യാത്രക്കാരില്‍ ഒരാളുടെ മൊബൈലില്‍ വന്ന സന്ദേശം മൂലം അമേരിക്കന്‍ എയര്‍ലൈന്‍സിന്‍റെ വിമാനം യാത്രാമധ്യേ തിരിച്ചറക്കി. ജൂലൈ മൂന്നിനാണ് സംഭവം, യാത്രാക്കാരില്‍ ഒരാളുടെ മൊബൈലിലെ സന്ദേശം സഹയാത്രക്കാരില്‍ ഒരാള്‍ കാണുകയും തെറ്റിദ്ധരിക്കുകയും ചെയ്തതാണ് ആശങ്കാജനകമായ നിമിഷങ്ങള്‍ക്ക് കാരണമായത്.
പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം ജൂലൈ 3 ന് പ്യൂർട്ടോ റിക്കോയിലെ സാൻ ജുവാനിൽ നിന്ന് പുറപ്പെട്ട വിമാനമാണ് തിരിച്ചിറക്കിയത്. വിമാനത്തിലെ ഒരു യാത്രക്കാരന്‍റെ മൊബൈലില്‍ റെസ്റ്റ് ഇന്‍ പീസ് എന്നതിന്‍റെ ചുരുക്ക രൂപമായ ആര്‍ഐപി എന്ന സന്ദേശം സഹയാത്രികന്‍ കാണുകയായിരുന്നു. പിന്നാലെ ഇയാള്‍ വിമാനത്തിന് ഭീഷണിയുണ്ടെന്ന് തെറ്റിദ്ധരിക്കുകയും ക്യാബിന്‍ ക്രൂവിനെ വിവരമറിയിക്കുകയുമായിരുന്നു. പിന്നാലെ വിമാനം പറന്നുയർന്ന് 32 മിനിറ്റിനുശേഷം സാന്‍ജുവാനില്‍ തന്നെ തിരിച്ചിറക്കുകയായിരുന്നു.
വിമാനം ലാൻഡ് ചെയ്‌തതിന് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വിമാനം പരിശോധിക്കുകയും സന്ദേശം ലഭിച്ച യാത്രക്കാരനെ ചോദ്യം ചെയ്യുകയും ചെയ്തു. കഴിഞ്ഞ ദിവസം ഈ യാത്രക്കാരന്‍റെ ബന്ധുക്കളില്‍ ഒരാള്‍ മരിച്ചിരുന്നു. അതില്‍ അനുശോചനം രേഖപ്പെടുത്തിയുള്ള സന്ദേശമായിരുന്നു തെറ്റിദ്ധരിക്കപ്പെട്ടതെന്ന് അദ്ദേഹം ഉദ്യോഗസ്ഥരോട് പറഞ്ഞു. പിന്നാലെ ഭീഷണിയില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം വിമാനം യാത്ര പുനരാരംഭിച്ചു, ഏകദേശം മുക്കാൽ മണിക്കൂർ വൈകിയാണ് വിമാനം പുറപ്പെട്ടത്.