നൗഷാദ് ടിക്കറ്റ് എടുത്തത് സഊദിയിൽ നിന്ന് കൊച്ചിയിലേക്ക്, യാത്രമധ്യേ മസ്കത്തിലിറങ്ങി മറ്റൊരു മറ്റൊരു ടിക്കറ്റിൽ ബംഗളൂരുവിലേക്ക്; പോലീസിനെ ചുറ്റിച്ചെങ്കിലും ഒടുവിൽ ബംഗളൂരുവിൽ വിലങ്ങ് വീണു

0
323
  • സന്ദർശക വിസയിൽ സഊദിയിൽ കഴിയുകയായിരുന്ന നൗഷാദിന്റെ വിസ കാലാവധി അവസാനിച്ചതിനെ തുടർന്നാണ് നാട്ടിലേക്ക് തിരിച്ചത്

കൊച്ചി: തമിഴ്‌നാട് ചേരമ്പാടി വനത്തില്‍ മൃതദേഹം കുഴിച്ചുമൂടിയ കേസിലെ മുഖ്യപ്രതി നൗഷാദിന്റെ അറസ്റ്റും വിമാനയാത്രയും നാടകീയം. സഊദിയില്‍നിന്ന് കൊച്ചിയിലേക്ക് ആയിരുന്നു ടിക്കറ്റ് എങ്കിലും പോലീസിനെ കബളിപ്പിച്ച് വഴിമദ്ധ്യേ മറ്റൊരു വിമാനത്തിൽ ഒമാനിൽ നിന്ന് ബംഗളൂരുവിലേക്ക് യാത്ര തിരിക്കുയായിരുന്നു. പക്ഷെ, ലുക്കൗട്ട് നോട്ടീസ് ഉണ്ടായിരുന്നതിനാൽ ഇവിടെ വെച്ച് വിലങ്ങ് വീണു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

സന്ദർശക വിസയിൽ സഊദിയിൽ കഴിയുകയായിരുന്ന നൗഷാദിന്റെ വിസ കാലാവധി അവസാനിച്ചതിനെ തുടർന്നാണ് നാട്ടിലേക്ക് തിരിച്ചതെന്നാണ് വിവരം. എന്നാൽ, ഇതിനിടെ നാട്ടിൽ ഇറങ്ങിയാൽ കേസിൽ അറസ്റ്റ് ചെയ്യപ്പെടും എന്നതിനാൽ എങ്ങനെ എങ്കിലും പോലീസിനെ കബളിപ്പിച്ച് നാട്ടിൽ കാൽ കുത്താൻ ആയിരുന്നു ശ്രമം. ഇതിനായി സഊദിയില്‍നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കായിരുന്നു ടിക്കറ്റെടുത്തത്. വിവരം അറിഞ്ഞ പോലീസ് നൗഷാദിനെ അറസ്റ്റ് ചെയ്യാനായി ഒരുക്കം ആരംഭിച്ചു. വിമാനം ഇറങ്ങിയാൽ ഉടൻ നൗഷാദിനെ നെടുമ്പാശ്ശേരിയില്‍ അറസ്റ്റുചെയ്യാനുള്ള എല്ലാ ഒരുക്കവും പൊലീസ് പൂര്‍ത്തിയാക്കി. ഇവിടെയാണ്‌ നൗഷാദ് പോലീസിനെ കബളിപ്പിച്ച് വിമാനം മാറിക്കയറിയത്.

പൊലീസിന്റെ കണക്കുകൂട്ടൽ തെറ്റിച്ച് യാത്രാമധ്യേ നൗഷാദ് മസ്‌കത്തില്‍ വിമാനമിറങ്ങുകയായിരുന്നു. ഇവിടെ നിന്നാണ് ബംഗളൂരുവിലേക്ക് ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര സൗകര്യപ്പെടുത്തിയത്. പോലീസ് കൊച്ചിയിൽ കാത്ത് നിൽക്കുമ്പോൾ അവർ അറിയാതെ ബാംഗളുരുവിൽ ഇറങ്ങാം എന്നായിരുന്നു കണക്ക് കൂട്ടൽ, പക്ഷെ പ്രതിക്കെതിരെ ലുക്കൗട്ട് നോട്ടീസ് നിലവിലുള്ള സാഹചര്യത്തിലാണ് ബംഗളൂരു വിമാനത്താവളത്തില്‍ ഇയാളെ പിടികൂടാനായത്.

