കൊല്ലം വിളക്കുടിയില്‍ ഏഴുവയസുകാരിയുടെ ജീവനെടുത്ത തെരുവുനായ ആക്രമണം നടന്നിട്ട് മൂന്നുമാസം പിന്നിടുന്നു. പേവിഷ പ്രതിരോധ വാക്സീന്‍ എടുത്തിട്ടും ഏഴു വയസുകാരി നിയ ഫാത്തിമ മരിച്ച ശേഷം പട്ടിയുടെ കുര കേള്‍ക്കുമ്പോള്‍ പോലും ഉമ്മ ഹബീറയ്ക്ക് ഇപ്പോള്‍ പേടിയാണ്. നായ കടിയേറ്റ് ഇനി ഒരമ്മയ്ക്കും മക്കളെ നഷ്ടപ്പെടാതിരിക്കാന്‍ പറച്ചിലല്ല, പ്രവൃത്തിയാണു വേണ്ടതെന്നാണ് തദ്ദേശ വകുപ്പ് മന്ത്രിയോട് കൈകൂപ്പി ഈ അമ്മ പറയുന്നത്.
പത്തനാപുരം വിളക്കുടിയിലെ ഈ ഒറ്റമുറി വീട്ടില്‍ കയറിചെല്ലുമ്പോള്‍ തന്നെ നിയയുടെ സ്കൂള്‍ തിരിച്ചറിയല്‍ കാര്‍ഡ് കാണാം, മകള്‍ക്കു പകരം വലിയ പാവഅമ്മ ഓരത്തു വച്ചാണ് ഉറക്കം, ഇവിടെ ഇപ്പോഴും കണ്ണീര്‍ വറ്റിയിട്ടില്ല. മകളെ കടിച്ചു കീറുന്ന തെരുവുനായ്ക്കളെ കണ്ട ഹബീറയ്ക്ക് വളര്‍ത്തുനായ്ക്കളെ കണ്ടാല്‍ പോലും ഇപ്പോള്‍ പേടിയാണ്. എന്തിനേറെ പറയുന്നു നായയുടെ കുര പോലും മനസ്സില്‍ കിടുങ്ങലാണ്.
അപ്പോള്‍ തന്നെ സര്‍ക്കാര്‍ ആശുപത്രിയില്‍ കൊണ്ടു പോയി പേവിഷ പ്രതിരോധ വാക്സിന്‍ എടുത്തതാണ്. എന്നിട്ടും മരണം കീഴടക്കുകയായിരുന്നു. പിന്നീടും തെരുവുനായ ആക്രമണത്തിനു ഒട്ടും കുറവില്ലാത്ത നാട്ടില്‍ തദ്ദേശ മന്ത്രിയോട് ഇവര്‍ക്ക് പറയാനുള്ളത് ഇതാണ്. സര്‍ക്കാര്‍ അടക്കം പലരും സഹായങ്ങള്‍ വാഗ്ദാനം ചെയ്തെങ്കിലും പിന്നീടാരും തിരിഞ്ഞ് പോലും ഈ വീട്ടിലേക്ക് നോക്കിയില്ല.
നിയ ഫാത്തിമയുടെ മരണത്തിനു ശേഷം ഇവിടത്തെ ആള്‍ക്കാര്‍ റോഡിലിറങ്ങിയാല്‍ വടി കയ്യില്‍ കരുതും. ഞങ്ങള്‍ ഈ വീട്ടിലെത്തിയപ്പോഴും കണ്ടു വീട്ടിനു മുന്നില്‍ തെരുവു നായ്ക്കളെ. ഇങ്ങനെ നായകള്‍ സ്വൈര്യ വിഹാരം നടത്തുമ്പോഴും തെരുവു നായ നിയന്ത്രണത്തിനു വേണ്ടിയുള്ള ചര്‍ച്ചകള്‍ ശീതികരിച്ച മുറിയില്‍ യഥേഷ്ടം നടക്കുകയാണ്.





