- 17 വർഷത്തെ പ്രവാസത്തിന് വിരാമമിടാനുള്ള സ്വപ്നം ബാക്കിയായി…
റിയാദ്: സൗദിയിലെ ജോലിയവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളി നഴ്‌സ് മരിച്ചു. തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ജീസാന് സമീപം ദർബിൽ കോട്ടയം സ്വദേശിനി അനുഷ്മ സന്തോഷ് കുമാർ (42) ആണ് മരിച്ചത്. ഷുഖൈഖ് പ്രൈമറി ഹെൽത്ത് സെൻററിൽ സ്റ്റാഫ് നഴ്സായിരുന്നു. ദർബ് ജനറൽ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.
ഫൈനൽ എക്സിറ്റ് അടിച്ച് നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിനിടെയാണ് മരണം. ദേഹാസ്വസ്ഥ്യമനുഭവപ്പെട്ടതിനെ തുടർന്ന് ദർബ് ജനറൽ ആശുപത്രിയിലെത്തിച്ചുവെങ്കിലും നില വഷളായി മരണം സംഭവിക്കുകയായിരുന്നു. പതിനേഴു വർഷമായി സഊദി ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ജിസാനിലെ ആരോഗ്യ കേന്ദ്രത്തിൽ സേവനമനുഷ്ഠിച്ചിരുന്ന അനുഷ്മ ജോലി രാജി വെച്ച് നാട്ടിലേക്കുള്ള ഒരുക്കത്തിലായിരുന്നു. ഫൈനൽ എക്‌സിറ്റ് രേഖകൾ പ്രതീക്ഷിച്ചിരിക്കുന്നതിനിടെയാണ് മരണം.
ബ്രഹ്മാനന്ദൻ, ഇഷാബായി എന്നിവരാണ് മാതാപിതാക്കൾ. ഭർത്താവ് സന്തോഷ് കുമാറും ഏക മകളും നാട്ടിലാണ്. ദർബ് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നിയമനടപടികൾ പുരോഗമിക്കുന്നു. കെ.എം.സി.സി ജിസാൻ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് ശംസു പൂക്കോട്ടൂരിെൻറ നേതൃത്വത്തിൽ ദർബ് ഏരിയ ഭാരവാഹികൾ ഇതിനായി രംഗത്തുണ്ട്.





