാൻ സമീപത്തെ കെട്ടിടത്തിൽ കയറി മുകളിലൂടെ നടന്നു പോകുന്നതിനിടയിൽ കാൽ വഴുതി അതുവഴി കടന്നുപോയ വൈദ്യുത ലൈനിലേക്ക് വീഴുകയായിരുന്നു. ലൈനിൻ പിടിച്ചതോടെ ഷോക്കേൽക്കുകയായിരുന്നു.

സംഭവമറിഞ്ഞെത്തിയ അധ്യാപകർ ഓടിയെത്തി അകലെയുള്ള ട്രാൻസ്ഫോർമറിൻ്റെ ഫ്യൂസ് ഊരി രക്ഷിക്കാൻ ശ്രമിച്ചു. തേവലക്കര കെഎസ്ഇബി ഉദ്യോഗസ്ഥരും പെട്ടെന്ന് നടപടികൾ നീക്കി ഫീഡർ ഓഫ് ചെയ്തു. അധ്യാപകർ മുകളിൽ കയറി മിഥുനെ താഴെയിറക്കി ശാസ്താംകോട്ട താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പിതാവ്: മനോജ്, മാതാവ്: സുജി (ഗൾഫ്), സഹോദരൻ: സുജിൻ. സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി റിപ്പോർട്ട് തേടി. പൊതുവിദ്യാഭ്യാസ ഡയറക്ടറോടാണ് വിശദീകരണം തേടിയത്.

സ്കൂളിന് മുകളിലൂടെ പോകുന്ന വൈദ്യുതലൈൻ അപകടരമായ അവസ്ഥയിലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. സ്കൂൾ അധികൃതർക്കും കെഎസ്ഇബിക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്.