‘അച്ഛൻ ഗർഭിണിയാക്കി’; നവജാതശിശുവിനെ ട്രെയിനിൽ ബാഗിനുള്ളില്‍ തിരുകി വെച്ച നിലയില്‍ കണ്ടെത്തി, അന്വേഷണത്തിൽ തെളിഞ്ഞത് ക്രൂരത

മൊറാദാബാദ്: ട്രെയിനിലെ ശൗചാലത്തിനുള്ളില്‍ ഒരു ബാഗിനുള്ളില്‍ തിരുകി വെച്ച നിലയില്‍ നവജാത ശിശുവിനെ കണ്ടെത്തിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞത് ഞെട്ടിപ്പിക്കുന്ന ക്രൂരത. സ്വന്തം അച്ഛനാല്‍ ബലാത്സംഗത്തിനിരയായി ഗര്‍ഭം ധരിക്കുകയും കുഞ്ഞിന് ജന്മം നല്‍കേണ്ടിവരികയും ചെയ്ത പ്രായപൂര്‍ത്തിയാകാത്ത കുട്ടി അനുഭവിച്ച ക്രൂരതകളാണ് അന്വേഷണത്തില്‍ പുറത്തുവന്നത്.

ബിഹാറില്‍ നിന്നാണ് ആരെയും നടുക്കു വാര്‍ത്തകള്‍ പുറത്തുവന്നത്. പെണ്‍കുട്ടി സ്വന്തം പിതാവില്‍ നിന്ന് ബലാത്സംഗത്തിനിരയായതും, കുടുംബം അത് മൂടിവെക്കാന്‍ ശ്രമിച്ചതുമായ കൊടും ക്രൂരതയാണ് പുറത്തുവന്നത്.

പിതാവ് ബലാത്സംഗം ചെയ്തതിനെ തുടര്‍ന്ന് ഗര്‍ഭിണിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് ട്രെയിനില്‍ കൊണ്ടുപോകുന്നതിനിടെ ജൂണ്‍ 22 നാണ് കുഞ്ഞ് ജനിച്ചത്.

ട്രെയിന്‍ വാരണാസിക്ക് സമീപം എത്തിയപ്പോഴാണ് ശൗചാലയത്തില്‍ വെച്ച് പെണ്‍കുട്ടി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞിനെ ബാഗിലാക്കിയ ശേഷം മറ്റൊരു ട്രെയിനിന്റെ ടോയ്ലറ്റില്‍ ഉപേക്ഷിച്ച പെണ്‍കുട്ടിയും കുടുംബവും ഇറങ്ങി പോകുകയായിരുന്നു.

പട്‌ന-ഛണ്ഡീഗഢ് വേനല്‍ക്കാല പ്രത്യേക ട്രെയിനിലാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. ബറേലിക്ക് സമീപമെത്തിയപ്പോഴാണ് ട്രെയിനിലെ കച്ചവടക്കാര്‍ ഒരു കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കുന്നത്. പൊക്കിള്‍ക്കൊടി മുറഞ്ഞിട്ടില്ലാത്ത കുട്ടിയെ ഇവര്‍ ശൗചാലയത്തില്‍നിന്ന് കണ്ടെടുത്തു.