എല്ലാ അർത്ഥത്തിലും ഇറാൻ ജയിച്ച യുദ്ധമാണ് (ജയിക്കാൻ പോകുന്ന യുദ്ധമാണ്) ഇപ്പോൾ നടക്കുന്നത്

0
299

നിലവിലെ പശ്ചിമേഷ്യൻ സാഹചര്യത്തിൽ ബഷീർ വള്ളിക്കുന്നിന്റെ ശ്രദ്ധേയമായ നിരീകക്ഷണം

എല്ലാ അർത്ഥത്തിലും ഇറാൻ ജയിച്ച യുദ്ധമാണ് (ജയിക്കാൻ പോകുന്ന യുദ്ധമാണ്) ഇപ്പോൾ നടക്കുന്നത്

ഒരു പ്രകോപനവുമില്ലാതെ ഒരു പരമാധികാര രാജ്യത്തെ ആക്രമിക്കുകയാണ് ഇസ്രാഈൽ ചെയ്തത്, എല്ലാ അന്താരഷ്ട്ര മര്യാദകളേയും കാറ്റിൽ പറത്തി ഒരു തെ&മ്മാടി രാഷ്ട്രത്തിന്റെ പൂർണ്ണരൂപം പുറത്തെടുത്ത് ആയുധക്കരുത്ത് കാണിക്കാനുള്ള ശ്രമം, എന്നാൽ പിന്നീടുണ്ടായ സംഭവപരമ്പരകളെ സൂക്ഷ്മമായി വിശകലനം ചെയ്‌താൽ പഴയ സമവാക്യങ്ങളും ഇസ്‌റാഈലിന്റെ കരുത്തിനെക്കുറിച്ച കാല്പനിക കഥകളും ചീട്ടുകൊട്ടാരം പോലെ തകർന്നു വീഴുന്നതാണ് നാം കണ്ടത്. ഇസ്‌റാഈൽ തുടങ്ങി വെച്ച ഈ യുദ്ധം അവസാനിപ്പിക്കുന്നത് ഇറാൻ ആയിരിക്കുമെന്ന് ഇപ്പോൾ ഏതാണ്ട് ഉറപ്പായിട്ടുണ്ട്.

ഇസ്രാഈലിന്റെ മിസൈലുകൾ ഇറാനിൽ വലിയ നാശനഷ്ടങ്ങൾ വരുത്തി എന്നത് സത്യമാണ്, ഇറാന്റെ ശാസ്ത്ര – സൈനിക രംഗത്തെ പലരേയും അവർ വധിക്കുകയും ചെയ്തു എന്നതും സത്യമാണ്, എന്നാൽ ഇവക്കൊക്കെയുമുള്ള വാർത്താ പ്രാധാന്യം ആപേക്ഷികമായി തുലോം വിരളമാണ്, ഒരു പേപ്പട്ടി മനുഷ്യനെ കടിച്ചാലുണ്ടാകുന്ന വാർത്താ പ്രാധാന്യമേ അതിനുള്ളൂ. അവർ പതിറ്റാണ്ടുകളായി ചെയ്തുകൊണ്ടിരിക്കുന്ന പ്രവൃത്തികളുടെ ഒരു തുടർച്ച മാത്രം, പക്ഷേ ടെൽ അവീവിലേയും ഹൈഫയിലേയും കൂറ്റൻ കെട്ടിടങ്ങൾക്കിടയിലേക്ക് ഇറാൻ പായിച്ച മിസൈലുകൾ കടുവയെ കിടുവ പിടിച്ച വാർത്താപ്രാധാന്യമാണ് സൃഷ്ടിച്ചത്.

ഇസ്രാഈലി ജനതയുടെ മൊത്തം ഉറക്കം കെടുത്തിയ പ്രത്യാക്രമണങ്ങളാണ് ഇറാൻ നടത്തിയത്, അയേൺ ഡോം എന്ന ഏറെക്കുറെ ഊതിവീർപ്പിച്ച ബലൂണിനെ ഒറ്റരാത്രി കൊണ്ട് കുത്തിപ്പൊട്ടിച്ചു ഇറാൻ, ബങ്കറുകളിൽ നിന്ന് പുറത്തിറങ്ങാതെ പേടിച്ചു കഴിയുന്ന ഒരു അരക്ഷിത ജനതയായി ഇസ്രാഈലികൾ മാറി എന്നതാണ് ഈ യുദ്ധത്തിന്റെ ബാക്കിപത്രം, ഗസ്സയിലെയും വെസ്റ്റ് ബാങ്കിലേയും ജനങ്ങൾ പതിറ്റാണ്ടുകളായി അനുഭവിക്കുന്ന ഭീതിയുടെ രുചി ഓരോ ഇസ്രാഈലിയെക്കൊണ്ടും അനുഭവിപ്പിക്കാൻ ഇറാന് കഴിഞ്ഞു എന്നതാണ് ഈ യുദ്ധത്തിന്റെ ചരിത്രപരത.

ആ ഭീതി ഇനി പശ്ചിമേഷ്യയുടെ രാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ നിയന്തിക്കാൻ മാത്രം പര്യാപ്തമാണ് എന്നതാണ് വസ്തുത. അടിച്ചാൽ പൊന്നീച്ച പാറുന്ന അടി തിരിച്ചു കിട്ടുമെന്ന് ഒരു ഗുണ്ട തിരിച്ചറിയുന്ന നിമിഷത്തിന് മാത്രമേ സമാധാനം കൊണ്ട് വരാൻ സാധിക്കൂ, അവർ സമ്മതിച്ചാലും ഇല്ലെങ്കിലും ആ തിരിച്ചറിവ് ഇസ്രാഈലിന് ഉണ്ടാക്കാൻ പര്യാപ്തമാണ് ഇറാൻ നടത്തിയ പ്രത്യാക്രമണങ്ങൾ.

ഇറാന്റെ ആണവായുധ പദ്ധതികളെ തടയുന്നതിന് വേണ്ടിയാണ് ഈ അക്രമണങ്ങളെങ്കിൽ അതിന് നേരെ എതിർദിശയിലേക്കാണ് ഇപ്പോൾ കാര്യങ്ങൾ പോകുന്നത്, അന്താരാഷ്ട്ര സമൂഹവുമായും ആണവ എജന്സികളുമായും ഉണ്ടാക്കിയ മുൻ കരാറുകളിൽ നിന്ന് പിന്മാറുന്നതിനെക്കുറിച്ചുള്ള ചർച്ചകളാണ് ഇറാൻ പാർലിമെന്റ് ഇപ്പോൾ നടത്തുന്നത്, തൊമ്മൻ അയയുമ്പോൾ ചാണ്ടി മുറുകുകയാണ് എന്നർത്ഥം, അമേരിക്കയിട്ട ബങ്കർ ബോംബുകൾ ആക്രമണം മുൻകൂട്ടി കണ്ട് തങ്ങൾ മുമ്പേ ഇവാക്കുവേറ്റ് കേന്ദ്രങ്ങളിലാണ് എന്ന് അവർ പറയുമ്പോൾ തികഞ്ഞ നിശ്ചയദാർഢ്യത്തോടെ അവർ പ്ലാൻ ബി യും പ്ലാൻ സിയുമുണ്ടാക്കി മുന്നോട്ട് പോകുന്നുണ്ട് എന്ന് തന്നെയാണ് മനസ്സിലാക്കേണ്ടത്.

ഇറാൻ എന്ന മതരാഷ്ട്രത്തോടോ അവരുടെ സാമൂഹ്യ നിലപാടുകളോടോ ഒട്ടും യോജിപ്പില്ലാത്തവർ പോലും സ്വയം ചെറുത്തുനില്പിനുള്ള അവരുടെ അവകാശത്തോടൊപ്പം നിൽക്കുന്നത് ഒരു അധിനിവേശ തെമ്മാ$ടി രാഷ്ട്രത്തിന്റെ ധിക്കാരങ്ങൾക്കെതിരിലുള്ള ചരിത്രബോധം കൊണ്ട് മാത്രമാണ്.

പതിറ്റാണ്ടുകളായി അന്താരാഷ്ട്ര ഉപരോധത്തിലും വിലക്കുകളിലും പൊറുതിമുട്ടി സ്വയം പ്രതിരോധത്തിന്റെ വഴികൾ വെട്ടിത്തെളിച്ചു വരുന്ന ഒരു രാഷ്ട്രത്തെ നാല് മിസൈലുകൾ വിട്ടു മൂക്കിൽ വലിച്ചു കളയാമെന്ന് കരുതിയവർ ഇപ്പോൾ വെടി നിർത്തലിന് വേണ്ടി ഓടി നടക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. നിലവിലുള്ള സംഭവവികാസങ്ങളെ സൂക്ഷ്മമായി വിലയിരുത്തുമ്പോൾ ഒരു കാര്യം ഉറപ്പിച്ചു പറയാൻ പറ്റും , ഇത് ഇറാൻ ജയിച്ച യുദ്ധമാണ്, ഇറാൻ ജയിക്കാൻ പോകുന്ന യുദ്ധമാണ്.

ബഷീർ വള്ളിക്കുന്ന്