മനാമ: ബഹ്റൈനിൽ രണ്ട് വയസ്സുകാരൻ കടലിൽ മുങ്ങിമരിച്ചു. അൽ ബുദൈയ തീരത്താണ് സംഭവം. അബ്ദുൽ റഹ്മാൻ ആണ് മരിച്ചത്. കുടുംബം വിനോദ യാത്രയുടെ ഭാഗമായി അൽ ബുദൈയ തീരത്ത് എത്തിയതാണ്. പ്രാഥമിക വിവരങ്ങൾ പ്രകാരം, കടലിന് സമീപത്തായി കുടുംബത്തോടൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു.
കുട്ടി കടലിന് സമീപത്തേക്ക് പോയത് മറ്റുള്ളവർ ശ്രദ്ധിച്ചിരുന്നില്ല. പിന്നീട് നടത്തിയ തിരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ കടലിലും മറ്റ് ജലാശയങ്ങളിലും ചെറിയ കുട്ടികളുമായെത്തുമ്പോൾ മാതാപിതാക്കൾ അതീവ ശ്രദ്ധ പുലർത്തണമെന്ന് അധികൃതർ ഓർമിപ്പിച്ചു.