കൊല്ലം: കൊല്ലത്ത് സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ വാഹനം പാര്‍ക്ക് ചെയ്തതിനെ ചൊല്ലി കയ്യാങ്കളി. കാറിന് കുറുകെയിട്ട വാഹനം മാറ്റുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ആര്‍ടി ഓഫീസില്‍ എത്തിയവരും അഭിഭാഷകരും തമ്മിലായിരുന്നു കയ്യാങ്കളി. ഇന്ന് ഉച്ചക്കാണ് സംഭവം നടന്നത്. അഭിഭാഷകര്‍ കൂട്ടം ചേര്‍ന്ന് ഡ്രൈവറെയും തന്നെയും ആക്രമിച്ചെന്ന് കടയ്ക്കല്‍ സ്വദേശിനി ഷെമീന പരാതിപ്പെട്ടു.
എന്നാല്‍ യുവതിയും ഡ്രൈവറും ചേര്‍ന്ന് തന്നെയാണ് മര്‍ദ്ദിച്ചെന്ന് അഭിഭാഷകനായ കൃഷ്ണകുമാര്‍ പറഞ്ഞു. പരിക്കേറ്റ ഇരുവിഭാഗവും ജില്ലാ ആശുപത്രിയില്‍ ചികിത്സതേടി. ഇരുകൂട്ടരുടെയും പരാതിയില്‍ വെസ്റ്റ് പൊലീസ് കേസെടുത്തു. വിശദമായി പൊലീസ് മൊഴിരേഖപ്പെടുത്തി. അഭിഭാഷകരെ മര്‍ദിച്ചതുമായി ബന്ധപ്പെട്ട് പ്രതിഷേധത്തിന് ഒരുങ്ങുകയാണ് കൊല്ലം ബാര്‍ അസോസിയേഷന്‍.