നിലമ്പൂര്‍ വിധിയെഴുതി;മികച്ച പോളിങ്, ഇനി ഉദ്വേഗത്തിന്റെ മൂന്ന് നാള്‍

0
207

നിലമ്പൂര്‍: രാവിലെ തന്നെ ബൂത്തിലെത്തി വോട്ട് ചെയ്യാനാഗ്രഹിച്ചവര്‍ക്ക് മുന്നില്‍ മഴ തടസ്സമായി നിന്നു. അതവഗണിച്ച് നിരവധിപേര്‍ പോളിങ് ബൂത്തിലേക്ക് വെച്ചുനടന്നു. ചിലര്‍ മടിച്ചുനിന്നു. മഴ മാറിയതോടെ അവരും എത്തി.

തുടക്കത്തില്‍ വേഗതകുറഞ്ഞ പോളിങ് ശതമാനം ഉച്ചയോടെ കുതിച്ചുയര്‍ന്നു. ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിലെ ആവേശം നിലമ്പൂര്‍ ജനത വിധിയെഴുത്തിലും പ്രകടിപ്പിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം അഞ്ചു മണിവരെ 70.76 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ആറു മണിവരെയായിരുന്നു വോട്ടെടുപ്പ്. അതുകൊണ്ട് തന്നെ പോളിങ് ശതമാനം ഇനിയും ഉയരും. 2021ല്‍ 75.23 ശതമാനമായിരുന്നു പോളിങ്.

1200 പോലീസുകാരുടെയും കേന്ദ്ര സേനയുടെയും സുരക്ഷയില്‍ നടന്ന വോട്ടെടുപ്പില്‍ കാര്യമായ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല. മൂന്ന് ദിവസത്തെ കാത്തിരിപ്പിന് ശേഷം 23-ന് ഫല പ്രഖ്യാപനം. അതുവരെ പെട്ടിയിലായ വോട്ടുകള്‍ മുന്നണികള്‍ കൂട്ടിക്കിഴിക്കും. ഇനിയുള്ള ദിവസങ്ങള്‍ അവകാശവാദങ്ങളുടേതാണ്. പ്രധാന മുന്നണി സ്ഥാനാര്‍ഥികളടക്കം പത്ത് പേരാണ് മത്സര രംഗത്തുണ്ടായിരുന്നത്.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. സ്വരാജ് മാങ്കുത്ത് എല്‍പി സ്‌കൂളിലും യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് വീട്ടിക്കുത്ത് ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലും എത്തി വോട്ട് രേഖപ്പെടുത്തി. എന്‍ഡിഎ സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജ് ചുങ്കത്തറ മാര്‍ത്തോമ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കുടുംബ സമേതം എത്തി വോട്ട് രേഖപ്പെടുത്തി.

പോളിങ് ബൂത്തുകളില്‍ നേര്‍ക്കുനേരെത്തിയ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തും എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. സ്വരാജും പരസ്പരം ആലിംഗനം ചെയ്തു. അതേസമയം സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി. അന്‍വര്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് ആലിംഗനം ചെയ്യാനെത്തിയപ്പോള്‍ തിരിഞ്ഞു നടന്നതും തിരഞ്ഞെടുപ്പിനിടെ ശ്രദ്ധ നേടി. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് വി.വി.പ്രകാശിന്റെ ഭാര്യയും മക്കളും വോട്ട് രേഖപ്പെടുത്തി. യുഡിഎഫ് സ്ഥാനാര്‍ഥി വീട്ടില്‍ വരാത്തതില്‍ പരാതിയില്ലെന്നും മരണംവരെ പാര്‍ട്ടിക്കൊപ്പമാണെന്നും അവര്‍ വ്യക്തമാക്കി.