ദമാം: സഊദിയിലേക്ക് പുതിയ വിസയിൽ എത്തിയ മലയാളിയെ എയർപോർട്ടിൽ തടഞ്ഞു. ഒമാനിൽ നേരത്തെ ജോലി ചെയ്തിരുന്ന മലയാളിയാണ് പുതിയ വിസയിൽ സഊദിയിൽ എത്തിയപ്പോൾ എമിഗ്റേഷൻ വിഭാഗം തടഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അദ്ദേഹത്തിന് നിലവിൽ സഊദിയിലേക്ക് ഇറങ്ങാൻ പറ്റില്ലെന്ന വിവരമാണ് വ്യക്തമായത്.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
നേരത്തെ ഒമാനിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം അവിടെയുള്ള ജോലി ഉപേക്ഷിച്ചാണ് സഊദി പ്രവാസിയായി വിമാനം കയറിയത്. വിമാനം സഊദിയിൽ ഇറങ്ങേണ്ട സമയം ഏറെ കഴിഞ്ഞിട്ടും ഇദ്ദേഹത്തെ കുറിച്ച് യാതൊരു വിവരവും ഇല്ലാതായതോടെ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങൾ പുറത്ത് വന്നത്. ഇദ്ദേഹത്തെ കുറിച്ചുള്ള വിവരം ലഭിക്കാതെ ആയതോടെ വീട്ടുകാർ കെഎംസിസി സാമൂഹ്യ പ്രവർത്തകൻ ഫൈസൽ ഇരിക്കൂറിനെ ബന്ധപ്പെടുകയായിരുന്നു.
ഇദ്ദേഹം എയർപോർട്ടിലെ സുഹൃത്തിനെ വിളിച്ചു അന്വേഷിച്ചപ്പോൾ വിമാനം കൃത്യ സമയത്ത് തന്നെ ലാന്റ് ചെയ്‌തെന്ന് വ്യക്തമായി. തുടർന്ന്, പരിചയമുള്ള പോലീസുമായി ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് ഈ വിമാനത്തിൽ പറയപ്പെട്ട വ്യക്തി ഉണ്ടായിരുന്നതായും എന്നാൽ, അദ്ദേഹത്തിന് സഊദിയിൽ ഇറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്നും വ്യക്തമായത്.
നേരത്തെ ഒമാനിൽ ജോലി ചെയ്ത സമയത്ത് ഉണ്ടായിരുന്ന ഗുരുതരമായ കേസാണ് ഇദ്ദേഹത്തിന് വിലങ്ങായിരിക്കുന്നത്. ആ കേസ് മൂലം ഇദ്ദേഹത്തിന് നിലവിൽ സഊദിയിലും ഇറങ്ങാൻ സാധിക്കില്ലെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.
നിലവിൽ ജിസിസി രാജ്യങ്ങൾ തമ്മിൽ പല കാര്യങ്ങളും ലിങ്ക് ചെയ്ത് കൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായി ഇത്തരത്തിലുള്ള കേസുകളുടെ വിവരങ്ങളും പരസ്പരം കൈമാറുന്നുണ്ട്. ഇതാണ് ഇപ്പോൾ കുരുക്കായി മാറുന്നത്. വൈകാതെ തന്നെ മുഴുവൻ ജിസിസി രാജ്യങ്ങളും തമ്മിൽ പരസ്പരം ഡാറ്റകൾ മുഴുവൻ ലിങ്ക് ആകുന്നതോടെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കൂടുതലായി ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. പ്രവാസികളെ പല കാര്യങ്ങളും ഉണർത്തുന്നതാണ് സംഭവം. ഒരു രാജ്യത്ത് നിന്ന് എങ്ങനെ എങ്കിലും പോയാലും അടുത്ത ജിസിസി രാജ്യത്തേക് പോകാമെന്ന ധാരണ തിരുത്തുന്നതാണിത്.
മാത്രമല്ല, പുതിയ വിസയിൽ മറ്റൊരു രാജ്യത്തെക്ക് പോകുമ്പോൾ പഴയ കേസുകളോ വിലക്കുകളോ ഉണ്ടോ എന്ന് ഉറപ്പ് വരുത്തുകയും കേസുകളുടെ സ്വഭാവം മനസ്സിലാക്കി കൂടുതൽ അന്വേഷണം നടത്തുന്നതും ഏറെ ഉപകാരപ്പെടും.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക