ഹോർമുസിന് ബദൽ സജ്ജമെന്ന് യുഇഎ; ബഹ്റൈൻ തുറമുഖത്ത് യുഎസ് യുദ്ധക്കപ്പലുകൾ

0
198

ദുബായ്: ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം ഇറാൻ തടയുമെന്ന ആശങ്കയ്ക്കിടെ, ക്രൂഡ് ഓയിൽ നീക്കത്തിനു പകരം സംവിധാനം സജ്ജമാണെന്ന് യുഎഇ അറിയിച്ചു. യുഎഇയുടെ ഫുജൈറ – ഹബ്ഷാൻ പൈപ്പ് ലൈൻ വഴി പ്രതിദിനം 15 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ കയറ്റുമതി ചെയ്യാൻ കഴിയും. ഒമാൻ കടലിലെ പൈപ്പ് ലൈൻ ഹോർമുസ് കടലിടുക്കിനു പുറത്തു കൂടിയാണ് കടന്നുപോകുന്നത്.

ഇറാന്റെ ഭീഷണിയുടെ പശ്ചാത്തലത്തിൽ സ്വീഡന്റെ വിമാന കമ്പനി ഫിൻ എയർ ഈ മാസം 30 വരെ ദോഹയിലേക്കുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കി. അതിനിടെ, സർക്കാർ ഓഫിസുകളിൽ വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചതു ബഹ്റൈൻ പിൻവലിച്ചു. പ്രധാന പാതകൾ അടിയന്തര സാഹചര്യത്തിൽ മാത്രമേ ഉപയോഗിക്കാവൂ എന്ന നിർദേശം പിൻവലിച്ചതോടെ ഗതാഗതം സാധാരണ നിലയിലായി. യുഎഇയിൽ എമിറേറ്റ്സ്, ഇത്തിഹാദ് തുടങ്ങിയ വിമാനക്കമ്പനികളുടെ ഇസ്രയേൽ, ഇറാൻ സർവീസുകൾ നിർത്തിവച്ചു.  

എന്തിനുമൊരുങ്ങി 40,000 സൈനികർ 

 മധ്യപൂർവദേശ രാജ്യങ്ങളിൽ അമേരിക്കയ്ക്ക് 19 സൈനിക താവളങ്ങളുണ്ട്. വിവിധ സേനാ വിഭാഗങ്ങളിലായി ഏകദേശം 40,000 സൈനികരെയാണു വിന്യസിച്ചിരിക്കുന്നത്. പോർവിമാനങ്ങളും യുദ്ധക്കപ്പലുകളും ഒരുക്കി നിർത്തിയിട്ടുണ്ട്. ഗൾഫ് രാജ്യങ്ങൾക്കു സുരക്ഷ നൽകുന്നതിനൊപ്പം സൈനിക നടപടി ആവശ്യമെങ്കിൽ അതിവേഗം ഇടപെടുന്നതിനാണിത്. ഖത്തർ, ബഹ്റൈൻ, സിറിയ, കുവൈത്ത്, ഇറാഖ്, യുഎഇ എന്നിവിടങ്ങളിലാണ് അമേരിക്കയുടെ സൈനിക ക്യാംപുകളുള്ളത്. 

വലിയ യുഎസ് ക്യാംപ് ഖത്തറിൽ 

അമേരിക്കൻ നാവിക സേനയുടെ ഫിഫ്ത്ത് ഫ്ലീറ്റും യുഎസ് നാവിക സേനയുടെ സെൻട്രൽ കമാൻഡും ബഹ്റൈനിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. വിമാന വാഹിനികൾ ഉൾപ്പെടെ നാവിക സേനയുടെ യുദ്ധക്കപ്പലുകൾ ബഹ്റൈൻ തുറമുഖത്ത് നിലയുറപ്പിച്ചിരിക്കുന്നു. മൈനുകൾ പ്രതിരോധിക്കാൻ ശേഷിയുള്ള 4 കപ്പലുകളും ഇവിടെയുണ്ട്. യുഎസ് കോസ്റ്റ് ഗാർഡിന്റെ കപ്പലും ബഹ്റൈനിലുണ്ട്. മധ്യ പൗരസ്ത്യ മേഖലയിൽ അമേരിക്കയുടെ ഏറ്റവും വലിയ സൈനിക ക്യാംപാണ് ഖത്തറിലെ അൽ ഉദൈദ് എയർ ബേസ്. അമേരിക്കൻ വ്യോമസേനയുടെ സുപ്രധാന കേന്ദ്രമാണിത്.

അലി അൽ സാലേം എയർ ബേസ് ഉൾപ്പെടെ പ്രധാന സൈനിക താവളങ്ങൾ കുവൈത്തിലുണ്ട്. വ്യോമ സേനയുടെ 386–ാം വിഭാഗം ഇവിടെയാണ്. വ്യോമ നീക്കത്തിന്റെ പ്രാഥമിക കേന്ദ്രമായാണ് ഇവിടം അറിയപ്പെടുന്നത്. അൽ ദഫ്ര എയർ ബേസ് ആണ് പ്രധാന സൈനിക കേന്ദ്രം. എഫ് 22 റാപ്റ്റർ ഫൈറ്റർ ജെറ്റുകൾ ഈ ക്യാംപിലാണുള്ളത്. നിരീക്ഷണ വിമാനങ്ങളും ഡ്രോണുകളും ഇവിടെയുണ്ട്. എംക്യു 9 റീപ്പേഴ്സ് ആണ് ഇവയിൽ പ്രധാനപ്പെട്ടത്. ​കര, വ്യോമ, നാവിക സേനകളുടെ ക്യാംപുകൾ സൗദിയിലുണ്ട്. ഒമാനിലും വ്യോമ, നാവിക സേനാ താവളങ്ങളുണ്ട്. 

നേരത്തേ ഇറാൻ  ലക്ഷ്യമിട്ട ഇറാഖ് 

അൽ അസദ് എയർ ബേസും അൽ ഹറിർ എയർ ബേസും ഉൾപ്പടെ ക്യാംപുകളാണ് ഇവിടെയുള്ളത്. അമേരിക്കയുമായി സൈനിക സഖ്യവും ഇറാനോടു കടുത്ത ശത്രുതയും പുലർത്തുന്ന രാജ്യം കൂടിയാണ് ഇറാഖ്. 2500 യുഎസ് സൈനികർ ഇറാഖിലുണ്ട്. 2020 ൽ അൽ അസദ് എയർ ബേസിനു നേരെ ഇറാൻ ആക്രമണം നടത്തിയിരുന്നു. ഇറാഖ്– ജോർദാൻ അതിർത്തിയിലാണ് അമേരിക്കയുടെ സൈനിക ക്യാംപ്. അൽ തൻഫ് ഗാരിസൺ ക്യാംപ് ആണ് പ്രധാന സൈനിക കേന്ദ്രം.