സുൽത്താൻ ബത്തേരി സ്വദേശി ഹേമചന്ദ്രന്റെ കൊലപാതകത്തിൽ ആദ്യ അറസ്റ്റ് ഉണ്ടായതിനു പിന്നാലെ ഇയാളുടേത് ആത്മഹത്യയാണെന്നാണ് നൗഷാദ് ഫേസ്ബുക്ക് ലൈവിലൂടെ വ്യക്തമാക്കിയത്. ഹേമചന്ദ്രനുമായി സാമ്പത്തിക ഇടപാട് നടത്തിയിരുന്നുവെന്ന് സമ്മതിക്കുന്ന നൗഷാദ്, പണം വസൂലാക്കുന്നതിന് ഹേമചന്ദ്രനുമൊത്ത് വിവിധ സ്ഥലങ്ങളില്‍ പോയിരുന്നുവെന്നും അദ്ദേഹത്തിന്റെ ആവശ്യപ്രകാരമാണ് തന്റെ അധീനതയിലുള്ള സുൽത്താൻ ബത്തേരി ബീനാച്ചിയിലെ വീട്ടില്‍ താമസിക്കാന്‍ അനുവദിച്ചതെന്നും പറയുന്നു. പിറ്റേന്ന് രാവിലെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയ ഹേമചന്ദ്രനെ, സുഹൃത്തുക്കളെ വിളിച്ചുവരുത്തി ചേരമ്പാടിയിലെ വനത്തില്‍ കുഴിച്ചുമൂടിയെന്നാണ് ഫേസ്ബുക്ക് ലൈവിൽ ഇയാൾ വിശദീകരിച്ചത്.

പണം നല്‍കാന്‍ കഴിയാതെ വന്നതോടെയാണ് ആത്മഹത്യയെന്നും സുഹൃത്തുക്കളുടെ നിര്‍ദേശപ്രകാരമാണ് മൃതദേഹം കുഴിച്ചുമൂടിയതെന്നുമാണ് നൗഷാദ് പറയുന്നത്. രണ്ട് മാസത്തെ വിസിറ്റിംഗ് വിസ കാലാവധി തീരുന്ന സാഹചര്യത്തില്‍ നാട്ടിലെത്തി പൊലീസിന് കീഴടങ്ങുമെന്നും നൗഷാദ് പറഞ്ഞിരുന്നു.

അതേസമയം, കോഴിക്കോട്ടുനിന്ന് തട്ടിക്കൊണ്ടുപോകവെ കാറില്‍ വെച്ചുതന്നെ ഹേമചന്ദ്രന് മര്‍ദനമേറ്റിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പിന്നീട് കൊല്ലപ്പെട്ട ശേഷം മൃതദേഹം മറവുചെയ്യാൻ പല സ്ഥലങ്ങളും അന്വേഷിച്ചു. അവസാനം ചേരമ്പാടിയിലെ ആനയിറങ്ങുന്ന കാട് തിരഞ്ഞെടുക്കുകയായിരുന്നു. കൊടും കാടായതിനാലും എപ്പോഴും ആനയുണ്ടാവുന്ന സ്ഥലമായതിനാലും ആരും എത്തിപ്പെടുകയില്ലെന്നായിരുന്നു നിഗമനം.

ഹേമചന്ദ്രന്റെ സുഹൃത്തുക്കളെന്ന നിലയിൽ നൗഷാദ് അടക്കമുള്ളവരെ അന്വേഷണ ഉദ്യോഗസ്ഥര്‍ നേരത്തേ പലതവണ വിളിച്ചുവരുത്തിയെങ്കിലും വ്യക്തമായ തെളിവുകള്‍ ലഭിക്കാത്തതിനാൽ അറസ്റ്റുചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടയിലാണ് നൗഷാദ് സന്ദർശക വിസയില്‍ സഊദിയിലേക്ക് പോയത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക