റിയാദ്: ക്രെഡിറ്റ് കാർഡുകൾ വഴി ഇ-വാലറ്റുകൾ റീചാർജ് ചെയ്യുന്നത് സൗജന്യമാക്കി സഊദി സെൻട്രൽ ബാങ്ക് (SAMA). എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നതിനുള്ള ഫീസും കുറച്ചിട്ടുണ്ട്. സുതാര്യത വർദ്ധിപ്പിക്കുന്നതിനും വ്യക്തിഗത ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമായി ഫീസുകൾക്ക് പരമാവധി പരിധിയും നിശ്ചയിച്ചിട്ടുണ്ട്.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ഇതുവരെ 5,000 റിയാലോ അതില്‍ കുറവോ പണം പിന്‍വലിക്കുന്നതിന് 75 റിയാലാണ് ഫീസ് ആയി ഈടാക്കിയിരുന്നത്. പുതിയ പരിഷ്‌കരണം അനുസരിച്ച് 2,500 റിയാലില്‍ കുറവാണെങ്കില്‍ പിന്‍വലിക്കല്‍ തുകയുടെ മൂന്നു ശതമാനത്തില്‍ കവിയാത്ത തുകയാണ് ഫീസ് ഈടാക്കാന്‍ ബാങ്കുകള്‍ക്ക് അനുമതിയുള്ളത്.
തുക 2,500 റിയാലോ അതില്‍ കൂടുതലോ ആണ് പിന്‍വലിക്കുന്നതെങ്കില്‍ പരമാവധി 75 റിയാല്‍ ഫീസ് ആയും ഈടാക്കാം. ക്രെഡിറ്റ് കാർഡുകളുമായി ബന്ധപ്പെട്ട ഫീസുകൾ പുതുക്കി നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്. മികച്ച അന്താരാഷ്ട്ര രീതികൾക്ക് അനുസൃതമായി ഉപഭോക്താക്കൾക്കുള്ള ചെലവ് കുറയ്ക്കുന്നതിനും ക്രെഡിറ്റ് കാർഡ് ഇടപാടുകളുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലിന്റെയും സുതാര്യതയുടെയും നിലവാരം വർദ്ധിപ്പിക്കുന്നതിനും പുതുക്കിയ നിയമങ്ങൾ ലക്ഷ്യമിടുന്നു.
കറന്റ് അക്കൗണ്ടിലേക്കുള്ള ട്രാൻസ്ഫറുകൾക്ക് പണം ഈടാക്കുന്നതല്ല. ഇത് സൗജന്യമായിരിക്കും. ഓൺലൈൻ വാങ്ങലുകൾക്കും പോയിന്റ്-ഓഫ്-സെയിൽ ഉപകരണങ്ങൾ വഴിയോ കാർഡ് ഉപയോഗിക്കുന്നതിനും സൗജന്യമായിരിക്കും. അക്കൗണ്ട് സ്റ്റേറ്റ്മെന്റിനും ഇടപാടുകളിലെ തെറ്റുകളില്‍ വിയോജിപ്പ് അറിയിക്കാനും നേരത്തെ ഉണ്ടായിരുന്ന 50 റിയാല്‍ ഫീസ് 25 റിയാലായി കുറച്ചു. എ.ടി.എം വഴിയുള്ള ക്രെഡിറ്റ് കാര്‍ഡ് അന്വേഷണങ്ങള്‍ക്കുള്ള ഫീസ് മൂന്നര റിയാലില്‍ നിന്ന് ഒന്നര റിയാലാക്കി..
കാർഡ് നഷ്ടപ്പെടുകയോ, കേടുപാടുകൾ അല്ലെങ്കിൽ തെറ്റായ PIN നൽകി എന്നിവ മൂലം കാർഡ് നഷ്ടപ്പെട്ടാൽ പകരം കാർഡ് നൽകുന്നതിനുള്ള ഫീസ് 15 സഊദി റിയാലാണെന്നും നിയമങ്ങൾ വ്യവസ്ഥ ചെയ്യുന്നു. നേരത്തെ ഈ സേവനത്തിനുള്ള ഫീസ് പ്രത്യേകം നിര്‍ണയിച്ചിരുന്നില്ല. വൈകിയുള്ള പേയ്‌മെന്റ് ഫീസ് 100 സഊദി റിയാലായി നിശ്ചയിച്ചിട്ടുണ്ട്, അന്താരാഷ്ട്ര വാങ്ങലുകൾക്കുള്ള ഫീസ് ഇടപാട് മൂല്യത്തിന്റെ 2.75% ആയും നിശ്ചയിച്ചിട്ടുണ്ട്.
കാര്‍ഡിന്റെ ക്രെഡിറ്റ് പരിധിയിലേക്ക് യാതൊരു ഫീസും കൂടാതെ അധിക തുക ഉപഭോക്താക്കള്‍ക്ക് നിക്ഷേപിക്കാമെന്നും അധിക തുക എപ്പോള്‍ വേണമെങ്കിലും യാതൊരു ഫീസും കൂടാതെ തിരിച്ചുപിടിക്കാമെന്നും പുതുക്കിയ നിയമത്തിലുണ്ട്.
ഇടപാടുകൾ പൂത്തിയായ ഉടൻ ഫീസ്, ചെലവുകൾ, ആനുകൂല്യങ്ങൾ എന്നിവയിലെ മാറ്റങ്ങളെക്കുറിച്ച് വ്യക്തമായി ഉപഭോക്താവിനെ SMS വാചക സന്ദേശം വഴി അറിയിക്കണം, അറിയിപ്പ് ലഭിച്ച തീയതി മുതൽ (14) ദിവസത്തിനുള്ളിൽ കരാർ അവസാനിപ്പിക്കാൻ ഉപഭോക്താവിന് അവകാശമുണ്ടാകും.
നിബന്ധനകളിലും വ്യവസ്ഥകളിലും മാറ്റം വന്നതിനാൽ കരാർ അവസാനിക്കുന്ന സാഹചര്യത്തിൽ ഉപയോഗിച്ച കാലയളവിലേക്കുള്ള ഫീസ് കുറച്ചതിനുശേഷം വാർഷിക ക്രെഡിറ്റ് കാർഡ് ഫീസ് തിരികെ നൽകുന്നതാണ്. കരാറിൽ ഉൾപ്പെടുത്തിയിട്ടുള്ള പ്രൊമോഷണൽ ഓഫറുകളുടെ ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട നിബന്ധനകളും വ്യവസ്ഥകളും കാലാവധി അവസാനിക്കുന്നതിന് മുമ്പ് പരിഷ്കരിക്കാൻ പാടില്ല.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക